കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ മൃദംഗ വിഷന്‍ നടത്തിയ നൃത്തപരിപാടിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. പരിപാടിയില്‍ പങ്കെടുത്ത കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് കേസ്. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.
പരിപാടിക്കെത്തിയ ആയിരക്കണക്കിന് കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും സംഘാടകര്‍ ഒരുക്കിയിരുന്നില്ല. കുട്ടികളെ മണിക്കൂറുകളോളമാണ് സ്‌റ്റേഡിയത്തിന് പുറത്ത് നിര്‍ത്തിയത്. അവശരായ പല കുട്ടികള്‍ക്കും കുടിക്കാന്‍ വെള്ളം പോലും നല്‍കാനുള്ള ക്രമീകരണം സ്‌റ്റേഡിയത്തിനകത്തോ പുറത്തോ ഒരുക്കിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.
മൃദംഗനാദം പരിപാടിയില്‍ നിരവധി തട്ടിപ്പുകളാണ് നടന്നത്. നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് സ്വര്‍ണനാണയം സമ്മാനം നല്‍കുമെന്ന സംഘാടകരുടെ വാഗ്ദാനങ്ങളില്‍ നിരവധി അധ്യാപകരാണ് വീണത്. സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും നൃത്ത അധ്യാപകര്‍ കൂട്ടത്തോടെ തന്നെ കുട്ടികളെ എത്തിച്ചു. പരിപാടിയുടെ പേരില്‍ ഓരോ കുട്ടിയില്‍ നിന്നും 7000 മുതല്‍ 8000 രൂപ വരെ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
കുട്ടികളെ സാമ്പത്തികമായി കബളിപ്പിച്ചതില്‍ പ്രത്യേക അന്വേഷണം പൊലീസ് കമ്മീഷണര്‍ പ്രഖ്യാപിച്ചിട്ടുണ്ട്..പരിപാടിക്ക് വേണ്ടി 12,500 സാരികള്‍ നിര്‍മ്മിച്ചു നല്‍കിയെന്നും ഒരു സാരിക്ക് 390 രൂപ മാത്രമാണ് ഈടാക്കിയതെന്നും കല്യാണ്‍ സില്‍ക്‌സ് വെളിപ്പെടുത്തി. എന്നാല്‍ സാരി ഒന്നിന് സംഘാടകര്‍ 1600 രൂപ വാങ്ങിഎന്നും കല്യാണ്‍ സില്‍ക്‌സ് വിശദീകരിച്ചു.
അതേസമയം, കേസില്‍ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ വീണ്ടും വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പു ചുമത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: