Kerala

കുമ്മനം രാജശേഖരനും ദേവനും എം.കെ.ഹരികുമാറും ഗുരു ധര്‍മ്മ പ്രചരണ സഭയില്‍ അംഗങ്ങൾ

Published by

ശിവഗിരി: മിസോറാം മുൻ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സിനിമാതാരം ദേവന്‍, സാഹിത്യകാരന്‍ എം.കെ.ഹരികുമാര്‍ എന്നിവര്‍ ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയില്‍ അംഗങ്ങളായി. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധര്‍മ്മ പ്രചരണ സഭാ സമ്മേളനത്തില്‍ ഗുരുധര്‍മ്മ പ്രചരണ സഭാ പ്രസിഡന്‍റ് കൂടിയായ ശിവഗിരി മഠം പ്രസിഡന്‍്റ് സച്ചിദാനന്ദ സ്വാമിയാണ് ഇവര്‍ക്കു അംഗത്വം നല്‍കിയത്.

ശ്രീനാരായണ ഗുരുദേവനെയും പ്രസ്ഥാനങ്ങളെയും ആക്ഷേപിക്കുന്നവരെ നേരിടാന്‍ ഗുരുദേവ ശിഷ്യന്‍ ബോധാനന്ദസ്വാമിയുടെ നേതൃത്വത്തി ലുണ്ടായിരുന്ന ധര്‍മ്മഭടസംഘത്തിനു സമാനമായ പ്രവര്‍ത്തന ശൈലി സ്വീകരിക്കുവാന്‍ ശിവഗിരി മഠത്തിന്റെ പോഷക സംഘടന ഗുരു ധര്‍മ്മ പ്രചരണ സഭയ്‌ക്കാകണമെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു.

92-ാമതു ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി നടന്ന ഗുരുധര്‍മ്മ പ്രചരണ സഭാ സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. എസ്.എന്‍.ഡി.പി. യോഗത്തിനും ശ്രീനാരായണ ധര്‍മ്മ സംഘത്തിനും രൂപം നല്‍കിയ ഗുരുദേവന്‍ ദേശംതോറും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം സഭകള്‍ രൂപീകരിക്കണമെന്നു കല്പിച്ചതിനെ തുടര്‍ന്നാണ് ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭയ്‌ക്കു രൂപം നല്‍കിയതെന്നും ഗുരുദേവന്റെ ആശ്രമം എന്ന കൃതിയില്‍ ഇതു സംബന്ധിച്ച് പരാമര്‍ശം ഉണ്ടെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

ശത്രുക്കളെപ്പോലും മിത്രങ്ങളാക്കുന്ന പ്രവര്‍ത്തന രീതിയായിരുന്നു ഗുരുദേവനുണ്ടായിരുന്നത് അരുവിപ്പുറം പ്രതിഷ്ഠയില്‍ നിന്നു നമുക്കിത് അറിയാനാകും. പ്രതിഷ്ഠ നടത്തിയതിനെ ചോദ്യം ചെയ്യാനെത്തിയവരോടു നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്നു മറുപടി നല്‍കിയപ്പോള്‍ എതിര്‍ക്കാനെത്തിയവര്‍ തിരികെ പോകുകയും പിന്നാലെ ഗുരുവിന്റെ മിത്രങ്ങളായി മാറുകയുമാണ് ചെയ്തതെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്നു പറഞ്ഞു.

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എം.കെ.ഹരികുമാറിനെ ശിവഗിരി മഠം ആദരിച്ചു. ഹരികുമാറിന്റെ ‘ശ്രീനാരായണീയ ‘ നോവലിന്റെ രചനയ്‌ക്കാണ് ആദരവ്. മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിമഠത്തിന്റെ ഷാള്‍ അണിയിക്കുകയും ഫലകം നല്‍കുകയും ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക