ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമാധികാരത്തെ കോണ്‍ഗ്രസ് അപമാനിക്കുന്നു. ഭാരതത്തിന്റെ വികലമാക്കിയ ഭൂപടം പ്രദര്‍ശിപ്പിച്ച് രാജ്യത്തെ അവഹേളിച്ചതായി രൂക്ഷ വിമര്‍ശനവുമായി ബിജെപി. 1924ലെ പാര്‍ട്ടി സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വ്യാഴാഴ്ച ബെംഗളൂരുവിലെ ബെലഗാവില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ പോസ്റ്ററുകളിലാണ് ഭാരതത്തിന്റെ വികലമാക്കിയ ഭൂപടം ഉപയോഗിച്ചത്. ഭാരതീയ ന്യായ സംഹിത 74 പ്രകാരം ഭാരതത്തിന്റെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിക്കുന്നത് കുറ്റകരമാണ്.
പിഒകെയും അക്സായി ചിന്നും ഇല്ലാത്ത ഭാരതത്തിന്റെ ഭൂപടമാണ് കോണ്‍ഗ്രസ് പോസ്റ്ററുകൡ നല്‍കിയത്. രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രവും ഭാരതത്തിന്റെ വികലമാക്കിയ ഭൂപടത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ പൊതുനിരത്തില്‍ പ്രദര്‍ശിപ്പിച്ചു. രാജ്യത്തെ അപമാനിക്കുന്ന പ്രവൃത്തിയാണ് കോണ്‍ഗ്രസ് ചെയ്തത്. ഇതിനു നേതൃത്വം മറുപടി നല്‍കണമെന്ന് ബിജെപി വക്താവും രാജ്യസഭാ എംപിയുമായ സുധാന്‍ശു ത്രിവേദി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആദ്യമായിട്ടല്ല കോണ്‍ഗ്രസ് ഇത്തരത്തില്‍ തെറ്റായ ഭൂപടം ഉപയോഗിക്കുന്നത്. ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ രാജ്യ വിരുദ്ധ മനോഭാവമാണ് ഇതിലൂടെ പുറത്തുവരുന്നത്. വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണിത്. ഭാരതത്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സൂചനയാണിത് നല്‍കുന്നത്. രാജ്യം ഇന്ന് വീര്‍ ബാല്‍ ദിവസ് ആഘോഷിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യഘടകമായ ജമ്മു കശ്മീര്‍ പാകിസ്ഥാന്റേയും ചൈനയുടേയും ഭാഗമാണെന്ന് കാണിക്കുന്ന ഭൂപടങ്ങള്‍ പ്രചരിപ്പിക്കുകയാണ്. തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുക്കണം, ബിജെപി വക്താവും രാജ്യസഭാ എംപിയുമായ സുധാന്‍ശു ത്രിവേദി ആവശ്യപ്പെട്ടു.
അതേസമയം പ്രചാരണ പോസ്റ്ററില്‍ ഭാരതത്തിന്റെ വികലമായ ഭൂപടമാണ് ഉപയോഗിച്ചത്. തെറ്റ് സംഭവിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ സമ്മതിച്ചു. സംഭവത്തില്‍ വീഴ്ച പറ്റിയെന്നും പോസ്റ്ററുകളെല്ലാം നീക്കം ചെയ്യുന്നു. ഭാരതത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും അനുസരിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.
ഭൂപടം തെറ്റായി പ്രദര്‍ശിപ്പിച്ചതിനാല്‍ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെയും പ്രതികരിച്ചു. എന്നാല്‍ പോസ്റ്റര്‍ അച്ചടിച്ചതില്‍ തെറ്റ് സംഭവിച്ചെന്ന് ഡികെ സമ്മതിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ആരോ തെറ്റായ ഭൂപടമുള്ള പോസ്റ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. അത് നിരീക്ഷിച്ചാല്‍ ഒരു സ്വകാര്യ കമ്പനിയുടെ ലോഗോ ഉണ്ട്. ഇത്തരം പോസ്റ്ററുകള്‍ നീക്കം ചെയ്തെന്ന് പറഞ്ഞ് പ്രിയങ്ക് ഖാര്‍ഗെ ഒഴിഞ്ഞുമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: