Special Article

അച്ഛനും എംടിയും അസാമാന്യ ബന്ധം

Published by

എംടി ക്ക് മരണമില്ലല്ലോ! ഓര്‍മ്മകളില്‍, അനുഭവങ്ങളില്‍, അക്ഷരങ്ങള്‍ കൊണ്ട് എംടി വായിച്ചവരുടെയും കണ്ടവരുടെയും ഹൃദയത്തിലുണ്ടാവും എന്നും. എനിക്ക് അച്ഛന്റെയൊപ്പം ഓര്‍മ്മകളില്‍ എംടി എന്നുമുണ്ടാകും. അടുത്തു നിന്ന് ആരാധനയോടെ അറിഞ്ഞിട്ടുണ്ട് അവര്‍ തമ്മിലുള്ള അസാമാന്യ ബന്ധം.

ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തിന് സംഭവിച്ച വിയോഗം പോലെയാണിത് ഞങ്ങള്‍ക്ക്. അച്ഛനും സഹോദരങ്ങളും ആറു പേര്‍, എംടിയും സഹോദരങ്ങളും നാല്. അങ്ങനെ പത്ത് ഏട്ടാനുജന്മാര്‍ പോലെയായിരുന്നു അവര്‍. എംടിയുടെ ജ്യേഷ്ഠന്‍ കൊച്ചുണ്ണിയേട്ടനായിരുന്നു (എം.ടി. നാരായണ നായര്‍) അച്ഛനും എംടിക്കുമിടയിലെ മുഖ്യകണ്ണി.

എത്ര ഉയരത്തിലും പദവിയിലും എത്തിയിട്ടും കടന്നു പോയ വഴി മറക്കാത്ത എംടി, ആദരവും അടുപ്പവും എന്നും ഒട്ടും കുറയാതെ സൂക്ഷിച്ച വ്യക്തിയായിരുന്നു.

മൗനം എംടിയുടെ ശീലമായിരുന്നു; രീതി, അതിനാല്‍ പലതിലും ഉറക്കെയുള്ള വിളിച്ചു പറച്ചില്‍ ഇല്ലായിരുന്നു. അതുകൊണ്ട് ബന്ധങ്ങളില്‍ എംടി പരുക്കനാണെന്ന് തോന്നിപ്പിച്ചിരുന്നു.

അച്ഛനുമായി സൗഹാര്‍ദ്ദമല്ല, ശിഷ്യനെന്ന ഭാവമായിരുന്നു. അച്ഛന്റെ കാര്യത്തില്‍ പലപ്പോഴും പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു. അവര്‍ തമ്മില്‍ കത്തെഴുത്തും ഫോണ്‍ സംഭാഷണവുമുണ്ടായിരുന്നു. അച്ഛന്റെ പുസ്തകം ശ്രീമഹാഭാഗവതം തര്‍ജ്ജമ ബൃഹദ് ഗ്രന്ഥമാണല്ലോ. അത് പുസ്തകമാക്കുന്ന കാര്യം ആദ്യം സംസാരിച്ചത് എം.എ.സാറിനോടാണ് ( മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എം.എ. കൃഷ്ണന്‍). തുടര്‍ന്ന് എംടിയോട്. എംടി അന്ന് മാതൃഭൂമി പബ്ലിക്കേഷനിലാണ്. നമുക്ക് ശരിയാക്കാമെന്ന് പറഞ്ഞു. വൈകാതെ അത് പുസ്തകമായി.

”എന്റെ സ്വന്തം കവി ഇടശ്ശേരിയാണ്” എന്ന് എഴുതിയ എംടി, ”ഏറ്റവും വലിയ കവി അക്കിത്തം” എന്നാണ് അച്ഛനെക്കുറിച്ച് എഴുതിയത്.

ഇത്രയേറെ പ്രശസ്തനായി, പുരസ്‌കൃതനായി, പ്രസിദ്ധനായി മാറിയപ്പോഴും കുമരനല്ലൂരില്‍ വന്ന മിക്ക അവസരങ്ങളിലും, പണ്ട് പുസ്തകം വായിക്കാന്‍ വന്നിരുന്ന അക്കിത്തത്തെ പത്തായപ്പുരയിലേക്കുള്ള വഴി ഓര്‍മ്മിച്ചു. ‘ദേവായന’ത്തില്‍ വന്ന് അച്ഛന കണ്ടു, ഉണ്ടു, ഉറങ്ങി…

അച്ഛന്‍ അടുത്തിരുന്ന്, അമ്മ ഇലയിട്ടു വിളമ്പി, എംടി ഊണുകഴിക്കുന്ന ഒരു ഓര്‍മ്മയുണ്ട്. ആ ചിത്രത്തില്‍ കാണാനുണ്ട്, എംടിയുടെ മൗനങ്ങളെല്ലാം വ്യാഖ്യാനിക്കുന്ന സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, ആദരത്തിന്റെ, അടുപ്പത്തിന്റെ വര്‍ണ്ണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by