തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് തയാറാക്കിയ പദ്ധതിയില്‍ വീടുകളുടെ നിര്‍മാണച്ചെലവ് ഇരട്ടിപ്പിച്ച് കാണിക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് ആക്ഷേപം. ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് 1000 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള വീടൊന്നിന് 30 ലക്ഷമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ചെലവ്.
ഇടതുപക്ഷം അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ പദ്ധതികളെല്ലാം നല്കി പരിപോഷിപ്പിക്കുന്ന വിവാദ നിര്‍മാണ കമ്പനി ഊരാളുങ്കലിനാണ് നിര്‍മാണച്ചുമതല. മേല്‍നോട്ടം കിഫ്ബിക്കും. വന്‍കിട നിര്‍മാണ കമ്പനികള്‍ മുതല്‍ സാധാരണ കെട്ടിട നിര്‍മാണ കമ്പനികള്‍ വരെ ലക്ഷ്വറി വീടുകള്‍ തയാറാക്കുന്നതിനുപോലും സ്‌ക്വയര്‍ ഫീറ്റിന് ശരാശരി 2000 മുതല്‍ 2500 വരെയുള്ള നിരക്കാണ് ഈടാക്കുന്നത് എന്നിരിക്കേ ടെന്‍ഡര്‍ പോലും ക്ഷണിക്കാതെ ഏകപക്ഷീയമായി വീടൊന്നിന് 30 ലക്ഷം നിരക്കില്‍ ഊരാളുങ്കലിന് കരാര്‍ ഉറപ്പിച്ചതോടെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. ഭരണപക്ഷത്തുള്ളവര്‍ക്കും ഇടനിലക്കാര്‍ക്കും കമ്മിഷന്‍ തട്ടാനുള്ള നീക്കമെന്നാണ് ഉയരുന്ന ആരോപണം. ലൈഫ്മിഷന്‍ പദ്ധതിയനുസരിച്ച് 400 സ്‌ക്വയര്‍ ഫീറ്റ് വീടുനിര്‍മാണത്തിന് നാലു ലക്ഷം രൂപയാണ് ഗുണഭോക്താവിന് ലഭിക്കുക. പട്ടികവര്‍ഗ സങ്കേതങ്ങളിലെ പട്ടികവര്‍ഗ ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷവും എന്നിരിക്കേയാണ് പുനരധിവാസം എന്ന പേരില്‍ വന്‍തുക ഈടാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.
വീട് നിര്‍മിച്ച് നല്കാമെന്ന് വാഗ്ദാനം ചെയ്‌തെത്തിയ സ്‌പോണ്‍സര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓരോ വീടിനും 30 ലക്ഷം ചെലവുണ്ടാകുമെന്ന് അറിയിച്ചത്. സ്‌പോണ്‍സര്‍മാരായി എത്തിയവരെല്ലാം പരമാവധി 15 ലക്ഷം രൂപയാണ് നിര്‍മാണച്ചെലവായി കണക്കാക്കിയിരുന്നത്. 30 സ്‌പോണ്‍സര്‍മാരാണ് വാഗ്ദാനവുമായി വന്നിരിക്കുന്നത്. 30 ലക്ഷം എന്നത് അപ്രയോഗികമാണെന്ന് ചില സ്‌പോണ്‍സര്‍മാര്‍ അറിയിച്ചതോടെ 25 ലക്ഷമായി കുറയുമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പുനരധിവാസത്തിന്റെ മറവില്‍ വ്യക്തമായ കണക്കില്ലാതെ ഊരാളുങ്കലിന് പണം വാരിക്കോരി നല്കുകയാണ് ലക്ഷ്യമെന്ന ആരോപണം ശക്തമായി.
ടൗണ്‍ഷിപ്പില്‍ അഞ്ചു സെന്റ് സ്ഥലവും വീടും മാത്രം നല്കുമെന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി ദുരന്ത ബാധിതര്‍ രംഗത്തെത്തി. കല്‍പ്പറ്റ ടൗണിലെ ബൈപാസിനോട് ചേര്‍ന്നുള്ള എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും വീടും നെടുമ്പാലയില്‍ 10 സെന്റും വീടും നല്കാനാണ് നിലവിലെ തീരുമാനം. ഇരു സ്ഥലത്തെയും ഭൂമി വിലയിലുള്ള വ്യത്യാസം കണക്കിലെടുത്താണിത്. ദുരന്തമുണ്ടായി അഞ്ച് മാസം കഴിഞ്ഞിട്ടും പൂര്‍ണമായ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാന്‍ സാധിക്കാത്തതിനെതിരേയും വിമര്‍ശനമുണ്ട്. 25നകം പട്ടിക പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യ പട്ടികയില്‍ 388 പേരുകളേ ഉള്‍പ്പെട്ടിരുന്നുള്ളൂ. അതില്‍ തന്നെ പലതും ആവര്‍ത്തനമായിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് ആക്ഷേപങ്ങള്‍ പരിഹരിച്ച് പുതിയ പട്ടിക പുറത്തിറക്കുമെന്ന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: