ന്യൂദൽഹി : ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴാണെന്നതിൽ അഭിമാനം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 117-ാം എപ്പിസോഡിനെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി മോദിയുടെ പരാമർശം.
ഇന്ത്യൻ ഗവൺമെൻ്റിന്റെ പിന്തുണയോടെ ഫിജിയിൽ അടുത്തിടെ ആരംഭിച്ച തമിഴ് ടീച്ചിംഗ് പ്രോഗ്രാമിനെ ഉദ്ധരിച്ച് തമിഴ് പഠിക്കാനുള്ള ആഗോള താൽപ്പര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയാണ് തമിഴ് എന്നതും ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കുന്നുവെന്നതും തങ്ങൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ തമിഴ് പഠിക്കുന്നവരുടെ എണ്ണം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം അവസാനം ഫിജിയിൽ ഇന്ത്യാ ഗവൺമെൻ്റിന്റെ പിന്തുണയോടെ ഒരു തമിഴ് ടീച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു. കഴിഞ്ഞ 80 വർഷത്തിനിടെ ഇതാദ്യമായാണ് പരിശീലനം സിദ്ധിച്ച തമിഴ് അധ്യാപകർ ഫിജിയിൽ ഭാഷ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ പരമ്പരാഗത ആരോഗ്യ കൺസൾട്ടേഷനുകൾ തേടുന്ന പ്രദേശവാസികൾക്കൊപ്പം ആയുർവേദത്തെ പ്രോത്സാഹിപ്പിച്ചതിന് പരാഗ്വേയിലെ ഇന്ത്യൻ എംബസിയെയും പ്രധാനമന്ത്രി മോദി പ്രശംസിച്ചു.
തെക്കേ അമേരിക്കയിൽ പരാഗ്വേ എന്നൊരു രാജ്യമുണ്ട്. അവിടെ താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ആയിരത്തിൽ കൂടുതലാകില്ല. പരാഗ്വേയിൽ ഒരു അത്ഭുതകരമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. പരാഗ്വേയിലെ ഇന്ത്യൻ എംബസിയിൽ എറിക്ക ഹ്യൂബർ എന്നയാൾ ആയുർവേദ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നു. ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള ഉപദേശം ലഭിക്കുന്നതിന് ധാരാളം പ്രാദേശിക ആളുകൾ അവരെ സമീപിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൂടാതെ ഇന്ത്യൻ സംസ്‌കാരവും ചരിത്രപരമായ ബന്ധങ്ങളും പ്രദർശിപ്പിക്കുന്ന ചിത്രരചനാ മത്സരത്തിൽ 23,000 ഈജിപ്ഷ്യൻ വിദ്യാർത്ഥികൾ പങ്കെടുത്തതിനെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇന്ത്യൻ സംസ്‌കാരത്തിന്റെ പ്രഭ ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും വ്യാപിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ആഗോള വ്യാപനത്തിന് സാക്ഷ്യം വഹിക്കുന്ന മൂന്ന് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള അത്തരം ശ്രമങ്ങളെക്കുറിച്ച് ഇന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നുവെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മൻ കി ബാത്ത്. പരിപാടിയിൽ അദ്ദേഹം ഇന്ത്യയിലെ പൗരന്മാരുമായി പ്രധാനപ്പെട്ട ദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. 2014 ഒക്ടോബർ 3-ന് ആരംഭിച്ച മൻ കി ബാത്ത്, സ്ത്രീകൾ, വൃദ്ധർ, യുവാക്കൾ എന്നിവരെ ഉൾക്കൊള്ളുന്ന ഇന്ത്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെടാനാണ് ലക്ഷ്യമിടുന്നത്.
22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങി 11 വിദേശ ഭാഷകളിലും ‘മൻ കി ബാത്ത്’ പ്രക്ഷേപണം ചെയ്യപ്പെടുന്നു. ആകാശവാണിയുടെ 500 ലധികം കേന്ദ്രങ്ങളിൽ മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: