ന്യൂദൽഹി : തെക്കൻ ദൽഹിയിലെ വിവിധ പ്രദേശങ്ങളിൽ തിരിച്ചറിയൽ രേഖയില്ലാതെ താമസിച്ചിരുന്ന 12 ബംഗ്ലാദേശ് പൗരന്മാരെ ദൽഹി പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. നിസാമുദ്ദീൻ, കാളിന്ദി കുഞ്ച്, ഷഹീൻ ബാഗ്, സരിതാ വിഹാർ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സൗത്ത് ഈസ്റ്റ് ഡിസിപി രവികുമാർ സിംഗ് പറഞ്ഞു. ഇവരെ തടങ്കൽ പാളയത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിടികൂടിയ എല്ലാ ബംഗ്ലാദേശികളും ഐഡൻ്റിറ്റിയില്ലാത്തവരായിരുന്നു. ചില ആളുകൾ വളരെക്കാലമായി ജീവിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡിസിപി പറഞ്ഞു. കൂടാതെ ഇത്തരക്കാരെ പിടികൂടാനായി ഒരു പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതുവരെ ഏകദേശം 1,200 പേരെ പരിശോധിച്ചു. ഭാവിയിലും പരിശോധന തുടരുമെന്നും സിംഗ് പറഞ്ഞു.
അതേസമയം മറ്റൊരു കേസിൽ വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട പരാതികൾക്കെതിരെ നടപടിയെടുക്കുന്നതിനിടെ ദൽഹി പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് എട്ട് പേർക്കെതിരെ രണ്ട് പരാതികൾ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ സമർപ്പിച്ചിരുന്നു.
പരാതികൾ ലഭിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ടവർക്കെതിരെ രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തതായി ഡിസിപി സിംഗ് പറഞ്ഞു. ഇതിനു പുറമെ അനധികൃതമായി തങ്ങാൻ ബംഗ്ലാദേശികളെ സഹായിച്ച സൈബർ കഫേ ഉടമയേയും രണ്ട് ഇടനിലക്കാരും ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: