കൊല്ലം: ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ ഇടയ്‌ക്കിടയ്‌ക്ക് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്ന മുദ്രാവാക്യമാണിത്. അഷ്ടമുടിക്കായലിന്റെ സൗന്ദര്യത്തിനായി ചെലവഴിക്കുന്നത് കോടികളും.
അഷ്ടമുടിക്കായല്‍ നവീകരണത്തിന്റെ പേരില്‍ നടക്കുന്നത് കോടികളുടെ ധൂര്‍ത്ത് ആണെന്ന് തെളിയിക്കുന്നതാണ് തോപ്പില്‍ക്കടവിന്റെ നേര്‍ചിത്രം. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ബോട്ട് ജെട്ടി തകര്‍ന്നു. മേല്‍ക്കൂരയിലെ ഷീറ്റുകളെല്ലാം ദ്രവിച്ച് അസ്ഥികൂടമായി. കായലില്‍ മാലിന്യം നിറഞ്ഞു കിടക്കുന്നു.
‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ എന്ന് വാചകം രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡിനു ചുറ്റും കാടുകളും മാലിന്യങ്ങളുമാണ്. തോപ്പില്‍ക്കടവിലേക്കുള്ള സൂചന ബോര്‍ഡു പോലും കാണാന്‍ സാധിക്കാത്ത രീതിയില്‍ കാടുകള്‍ വളര്‍ന്നു.
നഗരത്തിലെ ടൂറിസം സ്‌പോട്ടുകളില്‍ ഒന്നും, വളര്‍ന്നുവരുന്ന കായല്‍ ടൂറിസം കേന്ദ്രവുമാണ് തോപ്പില്‍ക്കടവ് എന്നാണ് ഔദ്യോഗിക സൈറ്റുകളില്‍ വിവരണം. ദേശീയ ജലപാത 3ന്റെ പ്രവൃത്തികള്‍ പൂര്‍ത്തിയാകുമ്പോള്‍ വിവിധ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന കടവുകളില്‍ ഒന്നാണിത്.
ആശ്രാമം ലിങ്ക് റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതും ഇവിടെയാണ്. ഇത്രയധികം പ്രാധാന്യമുള്ള സ്ഥലമാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയില്‍ നശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: