ശിവഗിരി: ലോകത്തിലുള്ള എല്ലാ മതങ്ങളുടേയും സാരാംശം ശ്രീനാരായണധര്‍മത്തില്‍ അധിഷ്ഠിതമാണെന്ന് പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്. ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരി മഹാപാഠശാല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെപ്പോലുള്ള ഒരു കവി കേരളമല്ല, രാജ്യം കണ്ടതില്‍ തന്നെ ഒന്നാം നിരയിലാകുന്നു. വാക്കുകളും വര്‍ണങ്ങളും അര്‍ത്ഥങ്ങളും ചിതറിപ്പോകാവുന്ന തലത്തില്‍ ഗുരുദേവകൃതികളുടെ ആന്തരികതലങ്ങളെ മാറ്റിനിര്‍ത്തി അവ പഠിക്കാനാവില്ല. ഗുരുവിന്റെ ദൈവദശകം കൃതി വ്യാഖ്യാനം രചിക്കാന്‍ ശ്രമിച്ചത് തന്റെ ഇരുപത്തിയേഴാം വയസിലാണ്. അതിനു മുമ്പ് താന്‍ ഒരു പുസ്തകം രചിച്ചതിന്റെ അഹങ്കാരത്തോടെയാണ് ദൈവദശകത്തില്‍ കൈവച്ചത്. ലളിതമെന്നു തോന്നിയ ദൈവദശകത്തിന്റെ അര്‍ത്ഥതലം കണ്ടെത്താന്‍ ഇന്നും തനിക്കാവുന്നില്ല. ശ്രീനാരായണ ഗുരുദേവ സിദ്ധാന്തങ്ങള്‍ ലോകം അറിയുന്നതിന് ശിവഗിരി മഠം കൈക്കൊണ്ട പദ്ധതികളില്‍ ശ്രദ്ധേയമായിരുന്നു വത്തിക്കാനില്‍ സമീപകാലത്തു നടത്തിയ ലോകമത പാര്‍ലമെന്റെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അധ്യക്ഷത വഹിച്ചു. സമൂഹത്തില്‍ നടക്കുന്ന പല കമന്റുകളും നിലവാരം കുറഞ്ഞതാണ്. ഗുരുദേവ അനുയായികള്‍ സങ്കുചിത ചിന്തകളില്‍ നിന്നും മാറണം. സനാതനധര്‍മത്തെ പറ്റി അഭിപ്രായം പറയുന്നവര്‍. സനാതനധര്‍മത്തെപ്പറ്റി കൂടുതല്‍ അറിയേണ്ടതുണ്ട്. ഈശാവാസ്യോപനിഷത്ത് ശരിയായി പഠിച്ചാല്‍ നമുക്ക് ശരിയായ ബോധം ഉണ്ടാകും. എല്ലാവരും എല്ലാ മത തത്വങ്ങളും അറിയണമെന്ന ലക്ഷ്യത്തോടെയാണ് ശിവഗിരിയില്‍ മതമഹാപാഠശാല ഉയരണമെന്ന് ആലുവാ അദൈ്വതാശ്രമത്തില്‍ നടന്ന സര്‍വമതസമ്മേളനത്തില്‍ ഗുരുദേവന് ലക്ഷ്യം വച്ചതെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
ബങ്കളം ശ്രീനാരായണഗുരു മഠം സെക്രട്ടറി സ്വാമി സുരേശ്വരാനന്ദ തീര്‍ത്ഥ, ബ്രഹ്മചാരി സൂര്യശങ്കര്‍, ബ്രഹ്മചാരി അനീഷ്, ഗുരുധര്‍മ പ്രചരണസഭ യുവജനസഭ ജോയിന്റ് കണ്‍വീനര്‍ എം.എച്ച.് ഹരിപ്രസാദ് എന്നിവര്‍ സംസാരിച്ചു. സ്വാമിനി നിത്യചിന്മയി ഗുരുദേവകൃതി ആലപിച്ചു.
ഇന്ന് ശിവഗിരിയില്‍ കഥാപ്രസംഗ ശതാബ്ദി സമ്മേളനം ചേരും. പ്രൊഫ. വി. ഹര്‍ഷകുമാറിന്റെ അധ്യക്ഷതയില്‍ മുന്‍മന്ത്രി മുല്ലക്കര രത്നാകരന് ഉദ്ഘാടനം ചെയ്യും. കാഥികരെ സമ്മേളനത്തില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: