തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. ജനുവരി ഒന്നു മുതല്‍ ആരംഭിക്കുന്ന ‘വലിച്ചെറിയല്‍ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകര്‍ക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് ടീം വഴിയുള്ള നിയമ നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം. ബി. രാജേഷ് നിര്‍ദ്ദേശം നല്കി.
ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ സംഘടനകളുടെയും റസിഡന്‍സ് അസോസിയേഷനുകളുടെയും മറ്റ് കൂട്ടായ്മകളുടെയും പ്രതിനിധികളെയും പ്രദേശവാസികളെയും ഉള്‍പ്പെടുത്തിയാണ് ജനകീയ സമിതികള്‍ രൂപീകരിക്കുക. ഇതോടൊപ്പം മാലിന്യം ശേഖരിക്കാനുള്ള ബിന്നുകള്‍ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കും. മാലിന്യസംസ്കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുവിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യത്തിലാണ് ജനകീയ ക്യാമ്പയിന് ഏറ്റെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: