പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ മൈക്കാമണ്‍ വാര്‍ഡിലെ അങ്കണവാടിയുടെ പ്രവര്‍ത്തനം ഇപ്പോഴും വാടക കെട്ടിടത്തില്‍. കെട്ടിട നിര്‍മാണം ഏകദേശം പൂര്‍ത്തിയായ അങ്കണവാടി കെട്ടിടത്തിന്റെ അവസാന പ്രവൃത്തികള്‍ നിലച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു.
സ്വകാര്യ വ്യക്തി സംഭാവന ചെയ്ത മൂന്ന് സെന്റ് സ്ഥലത്ത് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചാണ് കെട്ടിട നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ തേപ്പും തറയിടലും ജന്നല്‍ സ്ഥാപിക്കുന്ന ജോലിയും ബാക്കി നില്‍ക്കവെ നിര്‍മാണ പ്രവൃത്തികള്‍ നിലച്ചു. രണ്ട് വര്‍ഷത്തോളമായി കെട്ടിടം അങ്ങനെ തന്നെ കിടക്കുകയാണ്.
ഇതോടെ കെട്ടിടത്തിന് പലവിധ കേടുപാടുകളുമുണ്ടായി, വാതിലുകള്‍ ദ്രവിച്ചു. തേയ്ക്കാത്ത ഭിത്തിയില്‍ പായലും പൂപ്പലുമായി. ഭിത്തികളില്‍ വിള്ളലുകളുമുണ്ടായി. വെള്ളം കെട്ടിനില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ചോര്ച്ചയുമുണ്ടാകുന്നു. പരിസരമാകെ കാടുമൂടി.
പണി പൂര്‍ത്തിയാകും മുമ്പ് കരാറുകാരന് മരണം സംഭവിച്ചതോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ നിലച്ചത്. ഇത്തരം സാഹചര്യങ്ങളില്‍ പുതിയ ഫയല്‍ തുറന്ന് നടപടിക്രമങ്ങള്‍ ആദ്യം മുതല്‍ പാലിക്കണമെന്നാണ് ചട്ടം. മുന്‍ ഭരണസമിതിയുടെ കാലത്തെ പ്രവൃത്തി ആയിരുന്നതിനാല്‍ 2016-ലെ നിരക്ക് പ്രകാരമായിരുന്നു ടെന്‍ഡര്‍. പുതിയ സാഹചര്യത്തില്‍ കെട്ടിടം പൂര്‍ത്തിയാക്കി പഴക്കം മൂലമുണ്ടായ പോരായ്മകള്‍ പരിഹരിക്കാന്‍ അധികം തുക ആവശ്യമായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: