ന്യൂദല്‍ഹി: നാവികസേനയുടെ അന്തര്‍വാഹിനികളില്‍ പുത്തന്‍ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് അവയുടെ ശേഷി വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി പ്രതിരോധ മന്ത്രാലയം 2867 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍ ഒപ്പിട്ടു. അന്തര്‍വാഹിനികളുടെ വെള്ളത്തിനടിയില്‍ കഴിയാനുള്ള ദൈര്‍ഘ്യം വര്‍ധിപ്പിക്കുക, വെള്ളത്തിനടിയിലെ ആക്രമണങ്ങള്‍ക്ക് സഹായിക്കുന്ന ആയുധങ്ങള്‍ സംയോജിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ക്കായാണ് കരാര്‍.
എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ (എഐപി) പ്ലഗിന്റെ നിര്‍മാണത്തിനായി മുംബൈ ആസ്ഥാനമായുള്ള മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സ് ലിമിറ്റഡുമായി 1990 കോടിയുടെ കരാറിലാണ് ഡിആര്‍ഡിഒ ഒപ്പുവച്ചത്. അന്തരീക്ഷ ഓക്‌സിന്‍ ഉപയോഗിക്കാതെ സ്വയം ഊര്‍ജം ഉത്പാദിപ്പിച്ച് കൂടുതല്‍ നേരം വെള്ളത്തിനടിയില്‍ കഴിയാന്‍ എഐപി പ്ലഗ് സംവിധാനം അന്തര്‍വാഹിനികളെ സഹായിക്കും. ആത്മ നിര്‍ഭര്‍ ഭാരതിന് കീഴിലുള്ള പദ്ധതി മൂന്ന് ലക്ഷത്തിലധികം യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്കുമെന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
ഫ്രാന്‍സിന്റെ നാവിക സംഘവുമായാണ് 877 കോടിയുടെ രണ്ടാമത്തെ കരാര്‍. നാവികസേനയുടെ കല്‍വാരി-ക്ലാസ് അന്തര്‍വാഹിനികളില്‍ ഇലക്ട്രോണിക് ഹെവി വെയ്റ്റ് ടോര്‍പ്പിഡോ (ഇഎച്ച്ഡബ്ല്യുടി) സംയോജിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്വയം പ്രവര്‍ത്തിക്കുന്ന ഉയര്‍ന്നശേഷിയുള്ള ഈ ആയുധം മറ്റ് അന്തര്‍വാഹിനികളുടെയും കപ്പലുകളുടെയും ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ സാന്നിധ്യത്തിലാണ് ഇരു കരാറുകളും ഒപ്പുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: