കൊച്ചി: കലൂർ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ ഗിന്നസ് വേൾഡ് റിക്കാർഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയ്‌ക്കിടെ വേദിയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ വിഷ്ണു കയറി വിളിച്ചപ്പോൾ എം.എല്‍.എ. കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും മെഡിക്കൽ ബുള്ളറ്റിൻ.
വിഷ്ണുവിന്റെ നിര്‍ദേശങ്ങളോട് എം.എല്‍.എ പ്രതികരിച്ചുവെന്നും ആശ്വാസാവഹമായ പുരോഗതി ഉള്ളതായും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ വെന്റിലേറ്ററിലാണ്. ശ്വാസകോശത്തില്‍ രക്തം പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ അണുബാധ ഒഴിവാക്കാനുള്ള ചികിത്സ തുടരുകയാണ്. വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കൂ എന്നും ഡോക്ടര്‍ വ്യക്തമാക്കി.
ശ്വാസകോശത്തിലെ ചതവിനുള്ള ആൻ്റിബയോട്ടിക്കുകൾ നൽകുകയാണ്. ‘ആറു മണിയോടെ സെഡേഷന്‍ മരുന്നിന്റെ ഡോസ് കുറച്ചു. ഏഴുമണിയോടെ മകന്‍ വിഷ്ണു എം.എല്‍.എയെ അകത്തു കയറി കണ്ടു. വിഷ്ണു പറയുന്നതിനോട് അവര്‍ പ്രതികരിച്ചു. കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി, ചിരിച്ചു, ഇതെല്ലാം തലച്ചോറിലുണ്ടായ ക്ഷതങ്ങളില്‍ പുരോഗതിയുണ്ടെന്നുള്ളതാണ് വ്യക്തമാക്കുന്നത്.അത് ആശ്വാസാവഹമാണ്. ശ്വാസകോശത്തിന്റെ എക്‌സ്‌റേയിലും നേരിയ പുരോഗതിയുണ്ട്. അതും ആശ്വാസാവഹമാണ്.
ഇരുപതോളം അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എം.എൽ.എ.യ്‌ക്ക് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു.
കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: