ഢാക്ക: ബംഗ്ലാദേശിലെ ഇസ്ലാമിക സര്‍ക്കാര്‍ തടവിലടച്ച ഹിന്ദു സംന്യാസി ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ ബംഗ്ലാദേശ് കോടതി വീണ്ടും തള്ളി. മൂന്നാം തവണയാണ് ചതോഗ്രാം കോടതി ഹര്‍ജി തള്ളുന്നത്.
അപൂര്‍ബകുമാര്‍ ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ 11 പേരടങ്ങുന്ന സുപ്രീം കോടതി അഭിഭാഷക സംഘം ചിന്മയ് കൃഷ്ണദാസിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നു. അരമണിക്കൂറോളം വാദം കേട്ട ചതോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി മുഹമദ് സെയ്ഫുള്‍ ഇസ്ലാം ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ 39 ദിവസമായി അദ്ദേഹം തടവിലാണ്. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്.
അതിനിടെ ചിന്മയ് കൃഷ്ണദാസിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്ക തുടരുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായെന്നും ശരിയായ ചികിത്സ നല്കുന്നില്ലെന്നും ബംഗാളി ഹിന്ദു സംഘടനയായ ബംഗ്ലാദേശ് ഷോമിലിറ്റോ സനാതന്‍ ജാഗരണ്‍ ജോട്ടെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ജയിലില്‍ നിന്നും രണ്ട് തവണ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കാര്യമായ ചികിത്സ നല്കിയില്ല. പ്രമേഹം, ആസ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ ചിന്മയ് കൃഷ്ണദാസിന് ഉണ്ടായിരുന്നു. ജയിലില്‍ കഴിയവെ സ്ഥിതി വഷളാകുകയായിരുന്നു.
ഡിസംബര്‍ മൂന്നിന് അഭിഭാഷകന്‍ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. ജാമ്യാപേക്ഷ തള്ളിയത് ദൗര്‍ഭാഗ്യകരമാണെന്നും എന്തുകൊണ്ടാണ് ഹര്‍ജി നിരസിച്ചതെന്ന് പരിശോധിക്കുമെന്നും ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് പറഞ്ഞു.
ബംഗ്ലാദേശിന്റെ പതാകയെ അപമാനിച്ചെന്ന് ആരോപിച്ച് ദേശവിരുദ്ധ കുറ്റം ചുമത്തി നവംബര്‍ 25നാണ് ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. ചതോഗ്രാം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നായിരുന്നു അദ്ദേഹത്തെ പോലീസ് പിടിച്ചു കൊണ്ടുപോയത്. കൂടാതെ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ച മറ്റ് ഇസ്‌കോണ്‍ സംന്യാസിമാരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക