കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നടപടി തുടര്‍ന്ന് പൊലീസ്. ഗിന്നസ് റെക്കോര്‍ഡിനായി സംഘടിപ്പിച്ച 12000 പേര് പങ്കെടുത്ത നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ സിഇഒയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
സിഇഒ ഷമീര്‍ അബ്ദുള്‍ റഹീം ആണ് പിടിയിലായത്. കൊച്ചിയിലെ ഹോട്ടലില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. മൃദംഗവിഷന് സിഇഒയും എംഡിയും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിഇഒയെ കസ്റ്റഡിയിലെടുത്തത്.
പരിപാടിയുടെ ഇവന്റ് മാനേജ്മന്റ് നിര്‍വഹിച്ച ഓസ്കാര്‍ ഇവന്റ്സിന്റെ മാനേജരെ നേരത്തേ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
പന്ത്രണ്ടായിരത്തിലികം പേര് പങ്കെടുത്ത കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടനത്തില്‍ ഗുരുതര വീഴ്ചയും ക്രമക്കേടുമാണ് ഉണ്ടായത്. മന്ത്രിമാരുള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പാലിച്ചില്ല. സംഘാടകര്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അഗ്നിശമന സേനയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സംഘാടകരായ മൃദംഗവിഷന് നൃത്തപരിപാടിക്ക് എത്തിയവരില്‍ നിന്ന് മൂന്ന് കോടിയിലേറെ രൂപ പിരിച്ചെടുത്തെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലെന്ന് പരാതി ഉണ്ട്.
ഗിന്നസ് റെക്കാഡ് ലക്ഷ്യമിട്ട് പന്ത്രാണ്ടായിരം നര്‍ത്തകരുടെ ഭരതനാട്യമാണ് മൃദംഗവിഷന് സംഘടിപ്പിച്ചത്. തമിഴ്നാടിന്റെ റെക്കോര്‍ഡ് മറികടക്കാനുള്ള കേരളത്തിന്റെ നൃത്തപരിപാടി എന്നായിരുന്നു പ്രചാരണം. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ഒരാളില്‍ നിന്നും വാങ്ങിയത് മുവായിരത്തി അഞ്ഞൂറ് രൂപയാണ്.
മേക്കപ്പ് ഉള്‍പ്പെടെയുള്ള ചിലവുകള്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വഹിക്കണം. ഒപ്പമെത്തുന്നവര്‍ക്ക് പരിപാടി കാണാന്‍ വേറെ ടിക്കറ്റുമെടുക്കണം. പരിപാടിക്കെത്തിയെ നടിയും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണിയുടെ പേരിലും പണം പിരിച്ചതായാണ് ആക്ഷേപം.പരസ്യത്തിനായും വന്‍തുക പിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: