കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പ്രളയ ദുരിതാശ്വാസത്തിന് അനുവദിച്ച തുകയുടെ കണക്കും വിവരാവകാശ പ്രകാരം തേടിയപ്പോള്‍ കിട്ടിയ കണക്കും തമ്മില്‍ 108 കോടിയുടെ വ്യത്യാസം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 4738.77 കോടി രൂപ അനുവദിച്ചുവെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരം. എന്നാല്‍ വിവരാവകാശ രേഖയില്‍ സര്‍ക്കാര്‍ പറയുന്നത് 4630 കോടി! അതായത് 108 കോടി രൂപയുടെ കണക്കുവ്യത്യാസം.
2018 ലെയും 2019 ലെയും പ്രളയത്തില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍ നിര്മാണങ്ങള്ക്കുമൊക്കെയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക അനുവദിച്ചത് സംബന്ധിച്ച് വെബ്സൈറ്റില്‍ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പോര്‍ട്ടലില്‍ കാണിച്ചിരിക്കുന്ന ഡാറ്റ പ്രകാരം പ്രളയത്തിന് അനുവദിച്ചത് 4738.77 കോടി രൂപയാണ്.
അതേ സമയം, റവന്യൂ വകുപ്പ് (ഡിആര്‍എഫ്എ) കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് സപ്തംബര്‍ 28ന് നല്കിയ മറുപടിയില്‍ 4630 കോടി മാത്രമാണ് അനുവദിച്ചതെന്ന് വ്യക്തമാക്കുന്നു. പലരും പലവട്ടം ആക്ഷേപവും ആരോപണവും ഉന്നയിച്ചതാണ് ദുരിതാശ്വാസ ഫണ്ട് വിനിയോഗം സംബന്ധിച്ച കാര്യത്തില്‍. ഇപ്പോള്‍ വീണ്ടും സംശയം ഉയര്‍ത്തുന്നതാണ് പുതിയ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: