കൊച്ചി: എപ്പോഴും കേള്‍ക്കുന്ന ഒരു ചോദ്യമുണ്ട് വയലാറാണോ പി.ഭാസ്കരനാണോ നല്ല ഗാനരചയിതാവ് എന്ന ചോദ്യം. ഇതിന് ഒരു മറുപടിയേയുള്ളൂ. തൃശൂര്‍ക്കാരനായ എന്നോട് തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടിയാണോ പാറമേക്കാവാണോ നല്ലത് എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരം പറയാനാവില്ല. വാസ്തവത്തില്‍ ഒരു ദിവസം വേണമെങ്കില്‍ വയലാറിനെ എഴുന്നെള്ളിക്കാം. മറ്റൊരു ദിവസം പകല്‍ വേണമെങ്കില്‍ ഭാസ്കരന്‍മാസ്റ്ററെ എഴുന്നെള്ളിക്കാം. വാസ്തവത്തില്‍ രണ്ടു പേരും രണ്ട് കണ്ണുകളാണ്. ഇതില്‍ ഏത് കണ്ണാണ് മികച്ചത് എന്ന് ചോദിക്കാനാവുമോ?- ജയരാജ് വാര്യര്‍ പറയുന്നു. ഒരു വയലാര്‍ അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
രണ്ടു പേരും നമുക്ക് നല്‍കിയ കവിതകളും പാട്ടുകളും തന്നെയാണ് എന്റെ ഞരമ്പുകളില്‍ ഇപ്പോഴും ഓടുന്നത്. കണ്ടെയ്നര്‍ റോഡില്‍ വാഹനക്കുരുക്കില്‍ കിടന്നാല്‍ സാധാരണ എനിക്ക് ബോറടിക്കും. പക്ഷെ ഇന്ന് വയലാറിനെക്കുറിച്ചുള്ള ഹരി ഏറ്റുമാനൂരിന്റെ പ്രസംഗം കേട്ടിരുന്നപ്പോള്‍ ആ ബോറടിക്കേണ്ട സമയം മുഴുവന്‍ ആസ്വാദ്യകരമായി മാറി. കുട്ടിക്കാലത്ത് ഞാന്‍ കേട്ട ഓടയില്‍ നിന്ന് എന്ന സിനിമയില്‍ നിന്നുള്ള പാട്ട് അമ്മേ അമ്മേ അമ്മേ….നമ്മുടെ അമ്പിളിയമ്മാവന്‍ എപ്പവരും? അമ്പിളിത്താരകക്കുഞ്ഞിന്റെ കൂടെ അത്താഴമുണ്ണാന്‍ എപ്പൊവരും? എന്ന വയലാര്‍ ഗാനം. പിന്നെ രണ്ട് വയസ്സ് കൂടിയപ്പോള്‍ സ്വപ്നങ്ങളെക്കുറിച്ചുള്ള വയലാറിന്റെ പാട്ട് കേട്ടു.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ കൂട്ടുകാരന്‍ എന്നെ തല്ലിയപ്പോള്‍ ഞാന്‍ ശരിക്കും ഒരു പാട്ട് കേട്ടു. അന്നത്തെ വേദനയോടെ പാടം കടന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പഞ്ചായത്ത് റേഡിയോയില്‍ നിന്നും “ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിരമനോഹര ചന്ദ്രികെ നിന്റെ കനകവിമാനത്തില്‍ ഞാനൊരു വര്‍ണ്ണഭൃംഗമായി പറന്നോട്ടെ….” എന്ന ഗാനം. നീരാട്ടിനിറങ്ങുമ്പോള്‍ നൂറുനൂറോളങ്ങള്‍ നിന്നെ പുണരുമ്പോള്‍ കോരിത്തരിക്കുന്ന എന്റെ മലയാളത്തിന്റെ കുളിരില്‍ ഞാനലിഞ്ഞോട്ടെ…” ഈ പാട്ടില്‍ അലിഞ്ഞപ്പോള്‍ ഞാന്‍ ഇല്ലാതായി. എന്റെ കൂട്ടുകാരന്‍ തല്ലിയതും അതിന്റെ വേദനയും ഞാന്‍ മറന്നു. ചേട്ടനോട് ഈ ഗാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എന്നോട് ജ്യേഷ്ഠന്‍ പറഞ്ഞു “നീ വായിച്ചുതുടങ്ങ് അപ്പോള്‍ കാര്യം മനസ്സിലാകും..” അങ്ങിനെയാണ് ഞാന്‍ വായനശാലയുടെ വാതില്‍ക്കല്‍ എത്തിയത്. വായനക്കാരനായി മാറിയത്. – ജയരാജ് വാര്യര്‍ പറയുന്നു.
വയലാര്‍ ഗഗനചാരിയാണ്. അദ്ദേഹം ഭൂമിയില്‍ മാത്രമല്ല, ആകാശത്തും അതിനപ്പുറത്തേക്കും സഞ്ചരിക്കും. ഗന്ധര്‍വ്വലോകത്തേക്ക് കൊണ്ടുപോകും. ഭാസ്കരന്‍ മാസ്റ്റര്‍ എന്നും ഭൂമിയില്‍ നില്‍ക്കുന്ന ആളാണ്. പി.ഭാസ്കരന്‍ മാസ്റ്റര്‍ കേരളത്തിന്റെ നാട്ടിടവഴികളിലൂടെ നടന്നുപോയ ആളാണ്. ഒന്ന് വളരെ ലളിതം മറ്റേത് വളരെ ഗഹനം. പക്ഷെ രണ്ടും ഒന്നിനൊന്ന് മെച്ചം. – ജയരാജ് വാര്യര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: