കണ്ണൂര്‍: കണ്ണൂരിലെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 35ാമത് ദേശീയ സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സാബര്‍ ടീം മത്സരത്തില്‍ സര്‍വീസസിനെ 45/40ന് തോല്‍പ്പിച്ച് മഹാരാഷ്‌ട്ര സ്വര്‍ണ മെഡല്‍ ജേതാക്കളായി. സര്‍വീസസ് വെള്ളിയും ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവ വെങ്കലവും നേടി.
പുരുഷ ഫോയില്‍ ടീം മത്സരത്തില്‍ ഹരിയാനയെ തോല്‍പിച്ച് സര്‍വീസസ് സ്വര്‍ണമെഡല്‍ നേടി. സ്‌കോര്‍ 45/31 ഹരിയാന വെള്ളിയും മണിപ്പൂര്‍, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങള്‍ വെങ്കലവും നേടി. വനിതാ എപ്പി ടീമിനത്തില്‍ ഹരിയാന ജേതാക്കളായി സ്വര്‍ണം നേടി. സ്‌കോര്‍ 45/41. മണിപ്പൂര്‍ വെള്ളിയും മഹാരാഷ്‌ട്ര , ചണ്ഡീഗഡ് എന്നിവ വെങ്കലവും നേടി.
ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. സമാപന സമ്മേളനം വൈകിട്ട് നാലിന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായി. സീനിയര്‍ പുരുഷ വിഭാഗം സാബെര്‍, ഫോയില്‍ മത്സരങ്ങളില്‍ കേരള പുരുഷ ടീം പ്രീക്വാര്‍ട്ടറില്‍ പുറത്തായി. എപ്പി ഇനത്തില്‍ കേരള വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയോട് തോറ്റു പുറത്തായി. വെള്ളിയാഴ്ച വനിതകളുടെ ഫോയില്‍, സേബര്‍, പുരുഷന്‍മാരുടെ എപ്പി ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കും. വെള്ളിയാഴ്ച കേരള വനിതകള്‍ ഫോയില്‍, സാബെര്‍ ഇനങ്ങളിലും കേരള പുരുഷന്മാര്‍ എപ്പി ഇനത്തിലും മത്സരിക്കും.
സര്‍വീസസ് ഉള്‍പ്പെടെ ആകെ 28 സംസ്ഥാന, കേന്ദ്രഭരണ പ്രദേശ ടീമുകളുടെ 168 ഗ്രൂപ്പുകളാണ് മത്സര രംഗത്തുള്ളത്. കേരളത്തില്‍ നിന്ന് നാലുപേര്‍ വീതമുള്ള ആറ് ഗ്രൂപ്പുകളാണുള്ളത്. വ്യക്തിഗത മത്സരങ്ങളില്‍ ഉയര്‍ന്ന റാങ്കുള്ള മത്സരാര്‍ഥികളെയാണ് ഗ്രൂപ്പ് തലങ്ങളിലേക്ക് തിരഞ്ഞെടുത്തത്. രാവിലെ ഒമ്പത് മണി മുതല്‍ ഏഴ് മണി വരെയാണ് മത്സര സമയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: