ചാത്തന്നൂര്‍: വഞ്ചിക്ലേമന്‍സിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വ്യവസായ വകുപ്പിന്റെ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് 90 വര്‍ഷത്തെ പാട്ടകരാര്‍ വ്യവസ്ഥയില്‍ കൈമാറുന്നത്.
ഗവ. ഐടിഐയ്‌ക്കും സ്വകാര്യ ബസ് സ്റ്റാന്‍ഡിനും മധ്യഭാഗത്തായി കിടക്കുന്ന ഒരേക്കര്‍ വരുന്ന സ്ഥലം മതില്‍കെട്ടി തിരിച്ചാണ് പെരുമ്പാവൂര്‍ സ്വദേശിയായ വ്യവസായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ബാക്കിയുള്ള ഭൂമിയുടെ കൈമാറ്റത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്.
വ്യവസായ മന്ത്രിയുടെ ജില്ലയിലുള്ള സിപിഎം നേതൃത്വവുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിക്കാണ് ഭൂമി കൈമാറിയത്. അതിരുകള്‍ തിരിച്ച് മതില്‍കെട്ടി തിരിച്ചിട്ടും പഞ്ചായത്ത് അധികൃതരും സ്ഥലം എംഎല്‍എയും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
കുളവും നീരുറവകളും മണ്ണിട്ട് നികത്തുന്നു
ചാത്തന്നൂര്‍ തോട് അടച്ചു പൂട്ടി നീരുറവകളും കുളങ്ങളും മണ്ണിട്ട് നികത്തിയാണ് നിലവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നത്. സര്‍ക്കാര്‍ അനുവദിച്ചതില്‍ കൂടുതല്‍ ഭൂമി മണ്ണിട്ട് നികത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു. വില്ലേജില്‍ പരാതി നല്‍കിയിട്ടും അളക്കുന്നതിനോ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനോ വില്ലേജ് അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഐടിഐ പോളിടെക്‌നിക് ആയി ഉയര്‍ത്തണം
സര്‍ക്കാര്‍ ഐടിഐയോട് ചേര്‍ന്ന് കിടക്കുന്ന ഭൂമിയിലാണ് സ്വകാര്യ വ്യക്തി നിര്‍മാണം തുടങ്ങിയത്. നിലവിലുള്ള ഐടിഐ കെട്ടിടത്തിന് സമാന്തരമായി ഒരു കെട്ടിടം നിര്‍മിച്ച് പോളിടെക്‌നിക് ആയി ഉയര്‍ത്തണമെന്ന ജനങ്ങളുടെ ആവശ്യം അധികാരികള്‍ അംഗീകരിച്ചിട്ടില്ല. ഐടിഐയില്‍ വിവിധ ട്രേഡുകള്‍ക്ക് ആവശ്യത്തിന് ക്ലാസ്‌റൂമുകള്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതിന് അനുയോജ്യമായ സ്ഥലമാണ് ഇപ്പോള്‍ വ്യവസായ വകുപ്പ് കൈമാറിയിരിക്കുന്നത്.
സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം: ബിജെപി
വഞ്ചിക്ലേമന്‍സിലെ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതി നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് ആവശ്യപ്പെട്ടു. നാടിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട ഭൂമിയാണിത്. സര്‍ക്കാര്‍ തീരുമാനം അടിയന്തരമായി പിന്‍വലിച്ച് ഭൂമി തിരിച്ചെടുത്ത് ഐടിഐക്ക് വേണ്ടി കെട്ടിടം നിര്‍മിക്കണം. പദ്ധതിക്ക് പിന്നിലെ കോടികളുടെ ഇടപാട് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും കൃഷ്ണരാജ് പറഞ്ഞു.
ഭൂമി കൈമാറ്റത്തില്‍ കോടികളുടെ ഇടപാട്: കോണ്‍ഗ്രസ്
കോടിക്കണക്കിന് രൂപ വിലവരുന്ന സര്‍ക്കാര്‍ ഭൂമി വന്‍കിട സ്വകാര്യ വ്യവസായിക്ക് കൈമാറിയത് വഴി കോടികളുടെ ഇടപാടാണ് നടന്നിരിക്കുന്നതെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വിശ്വരാജന്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നില്‍ വ്യവസായ വകുപ്പും റവന്യൂ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഇടപെടല്‍ ശക്തമാണെന്നും ബിജു വിശ്വരാജന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക