കൊല്ലം: പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. നായ്‌ക്കളുടെ കടിയോ പൂച്ചയുടെ മാന്തലോ കിട്ടിയാല്‍ പേവിഷ പ്രതിരോധ കുത്തിവെപ്പിന് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത സ്ഥിതിയാണുള്ള. അതേസമയം ഈ കുത്തിവെപ്പിന് സ്വകാര്യ ആശുപത്രികള്‍ വലിയ തുകയാണ് ഈടാക്കുന്നത്.
സ്വകാര്യ ആശുപത്രികളിലും മെഡിക്കല്‍ ഷോപ്പുകളിലും കുത്തിവെപ്പിനുള്ള മരുന്നിന് മുറിവിന്റെ ആഴത്തിനനുസരിച്ച് ഒരു ഡോസിന് 350 മുതല്‍ 2,110 വരെ വിലയാകും.
ഇത്തരത്തില്‍ നാലോ അഞ്ചോ കുത്തിവെപ്പാണ് വേണ്ടിവരിക. ഐഡിആര്‍വി എന്ന കുത്തിവെപ്പാണ് പേവിഷബാധക്കെതിരെ നല്‍കുന്നത്. കൂടുതല്‍ രക്തംവരികയോ ആഴത്തിലുള്ളതോ ആയ മുറിവാണെങ്കില്‍ എആര്‍എസ് കുത്തിവെപ്പ് വേണ്ടിവരും. ജില്ലയില്‍ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും മാത്രമാണ് ഇപ്പോള്‍ കുത്തിവെപ്പുള്ളത്.
താലൂക്ക് ആശുപത്രികളില്‍ പരിമിത സ്റ്റോക്ക് ആണുള്ളത്. പല ആശുപത്രികളിലും ഉണ്ടോ ഇല്ലയോയെന്ന് സ്ഥിരീകരണവുമില്ല. കൊല്ലം ജില്ലാ ആശുപത്രിയില്‍ 500 കുത്തിവെപ്പിനുള്ള മരുന്നേ സ്റ്റോക്കുള്ളൂ. മെഡിക്കല്‍ സ്റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. നായ്‌ക്കളുടെയും മറ്റും കടിയേറ്റ് എത്തുന്നവരെ താലൂക്ക് ആശുപത്രികളില്‍ നിന്നും ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണെന്നാണ് രോഗികള്‍ പറയുന്നത്.
ഐഡിആര്‍വി കുത്തിവെപ്പിന് 380 രൂപയാണ് ഈടാക്കുന്നത്. മെഡിക്കല്‍ ഷോപ്പുകളില്‍ 350 രൂപയ്‌ക്ക് കിട്ടുന്ന ഈ മരുന്ന് വാങ്ങിക്കൊടുക്കയാണെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പ് എടുത്തുകൊടുക്കുന്നുണ്ട്. നാലുപേര്‍ക്ക് എടുക്കാവുന്ന ഒരു ഡോസായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെപ്പിനുള്ള മരുന്നെത്തിക്കുന്നത്. ഇത് പൊട്ടിച്ചാല്‍ ആ ദിവസംതന്നെ ഉപയോഗിക്കണം. നായയുടെ കടിയേറ്റാല്‍ ആദ്യ കുത്തിവെപ്പ് ഏതുസമയത്തും നല്‍കും. പിന്നീടുള്ള കുത്തിവെപ്പുകള്‍ നിശ്ചിത ദിവസങ്ങളിലാണ് നല്‍കുക. ഇത് കൃത്യമായി എടുക്കണം. തുടര്‍ കുത്തിവെപ്പ് മുടക്കിയാല്‍ ഫലംകിട്ടില്ല. വീണ്ടും ആദ്യ കുത്തിവെപ്പ് മുതല്‍ തുടങ്ങണം. തുടര്‍ കുത്തിവെപ്പ് മുടങ്ങാതിരിക്കാനായി നെട്ടോട്ടമോടുകയാണ് പലരും.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് എത്തിക്കുക. മുന്‍ വര്‍ഷങ്ങളില്‍ ഉപയോഗിച്ച അളവിന്റെ 10 ശതമാനം കൂടുതല്‍ ആവശ്യപ്പെടുന്നതാണ് രീതി. പേവിഷബാധയേറ്റ കേസുകള്‍ കുറവായിരുന്നെന്നും ഇക്കൊല്ലം കേസുകള്‍ കൂടിയെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മരുന്ന് വാങ്ങിക്കൂട്ടുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: