കോവളം: 2024ന് വിടചൊല്ലി പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കോവളമടക്കമുള്ള തലസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കോവളത്തിന് പുറമെ ശംഖുംമുഖം, വേളി, വര്‍ക്കല, പൊഴിക്കര തീരത്ത് ഇന്ന് ആയിരങ്ങള്‍ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ അണിചേരും. മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചതിനാല്‍ ഇക്കൊല്ലം സര്‍ക്കാര്‍ വക ആഘോഷ പരിപാടികള്‍ ഇല്ലാതെയാണ് പുതുവര്‍ഷപ്പിറവി ആഘോഷിക്കുന്നത്.
തീരത്തെ ഉണര്‍ത്തിക്കൊണ്ടുള്ള ശിങ്കാരിമേളവും സാംസ്‌കാരിക പരിപാടികളും പുതുവര്‍ഷം പിറക്കുന്ന സൂചന നല്‍കി ആകാശത്ത് പൂത്തിരി കത്തിക്കുന്നതും സര്‍ക്കാര്‍ വകയായിരുന്നു. വിനോദസഞ്ചാരികളുടെ കണ്ണിനും കാതിനും ഇമ്പം പകര്‍ന്ന് ആഘോഷം കൊഴുപ്പിക്കാന്‍ ഇക്കുറിയും ലക്ഷങ്ങള്‍ മുടക്കിയുള്ള പരിപാടികള്‍ക്ക് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരുന്നെങ്കിലും ഒടുവില്‍ അതെല്ലാം വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. എന്നാല്‍ സുഖദുഃഖങ്ങള്‍ സമ്മാനിച്ച് കടന്നുപോകുന്ന 2024നെ യാത്രയാക്കാന്‍ സഞ്ചാരികള്‍ ഒഴുകിയെത്തുമെന്ന സൂചന നല്‍കി ഇന്നലെയും കോവളം തീരം ജനസാന്ദ്രമായി.
വിദേശികളുടെയും സ്വദേശികളായ സഞ്ചാരികളുടെ വരവും വര്‍ധിച്ചതോടെ ഇവര്‍ക്ക് സുരക്ഷയൊരുക്കുന്നതിനുള്ള തത്രപ്പാടിലാണ് നിയമപാലകര്‍. ആഘോഷരാവിനെ ലഹരിമുക്തമാക്കാന്‍ എക്‌സൈസ് സംഘവും രംഗത്തുണ്ടാകും. ന്യൂഇയര്‍ ആഘോഷിക്കാന്‍ വന്‍തോതില്‍ ജനങ്ങള്‍ എത്തിച്ചേരുന്ന കോവളം, ശംഖുംമുഖം, വേളി, വര്‍ക്കല, പൊഴിക്കര തീരത്തിന് വെളിച്ചം പകരാന്‍ വിളക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍, വാച്ച് ടവര്‍, കണ്‍ട്രോള്‍ റൂം, ക്യാമറ സ്ഥാപിക്കാന്‍ എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി.
ബീച്ചുകളിലും പരിസരപ്രദേശങ്ങളിലും കാവല്‍ നില്‍ക്കുന്ന പോലീസ് സംഘത്തിന് പുറമെ അശ്വാരൂഢസേനയും ഉണ്ടായിരിക്കും. പ്രശ്‌നക്കാരെ കൈയ്യോടെ പിടികൂടാന്‍ മഫ്തി പോലീസ് കറങ്ങിനടക്കും. കടലില്‍ ഇറങ്ങുന്നവരുടെ ജീവന്‍ രക്ഷയ്‌ക്കായി ഇരുപതോളം ലൈഫ് ഗാര്‍ഡുമാര്‍ കോവളത്തുണ്ടാകും. കോവളം, സോമതീരം, അടിമലത്തുറ, പൂവാര്‍, പൊഴിക്കര ബീച്ച് എന്നിവിടങ്ങളിലും പുതുവര്‍ഷാഘോഷങ്ങള്‍ അരങ്ങേറും. കടലില്‍ പതിയിരിക്കുന്ന അപകടം കണക്കിലെടുത്ത് പൊഴിക്കരയിലെ ആഘോഷം വൈകിട്ട് അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.
ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പോലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചു പരിശോധനകള്‍ കര്‍ശനമാക്കുന്നതിനു സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്.
പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസപ്രകടനങ്ങള്‍ എന്നിവ ബോര്‍ഡര്‍ സീലിംഗിലൂടെയും കര്‍ശന വാഹനപരിശോധനയിലൂടെയും തടയും.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും വിദേശികള്‍ക്കും സുരക്ഷാ ഉറപ്പാക്കും. മതിയായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ പട്രോളിംഗുകള്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികള്‍ക്കും ഒരു എന്‍ട്രി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ മാനേജ്‌മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനടി 112 ല്‍ പോലീസില്‍ വിവരം അറിയിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: