ബംഗളുരു : മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എസ് ജയചന്ദ്രന് നായര്‍(85) അന്തരിച്ചു.എഴുത്തുകാരന്, തിരക്കഥാകൃത്ത്, നിരൂപകന് എന്നീ നിലകളിലും തിളങ്ങിയ എസ് ജയചന്ദ്രന് നായരുടെ മരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു.സംസ്കാരം ഇന്ന് ബംഗളൂരുവില്‍ നടക്കും.
തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ എസ് ജയചന്ദ്രന് നായര്‍ ദീര്‍ഘകാലം കലാകൗമുദി, സമകാലികം വാരികകളുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങളുടെ രചയിതാവാണ്.ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികള്‍’ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും തിരക്കഥയും ഒരുക്കിയത് ജയചന്ദ്രന് നായരാണ്.
കെ ബാലകൃഷ്ണന്റെ കൗമുദിയില്‍ 1957 ല്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ ജയചന്ദ്രന് നായര്‍ മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവര്‍ത്തിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ മികവ് തെളിയിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997ല്‍ ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോള്‍ അതിന്റെ പത്രാധിപരായി.
എം ടിയുടെ രണ്ടാമൂഴം കലാകൗമുദി പ്രസിദ്ധീകരിച്ചത് ജയചന്ദ്രന് നായര്‍ പത്രാധിപര്‍ ആയിരിക്കുമ്പോഴാണ്.
എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍, പുഴകളും കടലും എന്നീ കൃതികളുടെ രചയിതാവാണ്. പത്രപ്രവര്‍ത്തന മികവിന് കെ ബാലകൃഷ്ണന് അവാര്‍ഡ്, കെ സി സബാസ്റ്റ്യന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, കെ വിജയരാഘവന് സ്മാരക പുരസ്കാരം, സി.എച്ച്. മുഹമ്മദ് കോയ ജേണലിസം അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.
2012 ല്‍ മലയാളം വാരികയുടെ പത്രാധിപ സ്ഥാനം ഒഴിഞ്ഞ ശേഷം ബംഗളൂരുവില്‍ മകള്‍ക്കും ഭാര്യക്കും ഒപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. ഇംഗ്ലണ്ടില്‍ ഡോക്ടറായ ഡോ. ജയ്ദീപും സോഫ്റ്റ്വെയര് എന്‍ജിനീയറായ ദീപയുമാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: