പ്രയാഗ്‌രാജ് : ജനുവരിയിലെ മഹാ കുംഭമേളയോടനുബന്ധിച്ച് റെയിൽവേ 3,000 പ്രത്യേക ട്രെയിനുകൾ ഓടിക്കും. അതിൽ 560 ട്രെയിനുകൾ റിങ് റെയിലിൽ സർവീസ് നടത്തുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.
പ്രയാഗ്‌രാജ് ജംക്‌ഷൻ, സുബേദർഗഞ്ച്, നൈനി, പ്രയാഗ്‌രാജ് ചിയോകി, പ്രയാഗ് ജംക്‌ഷൻ, ഫാഫമൗ, പ്രയാഗ്‌രാജ് രാംബാഗ്, പ്രയാഗ്‌രാജ് സംഗം, ജുൻസി എന്നിങ്ങനെ ഒൻപത് റെയിൽവേ സ്‌റ്റേഷനുകളിലായി ആകെ 560 ടിക്കറ്റിങ് പോയിൻ്റുകൾ ലഭ്യമാക്കിയതായി നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ ഉപേന്ദ്ര ചന്ദ്ര ജോഷി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രതിദിനം 10 ലക്ഷത്തോളം ടിക്കറ്റുകൾ ഈ കൗണ്ടറുകളിൽ നിന്ന് വിതരണം ചെയ്യാനാകുമെന്ന് അദ്ദേഹം അറിയിച്ചു. മഹാ കുംഭമേള കണക്കിലെടുത്ത് 15 ദിവസം മുമ്പ് റെയിൽവേ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം റെയിൽവേ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈ 3000 സ്പെഷൽ ട്രെയിനുകളിൽ 1800 ട്രെയിനുകൾ ഹ്രസ്വദൂരത്തിനും 700 ട്രെയിനുകൾ ദീർഘദൂരത്തിനും 560 ട്രെയിനുകൾ റിങ് റെയിലിനുമാണ് ഓടിക്കുക.
2025ലെ മഹാകുംഭമേളയുടെ തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെയും സംസ്ഥാന റെയിൽവേ പോലീസിന്റെയും 18,000-ത്തിലധികം ഉദ്യോഗസ്ഥരെ ഇന്ത്യൻ റെയിൽവേയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഡ്യൂട്ടിക്കായി പ്രയാഗ്‌രാജിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഈ സമയത്ത് പ്രയാഗ്‌രാജ് ജംക്‌ഷനിൽ സിറ്റി ഭാഗത്ത് നിന്ന് പ്രവേശിക്കുന്നതിനും സിവിൽ ലൈൻ ഭാഗത്ത് നിന്ന് പുറത്തുകടക്കുന്നതിനും സംവിധാനമുണ്ടാകും. പ്രയാഗ്‌രാജ് ജംക്‌ഷനിൽ ആറു കിടക്കകളുള്ള നിരീക്ഷണ മുറിയും ഓക്‌സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ, ഇസിജി മെഷീനുകൾ, ഗ്ലൂക്കോമീറ്റർ, നെബുലൈസറുകൾ, സ്‌ട്രെച്ചറുകൾ തുടങ്ങി എല്ലാത്തരം ഉപകരണങ്ങളും യാത്രക്കാർക്ക് വൈദ്യസഹായം നൽകുന്നതിനായി സജ്ജീകരിച്ചിട്ടുണ്ടെന്ന് ജനറൽ മാനേജർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയ്‌ക്കായി സിസിടിവി കൺട്രോൾ റൂമുകളിൽ തത്സമയ ദൃശ്യങ്ങൾ സഹിതം 1,186 സിസിടിവി ക്യാമറകൾ പ്രവർത്തിക്കുമെന്നും ജോഷി പറഞ്ഞു. ഇതിൽ 116 ക്യാമറകളിൽ സാമൂഹിക വിരുദ്ധരെ തിരിച്ചറിയാൻ എഐ അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയൽ സംവിധാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: