കൊച്ചി: വയലാറും ദേവരാജനും ഒരാളുടെ പേരിന്റെ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് വിശ്വസിച്ചിരുന്ന ഡിവൈഎസ് പി റാങ്കിലുള്ള ഒരു പൊലീസുദ്യോഗസ്ഥനെ തനിക്ക് അറിയാമെന്ന് ജയരാജ് വാര്യര്‍. ഒരു വയലാര്‍ അനുസ്മരണച്ചടങ്ങിനിടെയായിരുന്നു ജയരാജ് ഈ തമാശ പൊട്ടിച്ചത്.
വയലാര്‍ രവി എന്നതുപോലെ വയലാര്‍ ദേവരാജനും ഒരാളാണെന്നാണ് അദ്ദേഹം ധരിച്ചിരുന്നു. “അയാള്‍ റേഡിയോ കേള്‍ക്കുന്നയാളാണ്. അതില്‍ അനൗണ്‍സ് മെന്‍റ് ഇങ്ങിനെയാണ് വരിക- അടുത്തത് ‘അഗ്നിമൃഗം’ ഈ സിനിമയിലെ ഗാനം ആലപിക്കുന്നത് യേശുദാസ്. സംഗീതം വയലാര്‍ ദേവരാജന്‍. ഇങ്ങിനെ റേഡിയോ അനൗണ്‍സ് മെന്‍റ് കേട്ടപ്പോള്‍ അയാള്‍ വിചാരിച്ചത് രണ്ടും ഒരാള്‍ തന്നെയാണെന്നാണ്.”- ജയരാജ് വാര്യര്‍ പറയുന്നു.
“2006ല്‍ ദേവരാജന്‍ മാസ്റ്റര്‍ അന്തരിച്ചപ്പോഴാണ് അദ്ദേഹം എന്നെ വിളിച്ചത്. അത് ശരി അപ്പോ 1975ല്‍ മരിച്ചത് ആരാണ്? അത് വയലാറാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോ ഇപ്പോള്‍ മരിച്ചതോ? അത് ദേവരാജന്‍ മാസ്റ്ററാണെന്നും ഞാന്‍ പറഞ്ഞു. അപ്പോ വയലാറും ദേവരാജനും ഒരാളല്ലേ? രണ്ടും ഒരാളാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്..”- ഡിവൈഎസ് പി റാങ്കിലുള്ള പൊലീസുകാരന്‍ പറഞ്ഞത് ഓര്‍മ്മിച്ച് കൊണ്ട് ജയരാജ് വാര്യര്‍ പറയുന്നു. ഇയാള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും താന്‍ പേര് പറയില്ലെന്നും ജയരാജ് വാര്യര്‍ പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരി.
“വയലാറിന്റെ പകുതി എന്ന് പറഞ്ഞാല്‍ ദേവരാജന്‍മാസ്റ്ററാണ്. വയലാറിന്റെ മകന്‍ ശരത് ചന്ദ്ര വര്‍മ്മ പറഞ്ഞത് ദേവരാജന്‍ മാസ്റ്ററുടെ മരണത്തോടെയാണ് എന്റെ അച്ഛന്റെ മരണം പൂര്‍ത്തിയാകുന്നത് എന്നാണ്. “- ജയരാജ് വാര്യര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: