മന്മോഹന് സിങ് ഓര്‍മയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അദ്ദേഹം പ്രധാനമന്ത്രി പദത്തിലിരുന്ന പത്തുവര്‍ഷമല്ല, രാജ്യത്തിന്റെ ധനമന്ത്രിയായിരുന്ന കാലഘട്ടത്തെക്കുറിച്ചാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്ത് ഭാരതത്തിന്റെ ധനമന്ത്രിയായി ചുമതലയേറ്റ ഡോ. മന്മോഹന് സിങിന്റെ നയങ്ങള്‍ പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിനകത്തുനിന്നു പോലും പലപ്പോഴും അദ്ദേഹം വിമര്‍ശനത്തിന് പാത്രമായി. പ്രധാനമന്ത്രിയായ നരസിംഹറാവുതന്നെ അദ്ദേഹത്തെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
സാമ്പത്തിക വിദഗ്ധനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്കുള്ള മന്മോഹന് സിങ്ങിന്റെ ചുവടുമാറ്റം തികച്ചും അപ്രതീക്ഷിതമായിരുന്നു. പ്രധാനമന്ത്രിയായ നരസിംഹ റാവുവിന്റെ നിര്‍ബന്ധത്തിനൊടുവിലാണ് 1991ല്‍ മന്മോഹന് സിങ് ധന വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്യം കടുത്ത സാമ്പത്തിക വെല്ലുവിളി നേരിടുന്ന സമയത്ത് അത് അതിജീവിക്കാന്‍ രാഷ്ട്രീയക്കാരനെക്കാള്‍ നല്ലത് സാമ്പത്തിക വിദഗ്ധനാണെന്ന ചിന്തയാണ് നരിസംഹറാവുവിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്.
ധന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനകമാണ് അദ്ദേഹം പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ മുന്നോട്ടുവെച്ച സാമ്പത്തിക ഉദാരവത്കരണ നയങ്ങളും നിലപാടുകളും ഭാരതം അതുവരെ കേള്‍ക്കാത്തതായിരുന്നു. ലൈസന്‍സ് രാജ് സമ്പ്രദായം നിര്‍ത്തലാക്കുകയും വിദേശ നിക്ഷേപത്തിനായി വിപണികള്‍ തുറന്നിടുകയും ചെയ്തു. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ നടപ്പാക്കാനുള്ള മാര്‍ഗങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കം അദ്ദേഹം മുന്നോട്ടുവെച്ചു. ഉദാരവത്കരണനയങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല. ഇത് അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഇല്ലെന്ന നിലപാടുമായി മുന്നോട്ടു പോയി. ഒരു വെല്ലുവിളിയായാണ് ധനമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്ന് പിന്നീടൊരിക്കല്‍ മന്മോഹന് തന്നെ പറഞ്ഞിട്ടുണ്ട്.
ധന മന്ത്രി പദമെന്ന പോലെ പ്രധാനമന്ത്രി പദവും അപ്രതീക്ഷിതമായാണ് മന്മോഹന് സിങ്ങിലേക്കെത്തുന്നത്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം നേടി. സോണിയ പ്രധാനമന്ത്രിയാകുമെന്ന സ്ഥിതി വന്നു. അവര്‍ പ്രധാനമന്ത്രി പദത്തിലെത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതോടെയാണ് ഡോ. സിങ് പ്രധാനമന്ത്രിയാകുന്നത്. ധന മന്ത്രിയില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലേക്കെത്തിയപ്പോള്‍ താന്‍ നടപ്പാക്കിയ നയങ്ങളുടെ തുടര്‍ച്ചയാണ് പിന്നീട് അദ്ദേഹത്തില്‍ നിന്നുണ്ടായത്.
പ്രധാനമന്ത്രിയായിരുന്ന പത്തുവര്‍ഷം അദ്ദേഹം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ അധ്യക്ഷയുമായ സോണിയയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രിയും രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ യുപിഎ അധ്യക്ഷയും തീരുമാനം എടുക്കണം എന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാലത് അധികം മുന്നോട്ടുപോയില്ല. പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം യുപിഎ അധ്യക്ഷയാണ് കൈക്കൊള്ളുന്നതെന്നും പ്രധാനമന്ത്രി റബ്ബര്‍ സ്റ്റാമ്പാണെന്നും വിമര്‍ശനമുയര്‍ന്നു. പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് സിങ്ങിനെ ഏറ്റവും വേദനിപ്പിച്ച സംഭവവും ഉണ്ടായത് നെഹ്റു കുടുംബത്തില്‍ നിന്നു തന്നെയാണ്. രണ്ടുവര്‍ഷം തടവിന് ശിക്ഷിക്കപ്പെടുന്ന ഏത് എംപിയും ഉടന്‍ അയോഗ്യനാക്കപ്പെടുമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ മന്മോഹന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നാല്‍ ആ ഓര്‍ഡിനന്‍സ് കോപ്പി പാര്‍ട്ടി എംപിയും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹുല്‍ പരസ്യമായി കീറിയെറിഞ്ഞ സംഭവമായിരുന്നു അത്.
ഒന്നാം യുപിഎ സര്‍ക്കാരിനെപ്പോലെ എളുപ്പമായിരുന്നില്ല രണ്ടാം യുപിഎ സര്‍ക്കാര്‍. അഴിമതിക്കഥകള്‍ ഓരോ ദിവസവും പുറത്തുവന്നു. ടു ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് അഴിമതികള്‍, കല്‍ക്കരി കുംഭകോണം എന്നിവ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കി. അമേരിക്കയുമായി ആണവ കരാര്‍ ഒപ്പുവച്ചതും വിവരാവകാശനിയമവും വിദ്യാഭ്യാസ അവകാശനിയമവും കൊണ്ടു വന്നതും മന്മോഹന് സര്‍ക്കാരാണ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കമിട്ടതും ഇദ്ദേഹത്തിന്റെ സര്‍ക്കാരാണ്.
മന്മോഹന് സിങ്ങിന്റെ പ്രധാനമന്ത്രി പദവിക്കും ഒട്ടനവധി സവിശേഷതകളുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുംശേഷം പത്തുവര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള പ്രധാനമന്ത്രിയായി അദ്ദേഹം. സിഖുകാരനായ ഒരേയൊരു പ്രധാനമന്ത്രി. അദ്ദേഹം ഒരിക്കലും ലോക്സഭാംഗമായിരുന്നില്ല. പാര്‍ലമെന്ററി ജീവിതം മുഴുവന്‍ രാജ്യസഭാംഗമായിട്ടായിരുന്നു. 1999ല്‍ സൗത്ത് ദല്‍ഹി മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി വി.കെ. മല്‍ഹോത്രയോട് പരാജയപ്പെട്ടു. 29,999 വോട്ടുകളുടെ ഭൂരിപക്ഷമാണ് അന്ന് മല്‍ഹോത്ര നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: