മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നാലാം ടെസ്റ്റിന്റെ രണ്ട് ദിവസം കഴിയുമ്പോള്‍ ഭാരതം നേരിടുന്നത് കടുത്ത വെല്ലുവിളി. ആദ്യം ബാറ്റ് ചെയ്ത് ഒന്നാം ഇന്നിങ്സില്‍ ആതിഥേയരായ ഓസ്ട്രേലിയ കെട്ടിപ്പടുത്ത 474 റണ്‍സിനെതിരെ ഭാരതം 210 റണ്‍സ് പിന്നില്‍ നില്‍ക്കെ നഷ്ടപ്പെട്ടിരിക്കുന്നത് അഞ്ച് വിക്കറ്റുകള്‍. ഋഷഭ് പന്തും(ആറ്) രവീന്ദ്ര ജഡേജയും(നാല്) ആണ് ക്രീസില്‍.
സ്കോര്‍: ഓസ്ട്രേലിയ- 474; ഭാരതം- 164(5 വിക്കറ്റുകള്‍, 46 ഓവറുകള്‍)
ഭാരതം തുടരെ ബാറ്റിങ് പ്രതിസന്ധി നേരിടുന്ന കാഴ്ച്ചയാണ് മെല്‍ബണില്‍ രണ്ടാം ദിവസം കണ്ടത്. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ അര്‍ദ്ധസെഞ്ച്വറി(82) പ്രകടനവുമായി തിളങ്ങിയെങ്കിലും താരത്തിന്റെ അപ്രതീക്ഷിത റണ്ണൗട്ട് ഭാരത ഇന്നിങ്സ് കൂടുതല്‍ വഷളാക്കി.
ഓസീസിനെതിരെ ബാറ്റിങ് തുടങ്ങിയ ഭാരതത്തിന്റെ രോഹിത് ശര്‍മ(മൂന്ന്) പതിവുപോലെ പെട്ടെന്ന് പുറത്തായി. കെ.എല്‍. രാഹുല്‍ പൊരുതിയെങ്കിലും ദൈര്‍ഘ്യമേറിയ(24) ഇന്നിങ്സ് കളിക്കാനായില്ല. വിരാട് കോഹ്ലിയും ജയ്സ്വാളും ഒന്നിച്ചപ്പോള്‍ ഭാരതം പ്രതീക്ഷ പ്രകടിപ്പിച്ചതാണ്. അതിനിടെയാണ് അപ്രതീക്ഷിത റണ്ണൗട്ടില്‍ കുരുങ്ങിയത്. ഇല്ലാത്ത റണ്ണിനായി ജയ്സ്വാള്‍ ഓടുകയായിരുന്നു. വളരെ വേഗം തന്നെ കോഹ്ലിയും(36) മടങ്ങി. ആകാശ് ദീപ് നൈറ്റ് വാച്ച്മാനായി ഇറങ്ങിയെങ്കിലും പൂജ്യനായി പുറത്തായി. ഓസീസിനായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും സ്കോട്ട് ബോളണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ അഞ്ച് വിക്കറ്റിന് 311 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിവസം പുനരാരംഭിച്ച മത്സരത്തില്‍ ഓസീസിനായി മുന്‍ നായകന് സ്റ്റീവ് സ്മിത്ത് സെഞ്ച്വറി തികച്ചു. അലെക്സ് കാരി(31) ആണ് ഇന്നലെ ആദ്യം പുറത്തായത്. കമ്മിന്‍സ് സ്മിത്തിനൊപ്പം മികച്ച കൂട്ടാളിയായി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 112 റണ്‍സെടുത്തു. 49 റണ്‍സുമായി കമ്മിന്‍സ് പുറത്തായതോടെ ഓസീസ് വിക്കറ്റുകള്‍ പെട്ടെന്ന് വീഴാന്‍ തുടങ്ങി. ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ആകാശ് ദിപ് രണ്ട് വിക്കറ്റും നേടി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി. സ്റ്റീവ് സ്മിത്ത് 197 പന്തുകള്‍ നേരിട്ട് 140 റണ്‍സെടുത്ത പ്രകടനമാണ് ഓസീസ് ഇന്നിങ്സിന് നെടുന്തൂണായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: