ന്യൂദല്‍ഹി: പതിവ് തെറ്റിക്കാതെ ഇത്തവണയും ഭാരതീയരുടെ ഇഷ്ട വിഭവങ്ങളുടെ പട്ടികയില്‍ ഒന്നാമത് ബിരിയാണി തന്നെ. വൈവിധ്യമാര്‍ന്ന ഭാരതീയ വിഭവങ്ങളില്‍ ബിരിയാണിയോടുള്ള പ്രിയം വാക്കുകള്‍ക്ക് അതീതമാണ്, ഇത് വീണ്ടും അടിവരയിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍. ഈ വര്‍ഷം ഇതുവരെ സൊമാറ്റോയിലൂടെ മാത്രം ഭാരതീയര്‍ ഓര്‍ഡര്‍ ചെയ്തത് 9,13,99,110 പ്ലേറ്റ് ബിരിയാണിയാണ്. അതായത്, ഓരോ സെക്കന്‍ഡിലും മൂന്ന് പ്ലേറ്റ് ബിരിയാണികള്‍ വിറ്റുപോയി.
തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷവും ബിരിയാണി ഒന്നാം സ്ഥാനം നിലനിര്‍ത്തി. പിസയാണ് രണ്ടാമത്. 5,84,46,908 പിസയാണ് സൊമാറ്റോ രാജ്യത്തുടനീളം വിളമ്പിയത്. ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ലഭിച്ച പാനീയം ചായ. 2024ല്‍ 77,76,725 കപ്പ് ചായയാണ് സൊമാറ്റോയിലൂടെ ഓര്‍ഡര്‍ ചെയ്തത്. കാപ്പിയാണ് രണ്ടാമത്, 74,32,856 ഓര്‍ഡറുകള്‍. സൊമാറ്റോയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് രസകരമായ ഈ കണക്കുകളുള്ളത്.
ജനുവരി ഒന്നിനും ഡിസംബര്‍ ആറിനും ഇടയില്‍, സൊമാറ്റോ വഴി ഒരു കോടി 25 ലക്ഷത്തിലധികം ടേബിളുകളാണ് ഭാരതീയര്‍ റിസര്‍വ് ചെയ്തത്. ഫാദേഴ്സ് ഡേ ആയിരുന്നു ഇത്തവണത്തെ തിരക്കേറിയ ദിനങ്ങളിലൊന്ന്. 84,866 പേരാണ് അന്നേ ദിവസം ടേബിള്‍ റിസര്‍വ് ചെയ്തത്. ബെംഗളൂരുവിലെ ഒരു ഫുഡ്ഡി ഒറ്റ തവണ ആഹാരം കഴിക്കുന്നതിനായി ചെലവിട്ടത് ലക്ഷങ്ങളാണ്. പേര് വെളിപ്പെടുത്താത്ത ഭക്ഷണപ്രിയന്‍ അഞ്ച് ലക്ഷം രൂപയുടെ ബില്ലാണ് ഒരു തവണ അടച്ചത്.
ഐആര്‍സിടിസിയുമായി സഹകരിച്ചുള്ള സൊമാറ്റോയുടെ ഫുഡ് ഡെലിവറിയില്‍ ഒരാള്‍ ഒരേ സമയം 120 മഞ്ചൂരിയന് ഓര്‍ഡര്‍ ചെയ്തുവെന്നും കണക്കുകള്‍ പറയുന്നു. ദല്‍ഹിയാണ് ബജറ്റിന് അനുയോജ്യമായ ഭക്ഷണം ലഭിക്കുന്ന നഗരം. 195 കോടി രൂപയുടെ ഓഫറുകളാണ് ദല്‍ഹി നിവാസികള്‍ക്ക് സൊമാറ്റോ നല്‍കിയത്. ബെംഗളൂരുവും മുംബൈയുമാണ് പിന്നില്‍.
ബ്ലിങ്കറ്റിലെ കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഈ വര്‍ഷം 17 ദശലക്ഷം പായ്ക്കറ്റ് മാഗ്ഗിയാണ് ബ്ലിങ്കറ്റ് വഴി വിറ്റഴിച്ചത്. 10 ദശലക്ഷത്തിലധികം കൊക്കകോള ക്യാനുകള്‍ ബ്ലിങ്കിറ്റില്‍ ഓര്‍ഡര്‍ ചെയ്തു. തംസ് അപ്പ്, മാസ, സ്പ്രൈറ്റ് എന്നീ പാനീയങ്ങള്‍ക്ക് പതിനായിരക്കണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചത്. സ്വിഗി ഇന്‍സ്റ്റമാര്‍ട്ടും തങ്ങളുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകല് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള റിപ്പോര്‍ട്ടില്‍ ദല്‍ഹിക്ക് പ്രിയം ഇന്‍സ്റ്റന്റ് ന്യൂഡില്‍സിനോടാണ്. മുംബൈക്കാര്‍ സവാളയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത്. പാല്, തൈര്, ദോശ മാവ്, ചിപ്സ്, ശീതളപാനീയങ്ങള്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്ത വിഭവങ്ങളില്‍ ആദ്യ അഞ്ചിലുള്ളത്. കൂടാതെ രക്ഷബന്ധന്‍ ദിനത്തില്‍ 8,00,000 രാഖികള്‍ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഉപഭോക്താക്കള്‍ ഓര്‍ഡര്‍ ചെയ്തതായും സ്വിഗി ഇന്‍സ്റ്റമാര്‍ട്ട് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: