എനിക്ക് ഡോ.മന്‍മോഹന്‍ സിങ്ങുമായി വളരെ അടുത്ത പരിചയം ഉണ്ടായിരുന്നു. അദ്ദേഹത്തെ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നതിനുള്ള ഒന്നുരണ്ട് കാരണങ്ങള്‍ എന്റെ ഔദ്യോഗിക ജീവിതാനുഭവത്തില്‍നിന്ന് എനിക്ക് ഇപ്പോള്‍ ഓര്‍മ്മവരുന്നു.
ഞാന്‍ കൊങ്കണ്‍ റെയില്‍വേയുടെ ചുമതലയിലുള്ളപ്പോള്‍, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ള ഷെയര്‍ ക്യാപ്പിറ്റല്‍ വൈകി. ഇത് പദ്ധതിയെ ഏറെ ബാധിച്ചു. 1994 ലെ കാര്യമാണ്. ഞാന്‍ അന്ന് കേന്ദ്ര ധനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിങ്ങിനെ ദല്‍ഹിയില്‍ പോയി കണ്ടു. കാര്യങ്ങള്‍ ധരിപ്പിച്ചു. പക്ഷേ, പണം അനുവദിച്ചുനല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. അതിന് കാരണമായി പറഞ്ഞത്, രാജ്യത്തെ ഒരു പദ്ധതിയും യഥാ സമയം പൂര്‍ത്തിയാകുന്നില്ല, പുരോഗമിക്കുന്നില്ല എന്നതായിരുന്നു. എന്നാല്‍ ഫണ്ട് വിനിയോഗത്തിന് കുറവില്ല. പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കപ്പെടുന്നുവെന്നായിരുന്നു ചൂണ്ടിക്കാണിച്ചത്. ഓരോ പദ്ധതിയും പൂര്‍ത്തിയാകുന്ന കാലത്ത്, അതിന് കണക്കാക്കിയിരുന്ന ചെലവിന്റെ മൂന്നുനാലിരട്ടി ചെലവിടേണ്ടിവരുന്നു എന്നിങ്ങനെ അദ്ദേഹം വിവരിച്ചു. ഈ തരത്തില്‍ സര്‍ക്കാരിന്റെ പണം പാഴ്‌ച്ചെലവുചെയ്യാന്‍ സമ്മതിക്കുകയില്ല എന്നായിരുന്നു ഡോ.സിങ്ങിന്റെ വാദം.
ഞാന്‍ കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ രാഷ്‌ട്രത്തിനുണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ വിവരിച്ചുകൊടുത്തു. ഒരു കാരണവശാലും എസ്റ്റിമേറ്റ് തുകയിലധികം ചെലവാക്കുകയോ, സര്‍ക്കാരിന് ഉറപ്പുനല്‍കിയിട്ടുള്ള, പദ്ധതി പൂര്‍ത്തിയാക്കാനുള്ള ഏഴു കൊല്ലമെന്ന പരിധിക്കപ്പുറം നീണ്ടുപോവുകയോ ചെയ്യില്ലെന്ന് അദ്ദേഹത്തെ ബോധിപ്പിച്ചു.
ഞാന്‍ പറഞ്ഞതെല്ലാം കേട്ടശേഷം അദ്ദേഹം ചോദിച്ചു: ‘താങ്കള്‍ എനിക്ക് വാക്കുനല്‍കുകയാണോ?’ ഞാന്‍ മറുപടി പറഞ്ഞു: ‘അതെ, വാക്കുനല്‍കുന്നു.’
‘താങ്കളെ ഞാന്‍ വിശ്വസിക്കുന്നു,’ എന്നു പറഞ്ഞ് അദ്ദേഹം ഉടനെ പണം അനുവദിച്ചു.
ഞാന്‍ അദ്ദേഹത്തിന് കൊടുത്ത വാഗ്ദാനം അക്ഷരംപ്രതി പാലിച്ചു. കൊങ്കണ്‍ പാത പദ്ധതി യഥാസമയം, എസ്റ്റിമേറ്റ് തുകയില്‍ കൂടുതല്‍ വിനിയോഗിക്കാതെ പൂര്‍ത്തിയാക്കിക്കൊടുത്തു. ഞാന്‍ പറഞ്ഞതനുസരിച്ചുള്ള നേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടാവുകയും ചെയ്തു, ചെയ്യുന്നു.
മറ്റൊരു സംഭവം ഇതാണ്. ഫൗണ്ടേഷന്‍ ഫോര്‍ റിസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് (ദേശീയ മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനുള്ള ഫൗണ്ടേഷന്‍) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപക അദ്ധ്യക്ഷന്‍ എന്നനിലയില്‍ ഞാന്‍ ഡോ.സിങ്ങിനെ കാണാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്നു. 2007 ലായിരുന്നു അത്. അന്ന് അദ്ദേഹം പ്രധാനമന്ത്രിയാണ്. ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സുരക്ഷാ പ്രശ്നങ്ങള്‍ കാരണം ആ പരിപാടി നിശ്ചയിച്ച വേദിയില്‍ പങ്കെടുക്കാന്‍ സുരക്ഷാ സംവിധാനം അനുവദിക്കാത്തതിനാല്‍ പങ്കെടുക്കാനാവില്ലെന്ന ഖേദം പ്രകടിപ്പിക്കുകയുണ്ടായി. അന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്.
മറ്റൊരു സംഭവം, ഞാന്‍ ദല്‍ഹി മെട്രോ മാനേജിങ് ഡയറക്ടര്‍ ആയിരുന്ന കാലത്തേതാണ്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ ഉദ്ഘാടന ചടങ്ങുകള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ഡോ.സിങ്ങാണ് നിര്‍വഹിച്ചിരുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ദല്‍ഹി മെട്രോയെക്കുറിച്ചും എന്നെക്കുറിച്ചും നല്ലവാക്കുകള്‍ പറയാന്‍ മടിച്ചിരുന്നില്ല. അത് ഏറെ ആവേശവും പ്രോത്സാഹനവും നല്‍കുന്ന അനുഭവങ്ങളായിരുന്നു.
നിര്‍വഹണ കാര്യത്തില്‍, ഉത്തരവാദിത്വം നിറവേറ്റുന്നതില്‍, രാജ്യ താല്‍പര്യം സംരക്ഷിക്കുന്നതില്‍, മികച്ചവരേയും സമര്‍ത്ഥരേയും പ്രോത്സാഹിപ്പിക്കുന്നതില്‍ എല്ലാം അദ്ദേഹത്തിനുണ്ടായിരുന്ന ശ്രദ്ധയും മനസ്സും ശുഷ്‌കാന്തിയും വ്യക്തമാക്കുന്ന എന്റെ ചില അനുഭവങ്ങള്‍ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ വിയോഗ വേളയില്‍ ഞാന്‍ ഓര്‍മ്മിച്ചുവെന്നുമാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: