ശിവഗിരിയിലെ പുണ്യഭൂമിയില്‍ നിന്നുകൊണ്ടു ശ്രീനാരായണ ഗുരുദേവനേയും സനാതന ധര്‍മത്തേയും അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന്, പൊറുക്കാനാവാത്ത അപരാധമാണ് ഗുരുദേവനോടും ഹിന്ദു സമൂഹത്തോടും ചെയ്തത്. ഇത്തരം ആധ്യാത്മിക സദസ്സുകളില്‍ സംസാരിക്കുമ്പോഴെങ്കിലും നിലവാരം പുലര്‍ത്താനുള്ള മാന്യതയും മര്യാദയും, സംസ്ഥാനം ഭരിക്കുന്ന നേതാവ് കാണിക്കേണ്ടതായിരുന്നു. അത്തരം മര്യാദയൊന്നും തന്നില്‍ നിന്നോ താന്‍ നയിക്കുന്ന സര്‍ക്കാരില്‍ നിന്നോ പ്രതീക്ഷിക്കേണ്ടെന്ന് പിണറായിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും പലതവണ തെളിയിച്ചതാണെങ്കിലും ഒരു മുഖ്യമന്ത്രിയില്‍ നിന്നു ജനസമൂഹം പ്രതീക്ഷിക്കുന്ന ചില കുറഞ്ഞമൂല്യങ്ങളെങ്കിലുമുണ്ടല്ലോ. അതുപോലും പാലിക്കാന്‍ താന്‍ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഫലത്തില്‍ ഈ പ്രസംഗം. ഹൈന്ദവ സമൂഹത്തെ ആഴത്തില്‍ മുറിവേല്പിച്ച ശബരിമല പ്രശ്നവും ഗുരുവായൂരിലേയും തൃശൂര്‍പൂരത്തിലേയും അടക്കമുള്ള ഹൈന്ദവവിരുദ്ധ നടപടികളും ഓര്‍മപ്പെടുത്തി മുറിവില്‍ കുത്തുന്ന നടപടിയായിരുന്നു ഇത്. അതിന് ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനംപോലൊരു വേദി തെരഞ്ഞെടുത്തത് അനുചിതമായി എന്നു തോന്നാമെങ്കിലും ഔചിത്യത്തേക്കുറിച്ച് അറിയാത്തവരോട് അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ. മുഖ്യമന്ത്രിക്കസേര നല്കുന്ന അധികാരത്തെക്കുറിച്ചല്ലാതെ, അതിന്റെ മഹത്വത്തേക്കുറിച്ചു തെല്ലും ബോധം അത്തരക്കാരുടെ മനസ്സില്‍ ഒരിക്കലും ഉണ്ടാകില്ല. താന്‍ ഭരിക്കുന്ന ജനസമൂഹത്തോടല്ല, തനിക്ക് വോട്ടുചെയ്തവരോടെങ്കിലും പ്രതിബദ്ധതയുള്ള ഒരു മുഖ്യമന്ത്രിക്കും ഇത്തരത്തില്‍ തരംതാഴാനാവില്ല. സനാതത ധര്‍മത്തേയും ഹൈന്ദവ സംസ്കാരത്തേയും എതിര്‍ക്കുന്നവരുടെ മാത്രം വോട്ടുകൊണ്ടല്ലല്ലോ പാര്‍ട്ടി അധികാരത്തില്‍ വന്നത്.
സനാതന ധര്‍മത്തെ വ്യാഖ്യാനിക്കാനുള്ള വിവരവും ചിന്താശക്തിയും മുഖ്യമന്ത്രി അടക്കമുള്ള സഖാക്കള്‍ക്കൊന്നും ഇല്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാം. ആ ധര്‍മത്തെ പഠിച്ചു മഥനം ചെയ്ത് ഉള്‍ക്കൊണ്ട്, അതു സാധാരണക്കാര്‍ക്കു മനസ്സിലാകും വിധം വ്യാഖ്യാനിച്ചു തന്ന മഹദ് വ്യക്തിയാണ് ഗുരുദേവന്. അതുകൊണ്ടുതന്നെ വിശ്വാസികള്‍ അദ്ദേഹത്തെ ഗുരുവായും ദേവനായും അവതാരപുരുഷനായും ആരാധിക്കുകയും ചെയ്യുന്നു. അജ്ഞതയില്‍ പൊതിഞ്ഞ സ്വാര്‍ഥബുദ്ധികൊണ്ട് അതിനെ മറയ്ക്കാമെന്നു കരുതുന്നതു വെറും മൂഢത്വമാണ്. സനാതന ധര്‍മത്തെ വികലമായി വ്യാഖ്യാനിച്ചാല്‍ അതിനെ ഇല്ലായ്മചെയ്യാമെന്നതും വ്യാമോഹം മാത്രമാണ്. സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന സംസ്കാരത്തേയും വിശ്വാസത്തേയും മുറംകൊണ്ടുമൂടാനുള്ള വിഫലശ്രമമാണിത്. കാലം കഴുകിക്കളഞ്ഞ ചില ആചാര വൈകല്യങ്ങളെ ചൂണ്ടിക്കാട്ടി അതാണു സനാതന സംസ്കാരം എന്നു വ്യാഖ്യാനിക്കുന്നത് വിഘടിപ്പിച്ചു സ്വന്തംകാര്യം കാണാനുള്ള തന്ത്രമാണെന്നു അനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ജനതയെയാണ് താന്‍ ഭരിക്കുന്നതെന്നു മുഖ്യമന്ത്രി ഇനിയെങ്കിലും തിരിച്ചറിയണം. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്നു പ്രസംഗിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റേയും ഹൈന്ദവ സംസ്കാരത്തെ തകര്‍ക്കുമെന്നു പ്രഖ്യാപിക്കുന്ന ഇസ്ലാം തീവ്രവാദികളുടേയും ഹിന്ദുത്വം വെറുക്കപ്പെടേണ്ടതാണെന്നും പൊളിറ്റിക്കല്‍ ഇസ്ലാമാണ് സ്വീകരിക്കപ്പെടേണ്ടതെന്നും പറയുന്ന കപട ബുദ്ധിജീവികളുടേയും ശബ്ദമാണ് പിണറായിയുടെ നാവിലൂടെയും വരുന്നത്.
ലോകത്തെമുഴുവന്‍ സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന ഹൈന്ദവ ധര്‍മത്തെ അവഹേളിക്കുകയും മതത്തിന്റെ പേരില്‍ കൂട്ടക്കൊലയ്ക്ക് ആഹ്വാനം ചെയ്യുന്ന വിശ്വാസത്തെ പുല്കുകയും ചെയ്യുന്ന വൈചിത്ര്യം ഇനി ഏറെക്കാലം ഈ നാട്ടില്‍ ചെലവാകാന്‍ പോകുന്നില്ലെന്ന് ഇത്തരക്കാര്‍ തിരിച്ചറിയേണ്ട കാലം വൈകി.നില്ക്കക്കള്ളിയില്ലാത്തവരുടെ ഗതികെട്ട ജല്പനങ്ങളായി വേണം പിണറായിയുടെ വാക്കുകളെ വ്യാഖ്യാനിക്കാന്‍. ഒലിച്ചു പോകുന്ന പാര്‍ട്ടിയെ പിടിച്ചുനിര്‍ത്താന്‍ വിവാദങ്ങള്കൊണ്ടു ചിറകെട്ടാനുള്ള ശ്രമം. ആശയക്കുഴപ്പമുണ്ടാക്കി കാര്യം കാണുന്നതാണല്ലോ കമ്യൂണിസ്റ്റ് പ്രവര്‍ത്തന രീതി. തനി നാടന്‍ ഭാഷയില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്നു പറയാം. ഇവിടെയിപ്പോള്‍, മീന്‍പിടിക്കാന്‍ വേണ്ടി വെള്ളം കലക്കുന്ന തിരക്കിലാണ് മുഖ്യമന്ത്രി. കുറെ ഏറെ വെള്ളം കലക്കിയ മുന്‍ അനുഭവം പാര്‍ട്ടിക്കുണ്ടല്ലോ. ഒരേതന്ത്രം എക്കാലത്തും ഒരുപോലെ ഫലംതരില്ലെന്ന് പാര്‍ട്ടി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തലമുറകള്‍ പലതുമാറി. ക്യാപ്സ്യൂളുകള് ഫലിക്കാതായി. കുതന്ത്രങ്ങള്‍ക്കും മുനമടങ്ങിത്തുടങ്ങി. ഹൈന്ദവര്‍ എക്കാലത്തും തങ്ങളുടെ അടിമകളായിരിക്കുമെന്ന ചിന്തയും പാളിപ്പോകുന്നു. നിവൃത്തികേടുമൂലം, വെള്ളം കലക്കി മീന്‍ പിടിക്കുന്നതിനു പകരം വിഷം കലക്കി മീന്‍പിടിക്കാനാണ് ശ്രമം. ആ തന്ത്രങ്ങള്‍ പൂര്‍ണമായും അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. കാര്യംകാണാന്‍ അദ്ധ്യാത്മികാചാര്യന്മാരെയും മഹത്തായ ദര്‍ശനത്തെയും അപമാനിക്കുന്നത് നിന്ദ്യമാണ്. കാലങ്ങളായി ഇടതു രാഷ്ട്രീയക്കാര്‍ തുടരുന്ന ഹിന്ദു വിരുദ്ധ നീക്കങ്ങളുടെ ഏറ്റവും നീചമായ രൂപമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: