കണ്ണൂര്‍: ചിറക്കല്‍ കളരിവാതുക്കല്‍ ക്ഷേത്രസ്വത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് ചട്ടം ലംഘിച്ച് പട്ടയം നല്കാന് നീക്കവുമായി ലാന്‍ഡ് ട്രിബ്യൂണല്‍.
വളപട്ടണം മില്‍ റോഡിലുള്ള സ്വകാര്യ പ്ലൈവുഡ് കമ്പനിക്കാണ് ഭൂപരിഷ്കരണ നിയമം ലംഘിച്ച് കൊണ്ട് പട്ടയം നല്കാന് നീക്കം നടത്തുന്നതെന്ന് ആക്ഷേപം. കൃഷിഭൂമിയില്‍ പട്ടയം അനുവദിക്കുന്നതിനാണ് ഭൂപരിഷ്കരണ നിയമപ്രകാരം ലാന്‍ഡ് ട്രിബ്യൂണല്‍ സ്ഥാപിച്ചിരിക്കുന്നത്. ഭൂപരിഷ്കരണ നിയമത്തിലെ സെക്ഷന്‍ 106 പ്രകാരം 1964ന് മുമ്പ് സ്ഥാപിച്ച വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയില്ല. എന്നാല്‍ ഇതിന് വിരുദ്ധമായി 1943 മുതല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് പട്ടയം നല്കാന് തീരുമാനിച്ചിരിക്കുന്നത്.
പട്ടയം അനുവദിക്കാന്‍ അപേക്ഷകരായ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇരുകക്ഷികളെയും കേട്ട് മൂന്ന് മാസത്തിനകം പട്ടയ അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് ഉത്തരവായിരുന്നു. തഹസില്‍ദാര്‍ റാങ്കിലുള്ള റവന്യു ഇന്‍സ്പെക്ടര്‍ ദേവസ്വത്തിന്റെ വാദംകൂടി കേട്ടതിന് ശേഷം പട്ടയം പരിഗണിക്കണമെന്നാണ് ഉത്തരവ്.
എന്നാല്‍ ദേവസ്വത്തിന് നോട്ടീസ് നല്‍കാതെ കമ്പനിയുടെ വാദം മാത്രം കേട്ട് തയാറാക്കിയ ഓതറൈസ്ഡ് റിപ്പോര്‍ട്ടിന്റെ കോപ്പിയാണ് ദേവസ്വത്തിന് നല്‍കിയതെന്നാണ് ആക്ഷേപം.
പട്ടയ ഹര്‍ജി സംബന്ധിച്ച് അന്വേഷണം നടത്തിയ വളപട്ടണം വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ അപേക്ഷയില്‍ ആവശ്യപ്പെട്ട പ്രകാരം മുഴുവന്‍ സ്വത്തിനും കമ്പനിക്ക് അധികാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാന്‍ ട്രിബ്യൂണല്‍ തയാറായില്ലെന്നും ആക്ഷേപമുണ്ട്.
മതിയായ ആധാരമില്ലാത്ത 2.56 ഏക്കര്‍ സ്ഥലത്തിന് പട്ടയം അനുവദിക്കുന്നത് കേവലം രണ്ട് സിറ്റിങ് മാത്രം നടത്തിയാണ്. പട്ടയ അപേക്ഷയില്‍ ദേവസ്വത്തിന്റെ വാദം കേള്‍ക്കാനും തടസവാദങ്ങള്‍ എഴുതി നല്‍കാനും മതിയായ സമയം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ഇതൊന്നും പരിഗണിച്ചില്ലെന്ന് ദേവസ്വം ആക്ഷേപമുന്നയിച്ചിട്ടുണ്ട്. എല്‍ആര്‍ ഡെപ്യൂട്ടി കളക്ടറുടെ ഏകപക്ഷീയവും ദുരൂഹവുമായ നടപടിക്കെതിരെ ദേവസ്വം സെക്രട്ടറി കൂടിയായ ചിറക്കല്‍ വലിയവര്മ്മരാജ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: