ചെന്നൈ: ആളില്ലാ അന്തര്‍വാഹിനിയുടെ വിന്യാസത്തിലൂടെ ആഴക്കടലില്‍ സജീവ ജലവൈദ്യുത ദ്വാരങ്ങള്‍ ഭാരതീയ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ അടിത്തട്ടില്‍ 4500 മീറ്റര്‍ താഴെയാണിത്. ആഴക്കടല്‍ ഖനനത്തിലും ഗവേഷണത്തിലും ഭാരതത്തിന്റെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതാണ് കണ്ടെത്തല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയിലെ (എന്‍ഐഒടി) ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍.
ടെക്റ്റോണിക് പ്ലേറ്റുകള്‍ വ്യതിചലിക്കുന്ന തീവ്രമായ അഗ്നിപര്‍വത മേഖലകളില്‍, സമുദ്രത്തിന്റെ മധ്യഭാഗത്തുള്ള വരമ്പുകളില്‍ രൂപം കൊള്ളുന്ന ചൂട് ജലപ്രവാഹമാണ് ഹൈഡ്രോതെര്‍മല്‍ വെന്റുകള്‍. സമുദ്രജലം അടിത്തട്ടിലെ ഈ വിള്ളലുകളിലേക്ക് ഒലിച്ചിറങ്ങുകയും അവിടെ അത് അടിയിലുള്ള മാഗ്മയാല്‍ ചൂടാക്കപ്പെടുകയും ചെയ്യും. ധാതുക്കളാല്‍ നിറഞ്ഞ, അമിതമായി ചൂടായ ഈ വെള്ളം, പിന്നീട് പൊട്ടിത്തെറിച്ച് ധാതുസമ്പന്നമായ ദ്രാവക ശ്രേണി സൃഷ്ടിക്കും.
ചെമ്പ്, സിങ്ക്, സ്വര്‍ണം, വെള്ളി, അപൂര്‍വ മൂലകങ്ങള്‍ തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ വന്‍ശേഖരമാണ് ഇതിലുണ്ടാവുക. ഈ ഹൈഡ്രോതെര്‍മല്‍ വെന്റുകളുടെ കണ്ടെത്തല്‍ ഭാരതീയ ശാസ്ത്രജ്ഞര്‍ക്ക് സവിശേഷ ആവാസവ്യവസ്ഥകളെക്കുറിച്ച് പഠിക്കാനും അവയുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കാനുംഉപകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: