കൊച്ചി: പെരിയ ഇരട്ട കൊലപാതകത്തില്‍ വിധി പറയുന്നതിനിടെ നാടകീയ രംഗങ്ങൾ. കേസിൽ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് ഇനി മരിച്ചാല്‍ മതിയെന്നും കേസിലെ 15ാം പ്രതി എ. സുരേന്ദ്രന്‍(വിഷ്ണു സുര). ജഡ്ജി എന്‍.ശേഷാദ്രിനാഥന്റെ മുന്നില്‍ കരഞ്ഞുകൊണ്ടായിരുന്നു പ്രതിയുടെ അപേക്ഷ.
ഗൂഢാലോചന, പ്രതികളെ രക്ഷപെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. കുടുംബ പ്രാരാബ്ധങ്ങള്‍ നിരത്തിയും പ്രായമായ മാതാപിതാക്കളും ചെറിയ കുട്ടികളും ഉണ്ടെന്നുള്ളത് ചൂണ്ടിക്കാണിച്ചും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് മറ്റ് പ്രതികളും ആവശ്യപ്പെട്ടു. പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവർക്കുള്ള ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. സിപിഎം നേതാക്കള്‍ അടക്കം കേസില്‍ 24 പ്രതികളാണ് ഉണ്ടായിരുന്നത്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരേ കൊലപാതകക്കുറ്റം തെളിഞ്ഞു. 20ാം പ്രതി മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്നാണ് കണ്ടെത്തല്‍. 10 പ്രതികളെ കോടതി വെറുതേ വിട്ടു. 9,11,12,13,16,18,17,19, 23,24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: