കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ പരിപാടിക്കിടെ പതിനഞ്ചടിയോളം താഴേക്ക് വീണ് പരിക്കേറ്റ വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസ് എംഎല്‍എയുടെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വൈകാതെ കൊച്ചിയില്‍ എത്തുമെന്ന് മന്ത്രി വെളിപ്പെടുത്തി.കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സക്കായി എത്തുക. കോട്ടയം, എറണാകുളം മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള വിദഗ്‌ദ്ധര്‍ സംഘത്തിലുണ്ട്. റിനെയില്‍ ഉള്ള ഡോക്ടര്‍മാരും സംഘത്തിലുണ്ടായിരിക്കും.ഉമ തോമസിന് തലയ്‌ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും പരിക്കുണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു.
അതിനിടെ,കലൂര്‍ സ്‌റ്റേഡിയത്തില്‍ മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു.ഗാലറിക്ക് മുന്‍വശത്ത് മറ്റൊരു സ്‌റ്റേജ് നിര്‍മ്മിച്ചായിരുന്നു പരിപാടി. ഇവിടെയായിരുന്നു ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഉയരത്തിലുള്ള ഗ്യാലറിക്ക് കൃത്യമായ ബാരിക്കേഡ് ഉണ്ടായിരുന്നില്ല. ഒരു ക്യു മാനേജര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുമെന്ന് സംഘാടകരും അറിയിച്ചു.
പരിപാടി സംബന്ധിച്ച് പരിശോധന നടത്തുമെന്നും അന്വേഷണം തുടങ്ങിയതായും കൊച്ചി പൊലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു. അപകട വിവരമറിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആശുപത്രിയിലെത്തി.മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ് മറ്റ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ആശുപത്രിയിലെത്തി. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ നൃത്ത സന്ധ്യക്കിടെയാണ് അപകടം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: