ക്രാന്തദര്‍ശികളായ ഋഷികള്‍ ശബ്ദത്തിലുള്ള മനുഷ്യന്റെ ഭ്രമത്തെ വികാസത്തിന് ഉപയോഗിച്ചു. അതാണ് നല്ല സംഗീതം! മായാമാളവഗൗളവും ശ്രീരാഗവും ഒക്കെ മനുഷ്യന്റെ ശബ്ദത്തോടുള്ള അഭിനിവേശം നിമിത്തം സ്വയമറിയാതെ നിത്യനിരന്തരമായ ശബ്ദത്തിന്റെ സോഹം പ്രണവം, പഞ്ചപ്രാണങ്ങളില്‍ ഉദ്ഗാതാവായ ഉദാനനില്‍ രൂപപ്പെടുത്തി അവനെ പൂര്‍ണ്ണമാക്കാന്‍ ഋഷി കണ്ടെത്തിയ ആവിഷ്കാരങ്ങളാണ്. സംഗീതത്തില്‍ ലയിച്ചിരുന്ന് കുറേകഴിയുമ്പോള്‍ ഭ്രമമുദിക്കും. സംഗീതത്തിന് രണ്ടു ധര്‍മ്മങ്ങളുണ്ട്. ഒന്ന് മനുഷ്യന്റെ സിരാ പടലങ്ങളില്‍ മാറ്റംവരുത്തി അവനെ ഉയരങ്ങളിലേക്ക് ഉയര്‍ത്തല്‍. അവിടെ സംഗീതം അവന്റേതു തന്നെയാണ്. അതിന് ഗണിതയുക്തികളുണ്ട്. അതിന് ശബ്ദങ്ങള്‍ക്ക് ഇത്ര ആവര്‍ത്തി വേണം എന്നൊക്കെ നിയമമുണ്ട്. ജന്യരാഗങ്ങളും ജനകരാഗങ്ങളും ഒക്കെ ഉപയോഗിച്ചുള്ള പഠനങ്ങളുണ്ട്. ശബ്ദം മനുഷ്യന്റെ ഉപാസനയാക്കി മാറ്റി അതിനുള്ള മന്ത്രങ്ങളെ ഉപയോഗിച്ച് മനസിനെ ത്രാണനം ചെയ്ത് ഉയരങ്ങളിലേക്കു കൊണ്ടുപോകാം.
അതുപോലെ അതിനെ താഴേക്കു താഴ്ത്തുകയും ആവാം. അവിടെ മനുഷ്യന് മരിക്കുകയാണ്. അവിടെ അവന് അവനല്ലാതായിതീരുകയാണ്. അവന് ജീവിതം ഇല്ലാതായിത്തീരുകയാണ്. അതുകൊണ്ടാണ് അതിന് ബന്ധനേ എന്നുപറയുന്നത്. സിനിമാറ്റിക് ഡാന്‍സിന്റേതു പോലുള്ള സംഗീതമൊക്കെ വികാരമുണ്ടാക്കുന്നതാണ്. അതു കഴിയുമ്പോള്‍ ക്ഷീണമുണ്ടാക്കും. ചെയ്തവനും കണ്ടിരുന്നവനും കേട്ടിരുന്നവര്‍ക്കും എല്ലാം ഒരു പോലെ ക്ഷീണം ഉണ്ടാകും. വികാരമുണ്ടാക്കുന്ന ശബ്ദങ്ങള്‍ ഏതായാലും അത് ഉണ്ടാക്കുന്നവനും കേള്‍ക്കുന്നവനുമെല്ലാം ക്ഷീണമുണ്ടാക്കും. ഇവിടെ സംഗീതം സാധനയല്ല, വെറും പണിയെടുക്കലാണ്. ആദ്യത്തേതു പണിയല്ല, സാധനയാണ്.
നിരന്തരമായി ശബ്ദ സാധന ചെയ്യുന്നവന് ഓരോ ശബ്ദവും തന്റെയും സമൂഹത്തിന്റെയും ഉല്ക്കര്ഷത്തിനായി ഉപയോഗിക്കുമ്പോള്‍ വേറൊരു വേതനവും വേണ്ടിവരില്ല. അത്തരം സംഗീതജ്ഞര്‍ ഒന്നും തുക്കട പാടാന്‍ പോകില്ല. അവര്‍ മനസ്സുഖത്തിനാണു പാടുന്നത്. തുക്കട പാടുന്നത് സുഖിപ്പിക്കാനും. പാടുന്നത് സുഖിക്കാനും സുഖിപ്പിക്കാനുമാകുമ്പോള്‍ ക്ഷീണമുണ്ടാകും. ഉപാസനയില്‍ സംഗീതജ്ഞന്റെ ശബ്ദമല്ല, പരയുടെ ശബ്ദമാണ് ശ്രോതാക്കള്‍ കേള്‍ക്കുന്നത്. അതു നുകരുന്ന ഭാഗ്യവാന്മാര്ക്ക് പതിനായിരമാണ്ട് അല്‍പനേരമാണ്. ശ്രീനാരായണഗുരുദേവന്‍ അങ്ങനെയാണു പറയുന്നത്. ‘അപരയ്ക്കധീനമായാല്‍ അരനൊടി ആയിരമാണ്ടുപോലെയാകും.’
സുഖിക്കാനും സുഖിപ്പിക്കാനുമുള്ള ശബ്ദം വിഷയമാണ്, വിഷയിയെ ബന്ധിക്കുന്നതാണ്. ബന്ധിക്കുമ്പോള്‍ അത് വിഷമായി രൂപാന്തരം പ്രാപിക്കുന്നതാണ്. സ്വരൂപം വെടിയുന്നതുകൊണ്ട് അത് മൃത്യുവുമാണ്. എങ്ങനെയാണ് മൃത്യുവരുന്നതെന്നു മനസിലാക്കാം. സ്നേഹമുള്ള മകന് അച്ഛന്റെ വാക്ക് അമൃതാണ്. ഇതേ മകന് മറ്റൊരിക്കല്‍ പിതൃദ്വേഷി ആയി മാറി എന്നു കരുതുക. അപ്പോള്‍ അവന് അച്ഛന്റെ വാക്ക് കാളകൂടം പോലെയാകും. അപ്പോള്‍ അവന് ആളാകെ മാറും. അവനിലെ മകന് മരിക്കും. അവനിലെ മകന് മരിക്കുന്നത് എങ്ങനെയാണ്? അച്ഛന്റെ ഹിതമല്ലാത്ത ശബ്ദം കേള്‍ക്കുമ്പോള്‍. ഇവിടെയാണ് ശബ്ദം വിഷയം ആവുന്നത്. ഇവിടെയാണ് വിഷയം വിഷമാകുന്നത്. അതിന് ആരുമൊന്നും പ്രത്യേകിച്ചു ചേര്‍ക്കേണ്ട! നാവില്‍ ആണ് വിഷം. ശബ്ദമെല്ലാം വിഷമയമായിതീരും. അതുകൊണ്ട് വിഷമയമായ ശബ്ദങ്ങളെല്ലാം ത്യജിക്കുന്നതാണ് നല്ലത്.
ഇതുപോലെയാണ് സ്പര്‍ശവും! അസുഖകരമായ സ്പര്‍ശവും വിഷമാണ്. അസുഖകരമായ സ്പര്‍ശനം എങ്ങനെയാണ് വിഷമാകുന്നതെന്ന് പൊതുസ്ഥലങ്ങളില്‍ അതിനു വിധേയരാകുന്ന വനിതകള്‍ക്ക് നന്നായറിയാം. രൂപവും വിഷമയമാണ്. സ്വര്‍ണ മാനിന്റെ രൂപത്തില്‍ മായാസീത ഭ്രമിച്ചപ്പോള്‍ ശിഷ്ടജീവിതം വിഷമയമായി. രൂപം വിഷമാകുമ്പോഴാണ് ”നിന്റെ ചന്തംകണ്ട് ജീവിക്കാന്‍തുടങ്ങിയപ്പോള്‍ എന്റെ ജീവിതം പോക്കായി” മട്ടിലുള്ള വാക്ശരങ്ങള്‍ കുടുംബത്തനുള്ളില്‍ എയ്തു വിടപ്പെടുന്നത്.
അടുത്തത് രസം. ഇന്നു നിങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ മൃത്യുകാരണം ആകുന്നു. ഈ രോഗങ്ങളുടെ കാരണമോ? അതു മുഴുവന്‍ രസത്തിള്‍ ആണിരിക്കുന്നത്. സ്വന്തംവീട്ടില്‍ അമ്മ വെച്ചുവിളമ്പുന്ന ഒരാഹാരവും പിടിക്കില്ല. ഹോട്ടലുകളില്‍ ആരാണു വെച്ചതെന്നോ, എന്താണു ചേര്‍ത്തിരിക്കുന്നതെന്നോ അറിയാത്ത ആഹാരം രുചിയോടെ കഴിക്കും. നാവിന്റെ രസത്തിലാണ് നോട്ടം. നാവിനു രസിക്കുന്ന എന്തും കഴിക്കും. ജീര്‍ണ്ണിച്ചതും പഴകിയതും വിരുദ്ധവുമായ എന്തും രൂപമാറ്റംവരുത്തി നാവിന് രുചികരമാക്കിയാല്‍ അമൃതേത്തുപോലെ കഴിക്കും. രൂപം, ശബ്ദം, സ്പര്‍ശം, രസം ഈ നാലു വിഷയങ്ങള്‍ എങ്ങനെ വിഷമായി വൈകാരിക തലത്തില്‍ ഒരുവനെ അവനല്ലാതാക്കി തീര്‍ക്കുന്നു എന്നു കണ്ടുകഴിഞ്ഞു. അഞ്ചാമത്തേതും അവസാനത്തേതും ഗന്ധമാണ്. സുഗന്ധം ആളുകളെ ആകര്‍ഷിക്കും. ”വിഷയാദിനി വിവര്‍ത്തന്തേ നിരാഹാരസ്യ ദേഹിനഃ രസവര്‍ജ്ജം രസോഭ്യസ്യ പരം ദൃഷ്ട്വാ നിവര്‍ത്തതേ” എന്നാണ് ഗീതയില്‍ പറയുന്നത്. (വിഷത്തെ എപ്രകാരമാണോ ത്യജിക്കുന്നത് അതുപോലെ ഈ വിഷയങ്ങളെ നീ മുക്തി ഇച്ഛിക്കുന്നെങ്കില്‍ ത്യജിക്കുക). ഈ അഞ്ചു വിഷയങ്ങളാണ് എല്ലാവരേയും ബന്ധിക്കുന്നത്. വിഷയബന്ധമില്ലാത്തവന് കടമയും കടപ്പാടുമില്ല. അതിനാല്‍ മുക്തി ആഗ്രഹിക്കുന്നുവെങ്കില്‍ വിഷയങ്ങളെ വിഷം പോലെ ത്യജിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: