ആന്‍ഫീല്‍ഡ്: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഒന്നാം നമ്പര്‍ ടീമായി തുടരുന്ന ലിവര്‍പൂള്‍ ലീഡ് തൊട്ടടുത്ത എതിരാളികളെക്കാള്‍ ഏഴ് പോയിന്റായി ഉയര്‍ത്തി. ലെയ്സെസ്റ്റര്‍ സിറ്റിക്കെതിരെ സ്വന്തം ആന്‍ഫീല്‍ഡ് മൈതാനത്ത് 3-1ന്റെ ജയത്തിലൂടെയാണ് ചെമ്പട അവരുടെ പോയിന്റ് നില ഒന്നുകൂടി മെച്ചപ്പെടുത്തിയത്. ഇപ്പോഴും നില ഭദ്രമാണെന്ന് ആശ്വസിക്കാറായിട്ടില്ലെന്നാണ് ടീമിനെ പരിശീലിപ്പിക്കുന്ന ഡച്ച് മാനേജര്‍ അര്‍നെ സ്ലോട്ട് പറയുന്നത്.
ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയാണ് സ്ലോട്ടിന്റെ വാക്കുകള്‍. കഴിഞ്ഞ രണ്ട് സീസണുകളില്‍ പകരംവയ്ക്കാനില്ലാത്തവരായി വിരാജിച്ച സിറ്റിയുടെ ഇപ്പോഴത്തെ മോശം അവസ്ഥയെ ആണ് ഉദാഹരണമായി വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയത്. ഈ സീസണിന്റെ ഒരവസരത്തില്‍ നമ്മള് അവരെക്കാള്‍ ഒരു പോയിന്റ് പിന്നിലായിരുന്നു. ഇപ്പോള്‍ ആ ടീം എവിടെ നില്ക്കുന്നു. താരങ്ങളുടെ പരിക്കും മോശം ഫോമും എല്ലാം വല്ലാതെ ബുദ്ധിമുട്ടിലാക്കി. ഇത് ഏത് ടീമിനും എപ്പോള്‍ വേണേലും സംഭവിക്കാം. പൊരുതിക്കയറാന്‍ പാകതയുള്ളപ്പോള് അതിന്റെ പരമാവധി മുന്നേറണം എന്നാണ് സ്ലോട്ട് ടീം അംഗങ്ങള്‍ക്ക് നല്കുന്ന ഉപദേശം.
ആന്‍ഫീല്‍ഡില്‍ ബോക്സിങ് ഡേ വരുന്ന് കാണാനെത്തിയവര്‍ക്ക് മുന്നില്‍ ലെയ്സെസ്റ്ററിനെതിരെ ആരംഭ വിസില്‍ മുഴങ്ങിയപാടെ ത്രസിപ്പിക്കുന്ന മുന്നേറ്റമാണ് ലിവര്‍ നടത്തിയത്. കോട്ടകെട്ടി പാര്‍ത്ത ലെയ്സെസ്റ്റര്‍ പ്രതിരോധവും ലിവര്‍ മുന്നേറ്റവും മധ്യനിരയും തമ്മില്‍ ഇടതടവില്ലാത്ത പോരാട്ടം തന്നെ നടന്നു. ലിവറിന്റെ കഴിവുകേടുകൊണ്ടല്ല ഗോള്‍ വഴങ്ങില്ലെന്ന റൂഡ് വാന്‍ നിസ്റ്റല്‍റൂയിയുടെ ലെയ്സെസ്റ്റര്‍ പട നിശ്ചയിച്ചുറപ്പിച്ച തീരുമാനം വിജയിച്ച നിമിഷങ്ങള്‍ക്കാണ് ആന്‍ഫീല്‍ഡ് സാക്ഷിയായത്. ലെയ്സെസ്റ്റര്‍ നടത്തിയ അതിജീവനത്തിനൊടുവില്‍ പൊടുന്നനെയൊരു കൗണ്ടര്‍ ലിവറിനെയും ആന്‍ഫീല്‍ഡിനെയും ഞെട്ടിത്തരിപ്പിച്ച് ആറാം മിനിറ്റില്‍ ഗോള്‍. വലത് വിങ്ങര്‍ ജോര്‍ദാന്‍ അയേവ് ഭേദിച്ചത് ലോകത്തിന്റെ ഒന്നാന്തരം പ്രതിരോധ ഭടന് വിര്‍ജില്‍ വാന്ഡെയ്ക്കിനെയും അസ്സല് ഗോളി അല്ലിസ്സന് ബെക്കറെയും.
തിരികെയുള്ള ലിവര്‍ ശ്രമങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരുന്നു. ഒടുവില്‍ ഗോഡി ഗാക്പോയിലൂടെ ആദ്യ പുകതിയുടെ സ്റ്റോപ്പേജ് സമയത്ത് തിരിച്ചടിച്ചു. മത്സരം 1-1ല്‍ ഇടവേളയിലേക്ക്. രണ്ടാം പകുതി തുടങ്ങി അധികം വച്ചുതാമസിപ്പിക്കാതെ ലിവര്‍ രണ്ടാം ഗോള്‍ നേടി ലീഡ് കുറിച്ചു. 49-ാം മിനിറ്റില്‍ കുര്‍ട്ടിസ് ജോനെസ് സ്കോര്‍ ചെയ്തു. കളി പിന്നെയും മുന്നോട്ടുപോയി. ഈ ലീഡില്‍ ലിവര്‍ മത്സരം കൈയ്യടക്കുമെന്ന് ഉറപ്പിച്ചുനില്‍ക്കെ ആരാധകര്‍ക്ക് ഇരട്ടിമധുരം സമ്മാനിച്ച് ആന്‍ഫീല്‍ഡിന്റെ സൂപ്പര്‍ ഹീറോ മുഹമ്മദ് സലായും ഗോള്‍ നേടി. 82-ാം മിനിറ്റില്‍.
ബോക്സിങ് ഡേ മത്സരങ്ങള്‍ തീരുമ്പോള്‍ പ്രീമിയര്‍ ലീഗ് പട്ടികയില്‍ മുന്നിലുള്ള ലിവറിന് 42 പോയിന്റ്. രണ്ടാമതുള്ള ചെല്‍സിക്ക് 35. നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി 28 പോയിന്റുമായി ഏഴാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: