കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് മൃദംഗമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മൃദംഗനാദം’ മെഗാ നൃത്ത പരിപാടിയില്‍ സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണെന്ന് കല്യാണ്‍ സില്‍ക്്സ്. ന്യായവിലയും സുതാര്യമായ പ്രവര്‍ത്തന രീതികളും അവലംബിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തിയും മാനേജ്മന്റ് രേഖപ്പെടുത്തി.
മൃദംഗനാദം സംഘാടകര്‍ 12,500 സാരികള്‍ നിര്‍മ്മിച്ച് നല്കാന് വേണ്ടിയാണ് സമീപിച്ചതെന്ന് കല്യാണ്‍ മാനേജ്മന്റ് അറിയിച്ചു. ഈ പരിപാടിക്ക് മാത്രമായി രൂപകല്പന ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിച്ച് സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് കൈമാറി. എന്നാല്‍ പരിപാടിയുടെ വേദിയില്‍ ഉണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷം അറിഞ്ഞത്, സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്.ഇത്തരം വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് മാനേജ്മന്റ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു.
അതേസമയം, നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നടി ദിവ്യ ഉണ്ണിയേയും നടന് സിജു വര്‍ഗീസിനെയും ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വെളിപ്പെടുത്തി.കുട്ടികളില്‍ നിന്ന് രജിസ്ട്രേഷന് മാത്രമായി സംഘാടകര്‍ ഈടാക്കിയത് ആയിരത്തോളം രൂപയാണ്. അത് കൂടാതെ ബുക്ക് മൈ ഷോയിലടക്കം ടിക്കറ്റുകള്‍ വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: