Kerala

ഗവര്‍ണറുടെ യാത്രയയപ്പ് യോഗം റദ്ദാക്കി; ആരിഫ് മുഹമ്മദ് ഖാന്‍ 29 ന് കേരളം വിടും

Published by

തിരുവനന്തപുരം: ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് നല്‍കാനിരുന്ന യാത്രയയപ്പ് യോഗം റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ മരണത്തെതുടര്‍ന്ന് ദേശീയ ദുഖാചരണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.രാജ് ഭവന്‍ ഓഡിറ്റോറിയത്തില്‍ 28 ന് രാജ് ഭവന്റെ യാത്ര അയപ്പ് വൈകിട്ട് 4.30 ന് ആയിരുന്നു നിശ്ചയിച്ചിരുന്നത്.
ജസ്റ്റീസ്‌. പി സദാശിവം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ കേരള സര്‍ക്കാര്‍ പ്രത്യേക യാത്രയയപ്പ് നല്‍കിയിരുന്നു. ആരീഫ് മുഹമ്മദ് ഖാന്റെ കാര്യത്തില്‍ അത് ഉണ്ടാകില്ലന്ന് ഉറപ്പായിരുന്നു.

.ഡിസംബര്‍ 29ന് ആരിഫ് മുഹമ്മദ് ഖാന്‍ ഉച്ചക്ക് 12 മണിക്ക് വിമാനമൂലം കൊച്ചിയിലേക്കും പിന്നീട് 3:20 ന് ദില്ലിയിലേക്കും യാത്ര ചെയ്യും.ഡിസംബര്‍ 30ന്, ഗവര്‍ണര്‍ ഉച്ചക്ക് 1.55ന് ദില്ലിയില്‍നിന്ന് പട്‌നയിലേക്കുള്ള വിമാനത്തില്‍ പുറപ്പെടും.

പുതിയ ഗവര്‍ണര്‍ ജനുവരി 1ന് തിരുവനന്തപുരത്തെത്തും. ജനുവരി 2ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കുമെന്നാണ് കരുതുന്നത്.

ബീഹാര്‍ ഗവര്‍ണറായി ചുമതല വഹിക്കാന്‍ പോകുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ യാത്ര പറയാന്‍ ശ്രീരാമകൃഷ്ണാശ്രമത്തിലും പട്ടം ബിഷപ്പ് ഹൗസിലും എത്തിയിരുന്നു.
ശാസ്തമംഗലം ആശ്രമത്തിലെത്തിയ ഗവര്‍ണര്‍, ശ്രീരാമൃഷ്ണ പരമഹംസരുടേയും സ്വാമി വിവേകാനന്ദന്റെയും ശാരദാ ദേവിയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി.94 വയസ്സായ ഗോലോകാനന്ദ സ്വാമിയുടെ അടുത്തെത്തി കരം പിടിച്ച് അനുഗ്രഹം തേടി. വിശ്രമ ജീവിതം നയിക്കുന്ന ഗോലോകാനന്ദ സ്വാമി ഗവര്‍ണറുമായി ഹൃദയസ്പര്‍ശിയായ സംഭാഷണം നടത്തി. ആശ്രമം അധ്യക്ഷന്‍ സ്വാമി മോക്ഷവ്രതാനന്ദയുമായി അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു.
ശ്രീരാമകൃഷ്ണാശ്രമങ്ങളുമായി തനിക്കുള്ള ബന്ധം വിശദീകരിച്ച ആരിഫ് മുഹമ്മദ് ഖാന്‍ സ്വാമി വിവേകാനന്ദനാണ് തന്റെ ഊര്‍ജമെന്നു പറഞ്ഞു. ലഭിച്ച അവസരങ്ങളില്‍ രംഗനാഥസ്വാമിയുടെ പ്രസംഗം ശ്രദ്ധയോടെ കേള്‍ക്കാറുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ഗവര്‍ണറായിരുന്നുവെന്നും പുതിയ സ്ഥാനത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും സ്വാമി മോക്ഷവ്രതാനന്ദ ആശംസിച്ചു.

പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ എത്തി സീറോ മലങ്കര കത്തോലിക്കാ സഭയുടെ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് തിരുമേനിയേയും സന്ദര്‍ശിച്ചു. കുരിശുരൂപം ഗവര്‍ണര്‍ക്ക് സമ്മാനമായി കര്‍ദ്ദിനാള്‍ സമ്മാനിച്ചു

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by