ദുബായ്: സങ്കൽപ്പിക്കാവുന്നതിലും അതിഗംഭീരമായ രീതിയിലാണ് ഇത്തവണ യുഎഇ ന്യൂഇയർ ആഘോഷിച്ചത്. പ്രധാനമായും സ്വപ്ന നഗരിയായ ദുബായ് അക്ഷരാർത്ഥത്തിൽ പുതുവർഷ ആഘോഷം സംഘടിപ്പിച്ചത് ഏവരെയും ഞെട്ടിച്ച് കൊണ്ടാണ്. എല്ലാ വർഷവും പുതുവത്സര രാവിൽ നൂറുകണക്കിന് ആളുകളാണ് ദുബായിലെ പ്രധാന ആകർഷണ കേന്ദ്രമായ ബുർജ് ഖലീഫയിൽ നടക്കുന്ന ലൈറ്റ് ഷോ പ്രകടനങ്ങൾക്കായി കാത്തിരിക്കുക. ഇത്തവണയും അത് ഏവരെയും വിസ്മയിപ്പിച്ച് നടന്നു. എല്ലാവരേയും അതിശയിപ്പിക്കുന്ന ഷോയാണ് ഇത്തവണ സംഘടിപ്പിച്ചത്.
ക്ലോക്ക് 12 അടിച്ച് ലോകം 2025-നെ സ്വാഗതം ചെയ്തപ്പോൾ ബുർജ് ഖലീഫ അതിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതുവത്സരാഘോഷത്തിന്റെ ലൈറ്റ് ഷോ പ്രകടനങ്ങളുമായി വേദിയിലെത്തി. ബുർജ് ഖലീഫ അതിന്റെ അതിശയകരമായ ലേസർ, ലൈറ്റ് ഷോയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.
വീഡിയോയ്ക്കൊപ്പം, അടിക്കുറിപ്പ് ഇങ്ങനെ ആയിരുന്നു. “2025-ൽ ബുർജ് ഖലീഫയിൽ ഒരു ഗംഭീര ഷോ. അവിസ്മരണീയമായ പടക്കം പൊട്ടിച്ച് പുതുവർഷത്തെ വരവേറ്റപ്പോൾ ആകാശം തിളങ്ങി. ദുബായിയുടെ ആത്മാവിനെ പിടിച്ചടക്കിയ ശുദ്ധമായ മായാജാലത്തിന്റെ ഒരു നിമിഷമായിരുന്നു അത് – ഊർജ്ജസ്വലവും, ധീരവും, ജീവനുള്ളതും. എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു!”.
https://www.instagram.com/p/DEQjHeazNI3/?utm_source=ig_embed&utm_campaign=embed_video_watch_again
അപ്ലോഡ് ചെയ്തതിന് ശേഷം വീഡിയോ ഇൻസ്റ്റാഗ്രാമിൽ മൂന്ന് ലക്ഷത്തിലധികം പേരാണ് കണ്ടത്. ലോകമെമ്പാടുമുള്ള ടീമുകൾ സാങ്കേതിക വിദ്യയെ കലാപരമായ നിലവാരവുമായി സംയോജിപ്പിച്ച് പ്രവർത്തിപ്പിച്ചതിനാൽ ഷോ ഗംഭീരമായിട്ടാണ് നടന്നത്. ഈ പുതുവത്സരാഘോഷത്തിനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. 11 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 110-ലധികം പ്രൊഫഷണലുകൾ ഈ ശ്രദ്ധേയമായ ഷോ സൃഷ്ടിക്കാൻ എത്തിയിരുന്നു. 15,600-ലധികം പൈറോടെക്നിക് ഘടകങ്ങളും 200 അത്യാധുനിക ലൈറ്റ് ബീമുകളും ലേസറുകളുമാണ് ബുർജ് ഖലീഫയെ പ്രകാശിപ്പിക്കാൻ ഉപയോഗിച്ചത്.
ഈ ഷോയുടെ വീഡിയോ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തു. “ഞങ്ങൾ പുതുവർഷത്തെ സ്വാഗതം ചെയ്യുമ്പോൾ, നമ്മുടെ രാജ്യത്തിനും ലോകത്തിനും നന്മയും അനുഗ്രഹവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷമാക്കാൻ ഞങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. നമ്മുടെ നേതൃത്വത്തോടും ജനങ്ങളോടുമുള്ള പ്രതിജ്ഞ പുതുക്കാനുള്ള സമയമാണിത്, ദുബായ് ആഗോളതലത്തിൽ മികവിന്റെ പ്രതീകമായി തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള നിശ്ചയദാർഢ്യത്തോടെ സ്വയം സമർപ്പിക്കുന്നു, യുഎഇ അതിന്റെ പുരോഗതിയും കാഴ്ചപ്പാടും പരിധിയില്ലാത്ത സാധ്യതകളും കൊണ്ട് ലോകത്തെ പ്രചോദിപ്പിക്കുന്നത് തുടരുന്നു. ”-വീഡിയോയ്ക്കൊപ്പം ഹംദാൻ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: