2024ലെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി, കുടുംബങ്ങളുടെ ജീവിത നിലവാരം, ഉപഭോഗശൈലികളിലെ മാറ്റങ്ങള്‍ എന്നിവയിലുണ്ടായ വെല്ലുവിളികളുടെയും അവമറികടക്കാന് നടത്തിയ ശ്രമങ്ങളുടേയും പ്രതിബദ്ധതയുടെയും തെളിവുകള്‍ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. പ്രതിമാസ ഉപഭോഗ ചെലവ് ഗ്രാമപ്രദേശങ്ങളില്‍ 4,122 രൂപയും, നഗരപ്രദേശങ്ങളില്‍ 6,996 രൂപയുമാണ്. ചെലവില്‍ യഥാക്രമം 188% ഉം 166% ഉം വളര്ച്ച് രേഖപ്പെടുന്നതായി റിപ്പോര്‍ട്ട് പറയുന്നു, ഇത് സമ്പദ്വ്യവസ്ഥയിലെ വലിയ മാറ്റങ്ങളുടെ സൂചനയാണ്. ഗ്രാമനഗര വ്യത്യാസം കുറഞ്ഞതും വികസനം സര്വമേഖലകളിലേക്കു പടര്‍ന്നതും തെളിയിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ഭാരതത്തില്‍ നടന്ന സാമൂഹിക, സാമ്പത്തിക പരിണാമങ്ങള്‍ക്കും, പൊതുവെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ പുരോഗതിക്കും പിന്‍ബലം നല്‍കുന്നതാണ് ഈ വളര്‍ച്ച. വര്‍ദ്ധിച്ച വരുമാനം, ജോലി അവസരങ്ങള്‍, ആധുനിക സേവനങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയ ഘടകങ്ങള്‍ ഉപഭോഗശേഷി മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെയും മറ്റു ഉപഭോഗവസ്തുക്കളുടെയും ഉപഭോഗത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. കുടുംബങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യവസ്തുക്കളെക്കാള്‍ വാഹനങ്ങള്‍, യാത്ര, വിനോദം തുടങ്ങിയ ‘ഭക്ഷ്യേതര’ വസ്തുക്കളില്‍ ചെലവഴിക്കുന്നു. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം, ഗ്രാമപ്രദേശങ്ങളില്‍ ഭക്ഷ്യേതര വസ്തുക്കളുടെ വിഹിതം 47.1% ല്‍ നിന്ന് 53% ലേക്ക് ഉയര്‍ന്നിരിക്കുന്നു, നഗരപ്രദേശങ്ങളില്‍ ഇതിന്റെ വിഹിതം 57.38% ല്‍ നിന്ന് 60% ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
സാമ്പത്തിക പുരോഗതിയുടെ ഭാഗമായി, ഗ്രാമപ്രദേശങ്ങളില്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍, വായ്പാ ലഭ്യത മെച്ചപ്പെടുത്താനും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും, സാമൂഹിക സുരക്ഷ ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികളും നയങ്ങളും സ്വീകരിച്ചിട്ടുണ്ട്. ഇത്, ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഉപഭോഗശേഷി വര്‍ധിക്കുന്നതിന് കാരണമായി. നഗരപ്രദേശങ്ങളില്‍ വീട്ടുവാടക, ഗാരേജ് വാടക, ഹോട്ടല്‍ താമസം തുടങ്ങിയ ചെലവുകള്‍ കൂടിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ആധുനിക സൗകര്യങ്ങളുടെ ചെലവ് വര്‍ദ്ധിച്ചതിന്റെ ഫലമാണിത്.
എന്‍ഡിഎ ഭരണത്തില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ നടക്കുന്ന വികസനക്കുതിപ്പിന്റെ സൂചനയാണ് ഈ റപ്പോര്‍ട്ടുകളില്‍ പ്രതിഫലിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര രംഗങ്ങളിലും ധന, വാണിജ്യ, ഭക്ഷ്യവിഭവ, ശാസ്ത്ര, റോഡ്-റയില്‍വെ വികസന മേഖലകളിലും ആരോഗ്യ രംഗത്തും അടക്കമുള്ള എല്ലാ രംഗത്തും രാജ്യം കൈവരിക്കുന്ന വികസന മുന്നേറ്റം ഇതില്‍ പ്രകടമാകുന്നുണ്ട്. ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തേയ്ക്കു മുന്നേറുന്ന സാമ്പത്തിക ശക്തിയാണിന്നു ഭാരതം. ചിലമേഖലകളില്‍ മാത്രം ശ്രദ്ധയൂന്നാതെ സര്‍വമുഖ സ്പര്‍ശിയായ വികസന പ്രവര്‍ത്തനം വിഭാവനം ചെയ്തു നീങ്ങുന്ന ഭരണ സംവിധാനത്തിലെ ദൂരക്കാഴ്ചയുടെ ഫലം രാജ്യം അനുഭവിച്ചു വരുന്നു എന്നതിന് ഇതിലധികം തെളിവ് ആവശ്യമില്ല.
സമ്പദ്വ്യവസ്ഥയില് ഉണ്ടായ വലിയ മാറ്റങ്ങള്‍, കുടുംബങ്ങളുടെ സാമ്പത്തിക ശക്തി, ഉപഭോഗശൈലിയുടെ പരിണാമം എന്നിവയെ അടിസ്ഥാനമാക്കി, ഭാരതത്തിന്റെ വിപുലമായ ഉപഭോഗ വിപണി മുന്നോട്ട് പോകുകയാണ്. സുസ്ഥിര ആധുനിക സാമ്പത്തിക വ്യവസ്ഥയ്ക്ക് അടിത്തറ സൃഷ്ടിക്കുന്നതില്‍, ഈ മാറ്റങ്ങള്‍ വലിയ പങ്ക് വഹിക്കുമെന്നതില്‍ തര്‍ക്കമില്ല. സമ്പദ്വ്യവസ്ഥയിലെ പുതിയ ശക്തി, മാന്യമായ സാമൂഹിക സുരക്ഷ, ഉന്നതമായ ഉപഭോഗശേഷി എന്നിവയുടെ മിശ്രിതമായ മുന്നേറ്റങ്ങളിലൂടെ ഭാരതം പുതിയ ദിശയിലേക്കു മുന്നേറുന്നു എന്നതാണ് 2024 ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രധാന സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: