കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിയില്‍ സംബന്ധിക്കാനെത്തിയപ്പോഴുണ്ടായ അപകടത്തില്‍ ഉമാ തോമസ് എം എല്‍ എയ്‌ക്ക് ഗുരുതര പരിക്കേറ്റ് സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ അഞ്ച് പേരെ പ്രതി ചേര്‍ത്തു. മൃദംഗതാളം സിഇ ഒ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. ഷമീര്‍, ജനീഷ്, കൃഷ്ണകുമാര്‍, ബെന്നി എന്നിവരാണ് രണ്ട് മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.
അറസ്റ്റിലായവരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതിപ്പട്ടിക ഉള്‍പ്പെടുത്തിയിട്ടുളളത്.
വേദി നിര്‍മിച്ചത് അശാസ്ത്രീയമായിട്ടാണ് എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സിമന്റ് കട്ടകള്‍ വെച്ചാണ് കോണ്‍ക്രീറ്റില്‍ വേദി ഉറപ്പിച്ചത്. സ്‌റ്റേജിലുള്ളവര്‍ക്ക് അപകടമില്ലാതെ നടക്കാന്‍ വഴിയില്ലാത്തവിധമാണ് കസേരകള്‍ ക്രമീകരിച്ചത്. കോര്‍പറേഷനില്‍ നിന്നടക്കം കൃത്യമായ അനുമതി വാങ്ങാതെയാണ് താല്‍ക്കാലിക സ്‌റ്റേജ് നിര്‍മിച്ചത്. അഗ്നിരക്ഷാ സേനയില്‍ നിന്നും നിയമപരമായ അനുമതി വാങ്ങിയില്ല. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നു ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നതിന്റെ സൂചനകള്‍ കണ്ട് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: