മസ്ക്കറ്റ് : ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ നിന്ന് എഡി 16, 18 നൂറ്റാണ്ടുകളിലെ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ദോഫാർ ഗവർണറേറ്റിലെ അൽ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിൽ നടത്തിയ ഉദ്ഘനന പ്രവർത്തനങ്ങളിലാണ് ഈ പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്.
ഇറ്റാലിയൻ യൂണിവേഴ്സിറ്റി ഓഫ് നാപ്പിൾസുമായി സംയുക്തമായി നടത്തുന്ന ഉദ്ഘനന പ്രവർത്തനങ്ങളുടെ ഏഴാമത് സീസണിന്റെ ഭാഗമായാണ് ഈ കണ്ടെത്തലുകൾ. അൽ ബലീദ് ആർക്കിയോളജിക്കൽ സൈറ്റിന്റെ തെക്ക് പടിഞ്ഞാറൻ പ്രവേശനകവാടത്തിനും, അൽ ഫർദ് മേഖലയ്‌ക്കും അരികിലായി ഈ മേഖലയിലെ കോട്ടയുടെയും, അൽ ബലീദ് പള്ളിയുടെയും തെക്കൻ പ്രദേശങ്ങളിലാണ് ഇത്തവണ പ്രധാനമായും ഉദ്ഘനന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഈ മേഖലയിൽ നിന്ന് ഒന്നിലധികം ചെറു മുറികളുള്ള ഒരു കെട്ടിടത്തിന്റെ അവശേഷിപ്പുകൾ ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഈ കെട്ടിടത്തിൽ അടുപ്പ്, ചൂള എന്നിവയും, വളരെയധികം കക്കകളും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇന്ത്യ, ആഫ്രിക്ക, ചൈന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പുരാവസ്തുക്കളും ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രാചീന സംസ്കൃതികളിലേക്ക് ഈ മേഖലയ്‌ക്ക് ഉണ്ടായിരുന്ന വാണിജ്യ ബന്ധങ്ങളിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
ഒരു പ്രധാന സാംസ്കാരിക, വാണിജ്യ കേന്ദ്രമായിരുന്നു അൽ ബലീദ് എന്നതിന്റെ അടയാളമാണ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള എ ഡി 16, 18 നൂറ്റാണ്ടുകളിൽ നിന്നുളള പുരാവസ്തു അവശേഷിപ്പുകൾ എന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ മാസമാദ്യം സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ പുരാതന നഗരമായ ഖൽഹാഥിന്റെ തീരപ്രദേശത്താണ് ഈ അണ്ടർവാട്ടർ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചിരുന്നു. ഒമാനിലെ പുരാവസ്തുഅവശേഷിപ്പുകൾ കണ്ടെത്തി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഈ നടപടിയുടെ ഭാഗമായി പ്രാചീന ഖൽഹാഥ് തുറമുഖത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തുന്നതിനും, സർവേ ചെയ്യുന്നതിനും, കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്നു. പതിനൊന്നാം നൂറ്റാണ്ട് മുതൽ പതിനാറാം നൂറ്റാണ്ട് വരെയുള്ള കാലയളവിലെ വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരിടമായിരുന്നു ഖൽഹാഥ് തുറമുഖം.
അറേബ്യൻ ഉപദ്വീപുകൾ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയുമായി ഒമാൻ എന്ന രാജ്യത്തിന്റെ ബന്ധിപ്പിച്ചിരുന്ന സമുദ്ര വാണിജ്യ പാതയിലെ പ്രധാനപ്പെട്ട ഒരു നഗരമായിരുന്നു ഖൽഹാഥ് തുറമുഖം എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: