2022 അവസാനം, തികച്ചും യാദൃച്ഛികമായാണ് അങ്ങനെയൊരു ആവശ്യത്തിന് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്ന ചോദ്യം എന്റെയടുത്തുവന്നത്. ആവശ്യമിതാണ്, എം.ടി. വാസുദേവന്‍ നായര്‍ക്ക് സഹായിയായി ഒരു വിശ്വസ്തനെ വേണം. ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞ് പെരുമാറുന്ന ഒരാള്‍.
എംടിക്ക് സഹായിയാകാന്‍ ആളെ കിട്ടാതെവരില്ലല്ലോ! കൂടുതല്‍ ചോദിച്ചറിഞ്ഞപ്പോഴാണ് എഴുത്തിനും വായനയ്‌ക്കും സഹായിക്കാനല്ല, ദൈനംദിന കാര്യങ്ങളില്‍ ഒരു കൂട്ടിനുണ്ടായിരിക്കുകയാണ് വേണ്ടതെന്ന്; വയസ് 90 അടുത്ത ഒരാളിന്റെ എല്ലാ ആവശ്യത്തിലും ഒപ്പമുണ്ടാകാന്‍ ഒരാള്‍.
അക്കാലത്താണ് ഒരു ജോലിക്ക് എന്താണ് സാധ്യതയെന്ന് ചോദിച്ച് ചിരകാല സൃഹൃത്തായ, ‘രവിയേട്ടന്‍’ എന്ന് പലരും വിളിക്കുന്ന വി.കെ. രവികുമാര്‍ എന്നെ സമീപിച്ചത്. രവിയെക്കുറിച്ച് ഏറെ അറിയാവുന്നതിനാല്‍ ഞാന്‍ അദ്ദേഹത്തോട് ഇങ്ങനെയൊരു ജോലിയെക്കുറിച്ച് സംസാരിച്ച് ഏകദേശ ധാരണയുണ്ടാക്കിയ ശേഷം അന്വേഷിച്ചവരെ അറിയിച്ചു. എംടി കാണണം, കണ്ട് അദ്ദേഹത്തിന് ആളെ ബോധ്യപ്പെടണം. ഏതാനും ദിവസം നോക്കും, പറ്റുമെങ്കില്‍ തുടരാം. വ്യവസ്ഥകളൊക്കെ വീട്ടുകാരും രവിയും തമ്മില്‍ സംസാരിച്ചു. ‘ഹിന്ദുവിശ്വ’ മാസികയുടെ എഡിറ്റര്‍ കെ. സുനീഷ് വഴിയാണ് എന്റെയടുത്ത് ഈ ദൗത്യം എത്തിയത്. തൃശൂര്‍ സ്വദേശിയായ സുനീഷിന് എംടിയുമായി അത്രയടുപ്പമാണ്. അങ്ങനെ എംടിയുടെ മകള്‍ അശ്വതിയുമായും സൗഹാര്‍ദ്ദം. രവി അങ്ങനെ കോഴിക്കോട്ടെത്തി.
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് മരുതൂര്‍ സ്വദേശിയാണ് വി. കെ. രവികുമാര്‍. ജനിച്ചതും വളര്‍ന്നതും മുംബൈയില്‍. അച്ഛനും അമ്മയും പണ്ട് അവിടെ തൊഴില്‍തേടി എത്തി അവിടത്തുകാരായതാണ്. ഒമ്പതുമക്കളില്‍ ഒരാള്‍. എല്ലാവരും പഠിത്തക്കാര്‍, വിദ്യാസമ്പന്നരായി. രവി പഠിത്തമൊക്കെ കഴിഞ്ഞ് ഗള്‍ഫിലേക്ക് പോയി. 30 വര്‍ഷം മുമ്പത്തെ കാര്യമാണ്, അന്ന് ഗള്‍ഫ് ഒരു സ്വപ്‌ന സ്ഥാനമായിരുന്നല്ലോ. രവി ഗള്‍ഫില്‍നിന്ന് മടങ്ങിയെത്തിയത് പട്ടാമ്പിയിലാണ്. അവിടെ ടൈലറിങ് ഷോപ്പ് നടത്തുകയായിരുന്നു. അതിനിടെയാണ് പുതിയ ജോലി തേടിയത്.
പല ചര്‍ച്ചകള്‍ക്കൊടുവില്‍ രവി അങ്ങനെ കോഴിക്കോട്ടെത്തി; നടക്കാവിലെ ‘സിതാര’യില്‍- 2022 ഡിസംബര്‍ എട്ടായിരുന്നു അതെന്ന് രവി ഓര്‍മ്മിക്കുന്നു. ഇന്നലെ, (2024 ഡിസംബര്‍ 26 ന്) ‘സിതാര’യില്‍ എംടി സാറിനെ കാണാന്‍ എത്തിയതും നെടുവീര്‍പ്പോടെ ഓര്‍മ്മിച്ച് രവി പറയുന്നു:
”40 ദിവസമേ ഞാന്‍ സാറിനൊപ്പമുണ്ടായിരുന്നുള്ളു. പക്ഷേ എനിക്കത് നാളേറെക്കാലത്തെ അനുഭവവും ആനന്ദവും തന്നു. ഞാന്‍ അന്ന് ആദ്യമായി ആ മഹാപുരുഷന്റെ അടുത്തെത്തിയത് വെറ്റില അടയ്‌ക്ക ദക്ഷിണവെച്ച് കാല്‍തൊട്ടുതൊഴുതായിരുന്നു. 40 നാള്‍ കഴിഞ്ഞ് എന്റേതുമാത്രമായ ചില അസൗകര്യങ്ങളാല്‍, അത് അനിവാര്യമായി മാറിയതിനാല്‍ അവിടെനിന്ന് ഒഴിഞ്ഞുപോരുമ്പോഴും ഞാന്‍ ദക്ഷിണവെച്ച് വിടപറഞ്ഞാണ് പോന്നത്. എനിക്ക് ഈ ജന്മത്തിലെ മറക്കാനാവാത്ത നാളുകള്‍ ആണത്.”
ഇന്നും വല്ലപ്പുഴ മരുതൂര്‍ വാഴക്കാട്ട് കല്ലിങ്കല്‍ത്തൊടിയിലെ വി.കെ. രവികുമാര്‍ എന്ന 55 കാരന്‍ ആ ഓര്‍മ്മ താലോലിക്കുന്നു. അതില്‍ അഭിമാനിക്കുന്നു.
രവി പറയുന്നു: ”2023 ജനുവരി ഒന്ന്, പുതുവര്‍ഷം. സാധാരണ ഉറക്കമെഴുന്നേറ്റാല്‍ സാര്‍ നേരേ വാഷ്‌റൂമിലേക്കാണ് പോക്ക്. അതിനാണ് കാലത്ത് ഉണരുന്നതെന്ന തോന്നല്‍ ആയിരുന്നു. ഞാന്‍ ആ ദിവസം സാറിനെ കൈപിടിച്ച് നേരേ ജനാലയുടെ അടുത്തേക്ക് നടത്തി. മാറ്റിയിട്ട കര്‍ട്ടനിടയിലൂടെ സൂര്യപ്രകാശവും പുറം ലോകവും കാണാം. ഞാന്‍ പറഞ്ഞു സര്‍, ഇന്ന് പുതുവര്‍ഷമാണ്. നമുക്ക് ഇന്നു മുതല്‍ ഇങ്ങനെയാകണം. ആദ്യം കുറച്ചുനേരം വെട്ടം കാണാം…. ഓഹോ, ഇന്ന് ന്യൂ ഇയറാണോ. എന്ന് എന്നെ നോക്കി ചിരിച്ചു ചോദിച്ചു…
വൈകിട്ട് എന്നും കുറച്ചുനേരം നടത്തമുണ്ട്. സിതാരയില്‍നിന്ന് മെയിന്‍ റോഡിലേക്കുള്ള ചെറുദൂരം അങ്ങോട്ടുമിങ്ങോട്ടും. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, നമ്മുടെ വളപ്പിലെ തെങ്ങില്‍ തേങ്ങ ഉണങ്ങിക്കിടക്കുന്നു. എന്റെ കൈയില്‍ മുറുക്കിപ്പിടിച്ച് മുകളിലേക്ക് നോക്കി സാര്‍ ചോദിച്ചു- ഇത് നമ്മുടെ തെങ്ങാണോ. തേങ്ങ പറിക്കാന്‍ പറയാം. അപ്പോഴും സാര്‍ എന്നെ നോക്കി സുന്ദരമായി ചിരിച്ചു.
ഒരു ദിവസം ആ വഴിയില്‍ നിറയെ മുക്കുറ്റിപ്പൂ, ഞാന്‍ ചിലത് പൊട്ടിച്ച് സാറിന് കൊടുത്തു. അത് നോക്കി, മണത്ത് സാര്‍ എന്തോ ആലോചിച്ചുനിന്നു. ഞാന്‍ എനിക്കറിയാവുന്ന മുക്കുറ്റി മാഹാത്മ്യമൊക്കെ പറഞ്ഞു. സാര്‍ അതിസുന്ദരമായി ചിരിച്ചു. സാറിന്റെ പതിവുകള്‍ക്കൊക്കെ ചില മാറ്റങ്ങള്‍ അങ്ങനെ വരികയായിരുന്നു,” രവി മധുരത്തോടെ ഓര്‍മ്മിക്കുന്നു.
”കാലത്ത് ചായകുടി, പിന്നെ എല്ലാവര്‍ക്കും അറിയാവുന്ന എംടിയുടെ ബീഡിവലി. ഒന്നില്‍നിന്ന് അടുത്തതെന്ന രീതിയിലാണത്. അക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ എങ്ങനെ കഴിയുമെന്ന് ഞാന്‍ ചിലപ്പോഴൊക്കെ ചിന്തിച്ചു. പക്ഷേ, അതിന്റെ ദോഷവും പ്രശ്‌നവുമൊക്കെ അറിയാവുന്ന സാര്‍ അത് ചെയ്യുമ്പോള്‍പ്പിന്നെ ഞാന്‍ എന്തഭിപ്രായം പറയാന്‍. ഞാന്‍ ഒന്നു ചെയ്തു, പോക്കറ്റില്‍ ഗ്യാസ് ലൈറ്റര്‍ കരുതി. ആ കാര്യത്തില്‍ സാറിന്റെ ആഗ്രഹത്തിന് തടസ്സമുണ്ടാകാതിരിക്കാന്‍.”
എംടിയുടെ ശീലങ്ങള്‍, ചിട്ടകള്‍ ഒക്കെ രവി വിവരിക്കുമ്പോള്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്ന ചില കാര്യങ്ങള്‍ പ്രത്യേകം പറയുന്നു:
”രാത്രി കിടക്കുമ്പോള്‍ ‘അമ്മേ, ഭഗവാനേ’ എന്ന് വിളിച്ചായിരിക്കും ചെരിയുക. ‘അമ്മ’ സ്വന്തം അമ്മതന്നെയെന്ന് ഒരിക്കല്‍ ചോദിച്ചറിഞ്ഞു. ‘ഭഗവാന്‍,’ അത് ഏത് ഭഗവാന്‍ എന്ന് എനിക്ക് ചോദിക്കാന്‍ തോന്നിയതേ ഇല്ല. പ്രമേഹ രോഗത്തിന്റെ അസ്‌കിതകള്‍ ഉണ്ടായിരുന്നതിനാല്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് ഉണരും, അപ്പോഴെല്ലാം ഈ ‘അമ്മേ, ഭഗവാനേ’ വിളികള്‍ കേള്‍ക്കാമായിരുന്നു. ഏത് ആവശ്യത്തിനും ഞാന്‍ വിളിപ്പുറത്തുണ്ടായിരുന്നു. സഹായം വേണ്ടപ്പോഴൊക്കെ ആ കൈകള്‍ ഞാന്‍ എന്റെ കൈകള്‍ക്കുള്ളില്‍ കോര്‍ത്തു പിടിച്ചു.”
ദിവസവും തപാലില്‍ വരുന്ന കത്തുകള്‍ ചോദിക്കും, പൊട്ടിച്ച് വായിക്കും. മറുപടി എഴുതുന്നത് കൃത്യം പതിവൊന്നുമായിരുന്നില്ല. വൈകിട്ട് മൂന്നു മണിക്ക് ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ കുറച്ച് നടത്തം, പിന്നെ നാലുമണിക്ക് അരക്കിലോ മീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് പോകും. അവിടെ ആരെങ്കിലും കാണാന്‍ എത്തിയിട്ടുണ്ടെങ്കില്‍ കാണും. കുറച്ചുനേരം ഇരിക്കും, ഏഴുമണിയോടെ വീട്ടിലേക്ക്… ഇതായിരുന്നു സാധാരണ വേളകളിലെ പതിവ്.
ഒരു ദിവസം കോണിപ്പടി ഇറങ്ങുമ്പോള്‍ കൈപിടിക്കാന്‍ ചെന്ന എന്റെ കൈയില്‍ തൊട്ടപ്പോള്‍ ‘നല്ല ചൂടുണ്ടല്ലോ രവീ’ എന്ന് ചോദിച്ചു. എനിക്ക് പനിയോ മറ്റോ ആണെന്ന് സാര്‍ ധരിച്ചിട്ടുണ്ടാവും. പെട്ടെന്ന് ഞാന്‍ പറഞ്ഞുപോയി: ‘ചെറുപ്പമല്ലേ സാര്‍, അതായിരിക്കും.’ ഞാന്‍ അറിയാതെ പറഞ്ഞുപോയതാണ്. പക്ഷേ സാര്‍ അതും ആസ്വദിച്ചു, ചിരിച്ചു.
ഞാന്‍ സാറിനുവേണ്ടി പ്രത്യേകിച്ച് പെരുമാറ്റമൊന്നും ശീലിച്ചില്ല. എന്നെ ജോലി ഏല്‍പ്പിച്ചവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. അത് മനസ്സില്‍ സൂക്ഷിച്ചു. എന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെടണമെന്ന് കരുതി ഞാന്‍ ഒന്നും ചെയ്തില്ല. പക്ഷേ, എന്നെ മാത്രമല്ല, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട്, രണ്ടാമത്തെ ദിവസം അദ്ദേഹം എന്നെ വിളിച്ചു: ‘രവീ, ആ ബാഗെടുക്കൂ, അതില്‍ ഒരു താക്കോല്‍ ഉണ്ട്. അതുകൊണ്ട് ആ കപ് ബോര്‍ഡ് തുറക്കൂ’ എന്ന് പറഞ്ഞു. തുറന്നപ്പോള്‍ അതില്‍ നിറയെ മുണ്ടുകള്‍. അതില്‍നിന്ന് രണ്ടെണ്ണം എടുത്ത് അദ്ദേഹം എനിക്ക് ചിരിച്ചുകൊണ്ട് തന്നു. ‘ഇതു നിങ്ങള്‍ ഉപയോഗിച്ചുകൊള്ളൂ,’ എന്നു പറഞ്ഞു. ഞാന്‍ നിധിപോലെ അത് വാങ്ങി…
ഊണുകഴിക്കാന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകും. ഭാര്യാ സഹോദരന്‍ ശ്രീരാമേട്ടനാണ് എല്ലാ കാര്യങ്ങളും നോക്കുന്നത്. ഞാന്‍ കൊണ്ടുചെന്നിരുത്തും. ഭക്ഷണം കഴിഞ്ഞാല്‍ തിരികെ കൊണ്ടുചെന്നിരുത്തിക്കഴിഞ്ഞാല്‍ വിളിക്കും, ശ്രീരാമാ… അദ്ദേഹം വന്നാലുടന്‍ രവിക്ക് ഭക്ഷണം കൊടുക്കൂ എന്ന് നിര്‍ദ്ദേശിക്കും. അതും ഒരു പതിവായിരുന്നു. അടുത്തിരുന്ന് ഞാന്‍ കഴിക്കും. ‘ശ്രീരാമാ’ എന്ന വിളികള്‍ ആ വീട്ടില്‍ ഇടയ്‌ക്കിടെ മുഴങ്ങിക്കൊണ്ടിരുന്നു. സാര്‍ രാമനാമം ജപിക്കുംപോലെ അത് ആവര്‍ത്തിച്ചുകൊണ്ടുമിരുന്നു.
ഒരു ദിവസം എന്നെ വിളിച്ച് അരികത്ത് നിര്‍ത്തി ഫോട്ടോ എടുപ്പിച്ചു. അപ്പോള്‍ എനിക്ക് തോന്നി ഈ മഹാമനുഷ്യന്റെ ഒരു ഓട്ടോഗ്രാഫ് സൂക്ഷിക്കേണ്ടതല്ലേ. ഞാന്‍ ചോദിച്ചു, എനിക്ക് ഓട്ടോഗ്രാഫ് തന്നു.
എനിക്ക് അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിേച്ചാ, ജീവിതത്തെക്കുറിച്ചോ ഒന്നും സംസാരിക്കാന്‍ പാകത്തില്‍ ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങളില്‍ വര്‍ത്തമാനം പോയില്ല. ഇടയ്‌ക്ക് സാഹിത്യകാരന്‍ ഡോ.ശ്രീകുമാര്‍ വരും. അവര്‍ തമ്മില്‍ എഴുത്തും സാഹിത്യവും സംഭവങ്ങളും മറ്റും മറ്റും സംസാരിക്കും. ഞാന്‍ കേട്ടിരിക്കും. അവിടെയുള്ള ഏതു പുസ്തകവും എടുത്ത് വായിക്കാമെന്ന് അനുവാദം നല്‍കിയിരുന്നു. സാര്‍ ഉറങ്ങുന്ന വേളകളില്‍ ചിലപ്പോള്‍ ചില പുസ്തകങ്ങള്‍ മറിച്ചുനോക്കി പരിചയപ്പെടാന്‍ അവസരം കിട്ടിയിരിന്നു.
ഡോ.ശ്രീകുമാര്‍ എംടിയുടെ ജീവചരിത്രം തയാറാക്കുകയായിരുന്നു.
മകള്‍ അശ്വതിയോടായിരുന്നു ഏറ്റവും പ്രിയം. ‘വാവേ’ എന്നാണ് വിളിച്ചിരുന്നത്. അവര്‍ ഒന്നിച്ചുള്ള വേളകളില്‍ സാര്‍ ഏറെ സന്തോഷവാനായി കാണപ്പെട്ടു. നാട്ടുകാര്യം, അനുഭവം, സിനിമാ സംഭവം ഒക്കെ് അവര്‍ സംസാരിച്ചു. ചില ദിവസങ്ങളില്‍ അവര്‍ രാത്രി വര്‍ത്തമാനം പറഞ്ഞിരിക്കും. മോള്‍ പിറ്റേന്നേ പോകൂ. ആ വാത്സല്യത്തിന്റെ അംശത്തിലൊന്നെന്ന അളവെങ്കിലും അദ്ദേഹം എന്നോടും കാണിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിരുന്നു. അദ്ദേഹത്തിനൊപ്പമുള്ള വേളകളില്‍ ഞാന്‍ അച്ഛനൊപ്പാമാണെന്നാണ് ചിലപ്പോളെല്ലാം തോന്നിയിരുന്നത്…” രവി തുടര്‍ന്നു.
”എനിക്ക് അദ്ദേഹത്തോടൊപ്പം തുടരാന്‍ തന്നെയായിരുന്നു ആഗ്രഹം. അതൊരു ജോലിയായി എനിക്ക് തോന്നിയതേ ഇല്ല. അതേ സമയം വെറുതേയിരിക്കാന്‍ എനിക്കറിയാത്തതിനാല്‍ ഞാന്‍ ഇടയ്‌ക്ക് വീട്ടിലെ മറ്റാവശ്യങ്ങളും ചോദിച്ചറിഞ്ഞ് ചെയ്യുമായിരുന്നു. പക്ഷേ, അതെല്ലാം സാറിന്റെ അറിവും അനുമതിയോടും മാത്രമായിരുന്നു. എന്റെ അനിവാര്യതകളാണ് ഒരു മണ്ഡലകാലം (41 ദിവസം) പൂര്‍ത്തിയാക്കാതെ ഞാന്‍ മടങ്ങേണ്ടിവന്നത്. എനിക്ക് ശമ്പളം കുറഞ്ഞുപോയതുകൊണ്ടാണോ എന്നെല്ലാം വീട്ടുകാര്‍ ആശങ്കപ്പെട്ടു. അതൊന്നുമായിരുന്നില്ല, കാരണം. എപ്പോള്‍ വിളിച്ചാലും പട്ടാമ്പിയില്‍നിന്ന് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എത്താമെന്ന് ഉറപ്പുനല്‍കിയാണ് ഞാന്‍ പോന്നത്. സാര്‍ ആശുപത്രിയിലായിരിക്കെ പലവട്ടം, പല ഘട്ടങ്ങളില്‍ അതറിഞ്ഞ് ഞാന്‍ എത്തി. ഒടുവില്‍ അത് സംഭവിച്ചു, മറ്റൊരു അനിവാര്യത. സിതാരയിലെ നിലത്ത് അദ്ദേഹം ഉറങ്ങുന്നതുപോലെ കിടന്നു. അടുത്ത നിമിഷം ‘അമ്മേ, ഭഗവാനേ’ എന്നൊരു വിളി കേള്‍ക്കുമെന്ന് കാതോര്‍ത്ത് ഞാന്‍ ആ ദേഹത്തിനരികില്‍ ഏറെ നേരം നിന്നു. സാര്‍ ഇല്ലാതായി, പക്ഷേ ആ ഓര്‍മ്മകള്‍, ആ അസാധാരണമായ 40 ദിവസങ്ങള്‍, എന്നെ സംബന്ധിച്ചിടത്തോളം അതിന് മരണമില്ല…”
വി.കെ. രവി 25 കൊല്ലമായി പട്ടാമ്പിയില്‍ തയ്യല്‍ കട നടത്തുന്നു. ഭാര്യ വി. സുന്ദരി പട്ടാമ്പി സിജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയാണ്. മകള്‍ ശ്രീലക്ഷ്മി ആര്‍.നായര്‍ പട്ടാമ്പി സംസ്‌കൃത കോളജില്‍ പിജി വിദ്യാര്‍ത്ഥിനി. മകന്‍ ശ്രീഹരി ആര്‍. നായര്‍ വാവന്നൂര്‍ ശ്രീപതി എന്‍ജിനീയറിങ് കോളജില്‍ ബിടെക് പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: