ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. വിദ്യാര്‍ത്ഥികളും പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തെത്തി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.
കോട്ടൂര്‍പുരം വനിതാ പോലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേരുവിവരങ്ങളടങ്ങിയ എഫ്ഐആര്‍ ചോര്‍ന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിനിയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ഗ്രാഫിക് വിശദാംശങ്ങളും പെണ്‍കുട്ടിയുടെ പേരുവിവരങ്ങളും ഫോണ്‍നമ്പറും എഫ്ഐആറില്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങളാണ് ചോര്‍ന്നത്.
സര്‍വകലാശാലയ്ക്ക് സമീപത്തെ തെരുവില്‍ ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരനാണ് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായസംഹിതയുടെ 63,64,75 വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
എഫ്ഐആര്‍ എങ്ങനെയാണ് ഡൗണ്‍ലോഡ് ചെയ്തതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സോഫ്റ്റ് വെയര്‍ തകരാര്‍ കാരണമാണ് എഫ്ഐആര്‍ ഡൗണ്‍ലോഡ് ആയതെന്ന് ഗ്രേറ്റര്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ എ അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ പ്രത്യേകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിഷയത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മീഷനും രംഗത്തെത്തി. എഫ്ഐആര്‍ ചോര്‍ന്നത് ഭാരതീയ ന്യായസംഹിതയിലെ 72-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ വിജയ രഹ്തകര്‍ തമിഴ്നാട് ഡിജിപി ശങ്കര്‍ ജിവാളിന് കത്തയയച്ചു. ഇതിനുത്തരവാദികളായ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും ദേശീയ വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.
അതേസമയം ക്യാംപസില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി എഐഎഡിഎംകെയും ബിജെപിയും രംഗത്തെത്തി. പ്രതിയായ ജ്ഞാനശേഖരന് ഡിഎംകെ പ്രവര്‍ത്തകനാണെന്ന് ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: