മാനവ ധിഷണ ചെന്നെത്തിയിട്ടുള്ള മേഖലകളെക്കുറിച്ച് സാമാന്യബോധം, സാഹിത്യ- സാംസ്‌കാരിക വിഷയങ്ങളില്‍ വിശേഷജ്ഞാനം-എം.ടി.വാസുദേവന്‍നായരുമായി സംസാരിക്കാന്‍ അവസരം ഉണ്ടായപ്പോഴെല്ലാം എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ അറിവിന്റെ വലിയ ലോകമാണ്. അദ്ദേഹം മാതൃഭൂമിയിലുള്ള കാലത്തും അല്ലാത്തപ്പോഴും നേരിട്ടുകാണാനും സംസാരിക്കാനും സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ശരിയാണ്,അങ്ങനെ സംഭാഷണപ്രിയനൊന്നുമല്ല എം.ടി. എങ്കിലും ദിനപ്പത്രത്തിന്റെ ആവശ്യമായി ചിലപ്പോഴൊക്കെ സംസാരിക്കേണ്ട ആവശ്യമുണ്ടായിട്ടുണ്ട്. ഒട്ടും മുഷിച്ചിലില്ലാതെ കാര്യങ്ങള്‍ അദ്ദേഹം ആവശ്യാനുസാരം പറഞ്ഞുതന്നിട്ടുണ്ട്. തപസ്യ കലാസാഹിത്യവേദിയുടെ കാര്യങ്ങള്‍ക്കും എം.ടിയെ കാണാറുണ്ടായിരുന്നു. സംഘടനയുടെ വളര്‍ച്ചയെക്കുറിച്ച് താത്പര്യപൂര്‍വം കേള്‍ക്കാനും സര്‍ഗാത്മകരചനകളില്‍ എഴുത്തകാരനെ സഹായിക്കുന്നതിന് സംഘടനകള്‍ക്കുള്ള പരിമിതിയെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിക്കാനും അദ്ദേഹം മടി കാണിച്ചില്ല.
എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയ ഒരവസരം:
യശശ്ശരീരനും എന്റെ ഗുരുവുമായ കെ.എന്‍. ദുര്‍ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ കവിതകളുടെ സമാഹാരം പ്രസിദ്ധപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ മക്കളും ശിഷ്യരുമെല്ലാം ആലോചിക്കുന്നു.1992-94 കാലം. തന്റെ കവിതകളുടെ സമാഹാരം ഇറക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹം ചിലപ്പോഴൊക്കെ ആഗ്രഹിച്ചതും ശ്രമം നടത്തിയതുമാണ്. ഒരവസരത്തില്‍ ലീലാവതി ടീച്ചര്‍ അവതാരിക എഴുതിക്കൊടുത്തു. അത് പക്ഷേ ഫലം ചെയ്തില്ല. കവിത എഴുതുന്നതിലുള്ള മാഷുടെ പ്രതിഭ പ്രായോഗികകാര്യങ്ങളില്‍ അസമര്‍ഥമായിരുന്നു.എന്തുകൊണ്ടാണ് ആ സമാഹാരം ഇറങ്ങാതെ പോയതാവോ!അത് 1950-കളുടെ തുടക്കത്തിലായിരുന്നു.പിന്നീട് ഷഷ്ട്യബ്ദപൂര്‍ത്തിക്കാലത്ത്, 1970-കളുടെ ആദ്യം പ്രൊഫ.ഗുപ്തന്‍നായരുടെ അവതാരികയോടെ ‘നിലാത്തിരികള്‍’ എന്ന പേരില്‍ ഒരു സമാഹാരം അച്ചടിക്കാനിടയായി. അച്ചടിച്ചു എന്നേ പറയാവൂ, അത് വേണ്ട രീതിയില്‍ പുറത്തിറങ്ങുകയോ മാഷുടെ അടുത്ത സുഹൃത്തുക്കളും ശിഷ്യരുമടക്കമുള്ള സഹൃദയരിലേക്ക് എത്തുകയോ ഉണ്ടായില്ല. എന്തോ അങ്ങനെയാണ് ഭവിച്ചത്. ഈ പശ്ചാത്തലത്തിലാണ് മാഷ്ടെ സമ്പൂര്‍ണകവിതാസമാഹാരം എന്ന ആശയം കുടുംബാംഗങ്ങള്‍ ആലോചിക്കുന്നത്.
അദ്ദേഹത്തിന്റെ കാലശേഷം. 1992-94 കാലത്ത്.കവിതകളും ഗാനങ്ങളും കുറച്ചു കുറിപ്പുകളും മറ്റും എല്ലാവരും കൂടി ശേഖരിച്ചു. ഇനി സമാഹാരത്തിന് പ്രസാധകരെ കണ്ടെത്തണം. ആരെ സമീപിക്കണം എന്ന ആലോചനയായി. ആദ്യം മാതൃഭൂമിയെ സമീപിക്കാം എന്നാണ് പൊതുവേ ഉണ്ടായ അഭിപ്രായം. 1936-65 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു കെ.എന്‍.ഡി.എന്ന ദുര്‍ഗാദത്തന്‍ഭട്ടതിരിപ്പാട്. അതിനാല്‍ മാതൃഭൂമി തയാറായേക്കും, അത് ശരിയായില്ലെങ്കില്‍ മതിയല്ലോ വേറെ നോക്കാന്‍.
ആവശ്യവുമായി ഞാന്‍ മാതൃഭൂമിയില്‍ അന്വേഷിച്ചു. എം.ടിക്കാണ് പുസ്തകപ്രസാധന ചുമതല. ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ് അദ്ദേഹം.എം.ടി ആഴ്ചപ്പതിപ്പില്‍ എത്തിയതുമുതല്‍ പത്തുകൊല്ലക്കാലം അതില്‍ കവിത എഴുതിയിട്ടുണ്ടല്ലോ കെ.എന്‍.ഡി മാഷ്. പേര് കേട്ടിട്ടുണ്ടാവും എന്ന ആശ്വാസത്തോടെയാണ് ഞാന്‍ ആഴ്ചപ്പതിപ്പ് പത്രാധിപരുടെ കാബിനിലേക്ക് ചെന്നത്. അല്പം സങ്കോചത്തോടെ വിഷയം അവതരിപ്പിച്ചു.
ബാലകൃഷ്ണന്റെ നാട്ടുകാരനാണല്ലോ അല്ലേ എന്നായിരുന്നു ആദ്യപ്രതികരണം. പിന്നെ മാഷ്ടെ കവിതകളുടെ പ്രത്യേകതകള്‍ പറഞ്ഞു. മാതൃഭൂമിയില്‍ വന്ന രചനകള്‍ക്കു പുറമേ ജയകേരളത്തിലും മറ്റുംവന്ന കെഎന്‍ഡിക്കവിതകളെയും പരാമര്‍ശിച്ചു. 1966-നുശേഷം കെ.എന്‍.ഡി കാര്യമായി എഴുതിയിരുന്നത് തൃശ്ശൂരില്‍നിന്നുള്ള കവന കൗതുകം എന്ന അക്ഷരശ്ലോകമാസികയിലും കേസരി വാരികയിലുമായിരുന്നു. കൂടുതലും ശ്ളോകങ്ങള്‍. അവയിലെ വിക്കേജി ച്ഛായയും വള്ളത്തോള്‍ പാരമ്പര്യവും എം.ടി ആസ്വദിക്കുന്നതായിത്തോന്നി. കെ എന്‍ ഡി കവിതകളുടെ സമാഹാരം എന്നേ ഇറങ്ങേണ്ടതായിരുന്നു എന്നും പറഞ്ഞു. രണ്ടു പ്രാവശ്യം സമാഹാരം പുറത്തിറക്കാന്‍ ശ്രമം നടന്നത് ഞാന്‍ പറഞ്ഞപ്പോള്‍ അതെല്ലാം എം.ടി കൃത്യമായി ശ്രദ്ധിച്ചിട്ടുണ്ടെന്നും മനസ്സിലായി.
മാതൃഭൂമിക്ക് അന്നത്തെ ചുറ്റുപാടില്‍ രണ്ടുകൊല്ലമെങ്കിലും കഴിയേണ്ടിവരും ഇനിയൊരു പുസ്തകം പ്രസിദ്ധപ്പെടുത്തുന്നകാര്യം ആലോചിക്കാന്‍ എന്ന് എം.ടി പറഞ്ഞു. നിങ്ങള്‍ ആലോചിക്കൂ എന്ന്പറഞ്ഞാണ് പിരിഞ്ഞത്. 1990 കളില്‍ കെ എന്‍ ഡി കവിതകളെക്കുറിച്ച് ഓഫ്ഹാന്‍ഡായി അത്രയും പറഞ്ഞ കഥാകൃത്തുമായുള്ള സംഭാഷണം ഇനിയും തുടരണമെന്ന എന്റെ ആഗ്രഹം അദ്ദേഹത്തിന്റെ ജോലിത്തിരക്കുമുലം ഫലിച്ചില്ല.അക്കാലത്തെ പല മലയാളം പ്രൊഫസ്സര്‍മാരെയും കവിതയില്‍ കാവ്യാസ്വാദനത്തില്‍ ഈ പത്രാധിപര്‍ അധികരിച്ചിരിക്കുന്നുവല്ലോ എന്നാണ് എന്റെ ചിന്ത പോയത്.
ഇക്കാര്യം ഞാന്‍ പിന്നീടൊരിക്കല്‍ അക്കിത്തത്തോടു പറഞ്ഞു. ‘വാസു അങ്ങനെയാണ്. നല്ല വായനക്കാരനാണ്. ഇന്നത് എന്നില്ല.കഥയും കവിതയും ലേഖനങ്ങളും. കിട്ടിയതെന്തും വായിക്കും. അവ ശരിക്കും ഉള്‍ക്കൊള്ളുകയും ചെയ്യും.അങ്ങനത്തെ ഒരാള്‍ക്കേ നല്ല സാഹിത്യകാരനാവാനൊക്കൂ…’അക്കിത്തം പറഞ്ഞത് ഇപ്പോഴും എന്റെ ഉള്ളിലുണ്ട്.
(ജന്മഭൂമി മുന്‍ മാനേജിങ് എഡിറ്ററും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: