കൊച്ചി : പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തിന് പുറമേ വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതിയുടെ അനുമതി. സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്ന ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. വെളി മൈതാനത്ത് നിർമിച്ച 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്നും നീക്കണമെന്നും പോലീസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സംഘാടകരായ ഗാല ഡി ഫോർട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പാപ്പാഞ്ഞിക്ക് ചുറ്റും 72 അടി ദൂരത്തിൽ സുരക്ഷാ വേലി വേണമെന്നാണ് പ്രധാന നിർദേശം. നാൽപത് അടിയിലാണ് നിലവിൽ സുരക്ഷാ വേലി ഒരുക്കിയിരിക്കുന്നത്. ഇത് 72 അടി ആക്കി മാറ്റാനാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. വലിയ പാപ്പാഞ്ഞി കത്തിക്കുമ്പോള്‍ അവശിഷ്ടങ്ങള്‍ കൂടി നില്‍ക്കുന്നവരുടെ ദേഹത്ത് വീഴുന്നത് ഒഴിവാകുക ലക്ഷ്യമിട്ടാണ് നിര്‍ദേശം.
കൊച്ചിക്കാരുടെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ നിന്ന് വെറും രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയത്. ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന കാർണിവൽ ആഘോഷങ്ങൾക്ക് പുറമേ ചുറ്റുവട്ടത്ത് തന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിനും മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സാധ്യമല്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഗാലാഡി ക്ലബ്ബിന് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ നോട്ടീസ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: