തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി (സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി) യുടെ നൂതന സാങ്കേതികവിദ്യ കൃഷി, വ്യവസായം, ഇടത്തരം-ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്തുന്നത് പരിശോധിക്കുമെന്ന് തമിഴ്നാട് വ്യവസായ-നിക്ഷേപ-വാണിജ്യ മന്ത്രി ഡോ. ടിആര്‍ ബി രാജ പറഞ്ഞു.
പാപ്പനംകോട്ടെ എന്‍ഐഐഎസ്ടി കാമ്പസ് സന്ദര്‍ശിച്ച മന്ത്രി, ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണനും മറ്റ് മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ വികസന സ്ഥാപനമെന്ന നിലയില്‍ ഈ കേന്ദ്രത്തിന്റെ സേവനം ഏതെല്ലാം മേഖലകളില്‍ പ്രയോജനപ്പെടുത്താമെന്ന് പരിശോധിക്കും.
മികച്ച വിളവെടുപ്പ് ലഭിക്കുന്ന രീതിയില്‍ കര്‍ഷകര്‍ക്ക് സാങ്കേതികവിദ്യ ഗുണകരമാകണം. കൃഷി, വ്യവസായം, എംഎസ്എംഇ മേഖലകളില്‍ മികച്ച ആശയവും നൂതനത്വവും കൊണ്ടു വരുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും എടുത്തുവരുകയാണ്. സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി പോലുള്ള സ്ഥാപനങ്ങള്‍ ഈ ദിശയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് ഉത്പാദനം കൂടുകയും മികച്ച വരുമാനം ലഭിക്കുകയും ചെയ്യുന്ന രീതിയില്‍ ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ താഴെത്തട്ടില്‍ നടപ്പില്‍ വരുത്തണം. ഇതിനായി ഗവേഷണങ്ങളെയും നൂതനത്വത്തെയും പരമാവധി സഹായിക്കുന്ന സമീപനമാണ് തമിഴ്നാട് സര്‍ക്കാരിനുള്ളത്. എന്‍ഐഐഎസ്ടിയുടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കാമ്പസില്‍ മന്ത്രി വിശദമായ സന്ദര്‍ശനം നടത്തി.
ഏവര്‍ക്കും ഗുണകരമായ സാങ്കേതികവിദ്യാ വികസനത്തിന് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി എല്ലാക്കാലവും പ്രയത്നിച്ചിട്ടുണ്ടെന്ന് ഡോ. സി അനന്തരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സുസ്ഥിരവുമായ വികസനത്തിനുള്ള തമിഴ്നാടിന്റെ പ്രതിബദ്ധത കാണിക്കുന്നതാണ് മന്ത്രിയുടെ സന്ദര്‍ശനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മൂല്യവര്‍ധിത സാങ്കേതികവിദ്യയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കല്‍, ആരോഗ്യപരിപാലനം, ഹൈഡ്രജന്‍ വാല്യു ചെയിന്‍ ഉത്പാദനക്ഷമത, എംഎസ്എംഇകളെ സഹായിക്കല്‍, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നു വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: