സിഖ് മതത്തിലെ പത്താമത്തെയും അവസാനത്തെയും ഗുരുവായിരുന്ന ഗുരു ഗോവിന്ദ് സിങ്, സിഖ് ചരിത്രത്തിലെ ഏറ്റവും പ്രധാന വ്യക്തികളിലൊരാളാണ്. ഗുരു ഗോബിന്ദ് സിങ്ങിന്റെ അമ്മയുടെയും അദ്ദേഹത്തിന്റെ പുത്രന്മാരായ അജിത് സിങ് (17) ജുജാര്‍ സിങ് (13) സാഹിബ്സാദ ഫത്തേ സിങ് ്(ഒന്‍പത്), സാഹിബ്സാദ സോറാവര്‍ സിങ് (അഞ്ച്) എന്നിവരുടെയും രക്തസാക്ഷിത്വം ഭാരത ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ സംഭവങ്ങളിലൊന്നാണ്. സ്വന്തം വിശ്വാസത്തിനും ധര്‍മ്മത്തിനും വേണ്ടി ജീവന് ത്യജിച്ച നാല് കുമാരന്മാരുടെയും ഗുരു ഗോബിന്ദ് സിങ്ങിന്റെ അമ്മയുടെയും കഥ ഇന്നും ലോകത്തിന് പ്രചോദനമായി നിലകൊള്ളുന്നു. ഈ മഹത്തായ ത്യാഗത്തെ അനുസ്മരിക്കാനും വരും തലമുറകള്‍ക്ക് പകര്‍ന്നു നല്കാനുമായി ഡിസംബര്‍ 26 ‘വീര്‍ ബാല്‍ ദിവസ്’ ആയി ആചരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് 2022ല്‍ ആണ്. സാഹിബ്സാദാ സൊറാവര്‍ സിങ്ങും, സാഹിബ്സാദാ ഫത്തേ സിങ്ങും ജീവനോടെ ചുവരിനുള്ളില്‍ മൂടപ്പെട്ട ദിവസമാണ് ഡിസംബര്‍ 26. ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിനുള്ള ശിക്ഷയായിരുന്നു ഈ ക്രൂരത.
പതിനേഴാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിലായിരുന്നു ഈ ബലിദാനം. അന്ന് മുഗള്‍ സാമ്രാജ്യത്തിന്റെ ഭരണം ഔറംഗസേബിന്റെ കൈകളിലായിരുന്നു. കടുത്ത മതപരിവര്‍ത്തന നയങ്ങളും ഇതര മതസ്ഥരോടുള്ള അസഹിഷ്ണുതയും വച്ചുപുലര്‍ത്തിയ ഭരണാധികാരിയായിരുന്നു ഔറംഗസേബ്. ഇക്കാലത്താണ് ഒന്‍പതാമത്തെ സിഖ് ഗുരുവായ ഗുരു തേഗ് ബഹാദൂറിനെ, ഇസ്ലാം മതം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന് ഔറംഗസേബ് വധിക്കുന്നത്. പിതാവിന്റെ രക്തസാക്ഷിത്വത്തിനു ശേഷം പത്താമത്തെ സിഖ് ഗുരുവായി ചുമതലയേറ്റ ഗോബിന്ദ് സിങ്, മുഗള്‍ ഭരണാധികാരികളുടെ അനീതിക്കും മതപരിവര്‍ത്തന നയങ്ങള്‍ക്കെതിരെയും പ്രതികരിച്ചു. 1699-ല്‍ സ്വന്തം വിശ്വാസവും ധര്‍മവും സംരക്ഷിക്കുന്നതിനും മുഗളര്‍ക്കെതിരെ പോരാടാനുമായി ‘ഖാല്‍സ’ എന്ന സിഖ് യോദ്ധാക്കളുടെ സംഘടന അദ്ദേഹം രൂപീകരിച്ചു. ഈ സംഘടന മുഗളര്‍ക്ക് വെല്ലുവിളിയായി. മുഗള്‍ സൈന്യവുമായി നിരവധി ഏറ്റുമുട്ടലുകള്‍ നടന്നു. 1704-ല്‍ മുഗള്‍ സൈന്യത്തിന്റെയും അവരുടെ സഖ്യകക്ഷികളുടെയും നിരന്തരമായ ആക്രമണങ്ങള്‍ മൂലം ഗുരു ഗോബിന്ദ് സിംഗും കുടുംബവും പഞ്ചാബിലെ ആനന്ദ്പുര്‍ സാഹിബില്‍ നിന്ന് പലായനം ചെയ്തു.
ചാര് സാഹിബ്സാദേ എന്നറിയപ്പെടുന്ന നാല് പുത്രന്മാരുണ്ടായിരുന്ന ഗുരുവിന്റെ കുടുംബം ഈ പലായനത്തിനിടെ വേര്‍പിരിഞ്ഞുപോയി. ഏറ്റവും ഇളയ രണ്ട് പുത്രന്മാരായ സാഹിബ്സാദ ഫത്തേ സിംഗും സാഹിബ്സാദ സോറാവര്‍ സിംഗും അവരുടെ അമ്മൂമ്മ മാതാ ഗുജരിയും കുടുംബത്തില്‍ നിന്ന് അങ്ങനെ ഒറ്റപ്പെട്ടു. പഴയ ആശ്രിതനായ ഗംഗുവിന്റെ കുടിലില്‍ അവര്‍ അഭയം തേടി. എന്നാല്‍ ഗംഗു അവരെ, ചതിച്ച് മുഗള്‍ സൈന്യത്തെ വിവരം അറിയിച്ചു. സൈന്യം അവരെ പിടികൂടി സിര്‍ഹിന്ദിലെ ഠണ്ഡാ ബുര്‍ജില്‍ തടവിലാക്കി. അതേസമയം, ഗുരു ഗോബിന്ദ് സിങ്ങിനെ പിന്തുടര്‍ന്ന മുഗള്‍ സൈന്യം ചംകൗറില്‍ വച്ച് അദ്ദേഹത്തിന്റെ 40 സൈനികരെ ആക്രമിച്ചു. യുദ്ധത്തില്‍ മൂത്ത പുത്രന്മാരായ സാഹിബ്സാദ അജിത് സിങ് (17) ജുജാര്‍ സിങ് (13) എന്നിവര്‍ വീരമൃത്യു വരിച്ചു.
സിര്‍ഹിന്ദിലെ മുഗള്‍ ഗവര്‍ണറായ വസീര്‍ ഖാന്, തടവിലാക്കപ്പെട്ട ഇളയ കുട്ടികള്‍ക്ക് ഒരു വാഗ്ദാനം നല്കി – ഇസ്ലാം മതം സ്വീകരിച്ചാല്‍ സുരക്ഷിതമായി പോകാം. എന്നാല്‍, കഠിന പീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയരായിട്ടും, ഒന്‍പതും അഞ്ചും വയസ്സുമാത്രമുണ്ടായിരുന്ന സാഹിബ്സാദ ഫത്തേ സിങ്ങും സാഹിബ്സാദ സോറാവര്‍ സിങ്ങും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ‘ഞങ്ങള്‍ ഞങ്ങളുടെ പിതാവിന്റെ മക്കളാണ്, പിതാമഹന്റെ പേരക്കുട്ടികളാണ്. അവരുടെ പാതയില്‍ നിന്ന് പിന്മാറില്ല’ എന്നായിരുന്നു അവരുടെ ധീരമായ മറുപടി. ക്രുദ്ധനായ വസീര്‍ ഖാന് അവരെ ജീവനോടെ മതിലിനുള്ളില്‍ വച്ചു കെട്ടാന്‍ ഉത്തരവിട്ടു. മതില് മുട്ടുവരെ എത്തിയപ്പോള്‍ ഇസ്ലാം മതം സ്വീകരിച്ചാല്‍ വെറുതെ വിടാം എന്ന് വീണ്ടും പറഞ്ഞെങ്കിലും അവര്‍ വഴങ്ങിയില്ല. ചെറു പ്രായത്തിലും അസാധാരണമായ ധൈര്യവും വിശ്വാസ ദാര്‍ഢ്യവും പ്രകടിപ്പിച്ച കുട്ടികള്‍ അവസാനം വരെ തങ്ങളുടെ സ്വധര്‍മത്തില്‍ ഉറച്ചു നിന്നു. പ്രാണന് പോകുമെന്ന ഘട്ടത്തിലും തങ്ങളുടെ വിശ്വാസം വെടിയാന്‍ അവര്‍ തയ്യാറായില്ല. പെട്ടെന്നു മതില് പൊളിഞ്ഞു വീണു. അതും അവര്‍ക്ക് രക്ഷയായില്ല. ക്രൂരമായി അവരുടെ കഴുത്ത് അറുക്കപ്പെട്ടു.
കൊച്ചു മക്കളുടെ മരണ വാര്‍ത്ത കേട്ട അമ്മൂമ്മ, മാതാ ഗുജരി ഹൃദയം പൊട്ടി മരിച്ചു. ബാബ സോറാവര്‍ സിങ്ങിനേയും ബാബ ഫത്തേ സിങ്ങിനെയും കുഴിച്ചിട്ട ചുവര് ഇന്നും പഞ്ചാബിലെ സിര്‍ഹിന്ദില്‍ നിലനില്‍ക്കുന്നുണ്ട്.
വസീര്‍ ഖാന്റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ മരണത്തെ പുല്കിയ ഫത്തേ സിങ്ങിന്റെയും സോറാവര്‍ സിങ്ങിന്റെയും രക്തസാക്ഷിത്വം അചഞ്ചലമായ വിശ്വാസത്തിന്റെയും ത്യാഗത്തിന്റെയും ജീവിക്കുന്ന സാക്ഷ്യമാണ്. അതുകൊണ്ടു തന്നെയാണ് ഡിസം. 26 വീര്‍ ബാല്‍ ദിവസായി ആചരിക്കുന്നത്. സാഹിബ്സാദേകളുടെ ത്യാഗം ഭാരത സ്വാതന്ത്ര്യ സമരത്തിന്റെ മുന്നോടിയായും കണക്കാക്കപ്പെടുന്നു. മുഗള്‍ ഭരണാധികാരികളുടെ മതപരിവര്‍ത്തന നയങ്ങള്‍ക്കെതിരെയുള്ള അവരുടെ പ്രതിരോധം, പില്ക്കാലത്ത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും പ്രചോദനമായി. അവരുടെ രക്തസാക്ഷിത്വം ചരിത്ര സംഭവം മാത്രമല്ല, വിശ്വാസത്തിനും ധര്‍മത്തിനും വേണ്ടിയുള്ള ത്യാഗത്തിന്റെ ചിരസ്ഥായിയായ മാതൃകകൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കടമെടുത്താല്‍, ‘സാഹിബ്സാദേകളുടെ ധീരതയും ത്യാഗവും നമ്മുടെ രാജ്യത്തിന്റെ ധാര്‍മിക അടിത്തറയെ ശക്തിപ്പെടുത്തുന്നു. അവരുടെ ജീവിതം നമ്മുടെ യുവതലമുറയ്ക്ക് പ്രചോദനമാകണം.’
(ബിജെപി ഐടി -സോഷ്യല്‍ മീഡിയ സംസ്ഥാന കണ്‍വീനറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: