കൊച്ചി: ഉമാ തോമസ് എംഎൽഎയ്‌ക്ക് ഗുരുതര പരിക്കിനിടയായ സംഭവത്തിൽ സ്റ്റേജ് നിർമിച്ചത് അനുമിതിയില്ലാതെയെന്ന് ജിസിഡിഎ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി). സ്റ്റേജിന് സ്റ്റേബിൾ ആയ ബാരിക്കേഡ് ഇല്ലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് ചെയർമാൻ കെ. ചന്ദ്രൻ പിള്ള. വി.ഐ.പി ഗ്യാലറിയിൽ ഉദ്ഘാടന പരിപാടി നടത്താനാണ് അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ‘മൃദംഗനാഥം’ പരിപാടി സംഘാടകർക്കെതിരേ ജി.സി.ഡി.എ അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോകോൾ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സുരക്ഷാകാര്യങ്ങളും അവർ ചെയ്യണമെന്ന് കരാറിൽ ഒപ്പ് വെച്ചിരുന്നു. എന്നാൽ അവർ അത് പാലിച്ചില്ല എന്നാണ് വ്യക്തമാകുന്നത്. അതിനാൽ വീഴ്ച സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തും – കെ. ചന്ദ്രൻ പിള്ള പറഞ്ഞു. ഫുട്ബോൾ ടർഫിനു പരിക്ക് വരാതെ നോക്കണം എന്ന് മാത്രമായിരുന്നു ഞങ്ങളുടെ ആവശ്യം.ടർഫിനു പുറത്ത് ആയിരുന്നു പരിപാടി അവതരിപ്പിച്ചത്. എന്നാൽ സേഫ്റ്റി പ്രോട്ടോകോൾ പാലിച്ചിട്ടില്ലായെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ജി.സി.ഡി.എ എഞ്ചിനീയറിംഗ് വിഭാഗം സ്റ്റേഡിയത്തിൽ പരിശോധന നടത്തുന്നുണ്ട്. സ്റ്റേജ് നിർമിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച് സംഭവിച്ചെന്ന് ഫയർ ഫോഴ്സും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭാവിയിൽ പരിപാടികൾ നടത്തുമ്പോൾ ഈ സംഭവം ഒരു പാഠമായി ഉൾക്കൊള്ളുമെന്ന് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. നടപടികൾ കർശനമാക്കുമെന്നും ജിസിഡിഎ ചെയർമാൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: