കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വി ഐ പി ഗാലറിയില്‍ നിന്ന് ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റ അപകടത്തില്‍ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്റെയും ഓസ്കര് ഇവന്റ്സിന്റെയും ഉടമകളോട് കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം.സംഘാടകര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്.
മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയുടെ വേദിയില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചില്ലെന്നും അഗ്നിരക്ഷാ സേനയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അപകടത്തന്റെ പശ്ചാത്തലത്തില്‍ മൃദംഗ വിഷന്‍, സ്റ്റേജ് നിര്‍മാതാക്കള്‍ എന്നിവരുടെ പേരില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
ഉറപ്പുള്ള ബാരിക്കേഡുകള്‍ സ്ഥാപിക്കുക എന്നത് പ്രാഥമികസുരക്ഷ നടപടിയാണ്.സ്റ്റേജുകള്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ളതാണെങ്കില്‍ 1.2മീറ്റര്‍ ഉയരം ഉള്ള ഉറപ്പുള്ള ബാരിക്കേഡുകള്‍ വശങ്ങളില് സ്ഥാപിക്കേണ്ടതുണ്ട്. പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് ഇക്കാര്യം പരിശോധിച്ച് ഉറപ്പിക്കേണ്ടത്. കലൂരില്‍ ഇത് രണ്ടും ഉണ്ടായില്ല.
താത്കാലികമായി തയാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 15 അടി താഴ്ചയിലേക്കാണ് എംഎല്‍എ വീണത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം.
നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. നടി ദിവ്യ ഉണ്ണിയേയും നടന് സിജു വര്‍ഗീസിനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: