ന്യൂദല്‍ഹി: ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക കാമ്പയിന് വിഎച്ച്പി. ക്ഷേത്രങ്ങളുടെ ഭരണം, നിയന്ത്രണം, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്ന് എല്ലാ സംസ്ഥാനസര്‍ക്കാരുകളും വിട്ടുനില്‍ക്കണമെന്ന് വിഎച്ച്പി സംഘടനാ ജനറല്‍ സെക്രട്ടറി മിലിന്ദ് പരാണ്ഡെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംന്യാസി സമൂഹത്തിന്റെയും ഹിന്ദുസമൂഹത്തിലെ പ്രമുഖരുടെയും നേതൃത്വത്തില്‍ 2025 ജനുവരി അഞ്ചു മുതല്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ബോധവല്‍ക്കരണ കാമ്പയിന് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഹൈന്ദവ ശംഖരവം എന്ന പേരില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മഹാസമ്മേളനവും സംഘടിപ്പിക്കും. സ്വാതന്ത്ര്യത്തിനുശേഷം ഒന്നിന് പിറകെ ഒന്നായി ക്ഷേത്രങ്ങള്‍ ഹിന്ദു സമൂഹത്തിന് കൈമാറണമായിരുന്നു, എന്നാല്‍ അതുണ്ടായില്ല. ഹൈന്ദവ ആരാധനാലയങ്ങള്‍ മാത്രം സര്‍ക്കാരുകള്‍ ഭരിക്കുന്നത് ഹിന്ദുക്കളോടുള്ള വിവേചനമാണ്. സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും വ്യക്തമായ സൂചനകള്‍ നല്‍കിയിട്ടും സര്‍ക്കാരുകള്‍ ക്ഷേത്രങ്ങളുടെ നടത്തിപ്പു മായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: